ക്ലോറോഫില്ലിന്റെ പ്രവർത്തനത്തെ ബാധിച്ച് ചെടികളെ നശിപ്പിക്കുന്ന രാസവസ്തു അടങ്ങിയ വിഷവസ്തുവാണ് കളനാശിനി. ഇത് ഉള്ളിൽ ചെന്നാൽ മനുഷ്യരിലും മൃഗങ്ങളിലും വിഷബാധയുണ്ടാക്കും. കളനാശിനി തളിച്ച പുല്ല് തിന്നാനിടയായാൽ പോലും വിഷബാധയ്ക്കു സാധ്യതയുണ്ട്.
കളനാശിനി നേരിട്ടു കഴിക്കാനിടയായാൽ മാരകമാകാം. പശുവിന്റെ ശരീരത്തിലെത്തുന്ന കളനാശിനിയിലെ വിഷവസ്തു അവയവങ്ങളെ ബാധിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. കരൾ, വൃക്ക, ശ്വാസകോശം എന്നീ പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിച്ച് മരണത്തിലേക്കു നയിക്കാം.
കളനാശിനിയിലെ വിഷവസ്തു ഏതാണ് എന്നതിനെ ആശ്രയിച്ചിരിക്കും വിഷബാധയുടെ ലക്ഷണങ്ങൾ. വായിലൂടെ പത വരിക, ശ്വാസതടസ്സം, വയറു പെരുക്കൽ, അസ്വാസ്ഥ്യം, വിറയൽ എന്നിങ്ങനെ പല ലക്ഷണങ്ങൾ കാണിക്കാം.
ആഹാരത്തോട് വിരക്തി, പാൽ കുറവ് എന്നിവയുമുണ്ടാകാം.
പ്രഥമ ശുശ്രൂഷ;
കളനാശിനിയിലെ വിഷാംശം നിർവീര്യമാക്കാനായി ആക്റ്റിവേറ്റഡ് ചാർക്കോൾ (Activated charcol) കന്നുകാലിയുടെ ഒരു കിലോ ശരീരത്തൂക്കത്തിന് ഒരു ഗ്രാം എന്ന തോതിൽ ഉടനടി നൽകണം. സങ്കരയിനം പശുവിന് ഏതാണ്ട് കാൽ കിലോ (250 ഗ്രാം) വേണ്ടിവരും.
വിപണിയിൽ ഇത് ഗുളികരൂപത്തിൽ ലഭ്യമാണ്. വിപണിയിൽ ലഭിക്കാതെ വന്നാൽ അത്രയും തൂക്കം ചിരട്ടക്കരി നൽകുക. ഒപ്പം 10-15 കോഴിമുട്ടയുടെ വെള്ള കൂടി നൽകുന്നതു നന്ന്. ഇത് വിഷവസ്തുവിനെ നിർജീവമാക്കി അതു ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടാതെ കാക്കുന്നു.
പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നേർപ്പിച്ച ലായനി നൽകുന്നതും കൊള്ളാം. ഹൈപ്പോ 50 ഗ്രാം രണ്ടു നേരം നൽകാം. തുടർന്ന് വിഷവസ്തു ശരീരത്തിൽനിന്നു പുറത്തു കളയാനായി വയറിളക്കുന്നതിനു മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം ശർക്കരയിൽ ചേർത്തു നൽകണം
പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. ചികിത്സ വൈകിയാൽ അപകടം തീർച്ച. ലക്ഷണങ്ങൾ അനുസരിച്ചാണ് ചികിത്സ, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം വീണ്ടെടുക്കാനായി ബി ജീവകങ്ങൾ, ദഹനം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ, ഗ്ലൂക്കോസ്, ഇലക്ട്രോലൈറ്റ് കുത്തിവയ്പ് എന്നിവ നൽകി പശുവിന്റെ ആരോഗ്യം വീണ്ടെടുക്കാം.
Share your comments