മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളെയും അത്യുഷ്ണവും വരള്‍ച്ചയും സാരമായി ബാധിക്കുന്നു. സാധാരണ ഗതിയില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് കന്നുകാലികള്‍ വിയര്‍പ്പിലൂടെയും ശക്തമായി അണച്ചുകൊണ്ടും ശരീരത്തില്‍ അധികരിക്കുന്ന ചൂടിനെ പുറന്തള്ളുന്നു.
എന്നാല്‍ അത്യുഷ്ണത്തോടൊപ്പം, അന്തരീക്ഷത്തിലെ ആര്‍ദ്രതയും വര്‍ദ്ധിക്കുമ്‌ബോള്‍ ശരീരോഷ്മാവ് സംതുലിതമാക്കുവാന്‍ അവയ്ക്ക് കഴിയാതെ വരികയും താപസമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യുന്നു . കൊടുംചൂടില്‍ ഉല്‍പാദനം ഗണ്യമായി കുറയുക മാത്രമല്ല, ആരോഗ്യവും പ്രത്യുല്പാദനക്ഷമതയും കുറയുന്നു. ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തില്‍ ആവുകയും ചെയ്യുന്നു.
കടുത്ത വേനലിനെ നേരിടുവാന്‍ ക്ഷീരകര്‍ഷകര്‍ വേണ്ട മുന്‍കരുതലുകളെടുത്ത് ജാഗ്രത പാലിക്കണം. കന്നുകാലികളില്‍ താപ സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യ പടി. പശുക്കള്‍ തലതാഴ്ത്തി ഉന്മേഷരഹിതമായ നില്‍ക്കുക, അതിശക്തിയായി അണയ്ക്കുകയും ഉമിനീര്‍ ഒലിപ്പിക്കുകയും ചെയ്യുക, തളര്‍ച്ച, കൂടുതല്‍ വെള്ളം കുടിക്കുക, തീറ്റ എടുക്കാതിരിക്കുക, പാലുല്‍പാദനവും പാലിന്റെ ഗുണമേന്മയും കുറയുക, തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടനെതന്നെ അവയെ തണലുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത് തുടര്‍ന്ന് വൈദ്യസഹായം തേടുക.
മുന്‍കരുതലുകള്‍ രാവിലെ പത്തു മണിക്കു ശേഷം കന്നുകാലികളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. അഥവാ കെട്ടുകയാണെങ്കില്‍ പുരയിടത്തിലെ നല്ല തണലും തണുപ്പമുള്ള സ്ഥലങ്ങളില്‍ കെട്ടുക. തണുത്ത വെള്ളം ധാരാളം കുടിക്കാനുള്ള സൗകര്യമുണ്ടാകണം. കാലിത്തൊഴുത്തിന് സമീപം തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും പടര്‍ന്നുകയറുന്ന പച്ചക്കറികളായ പാവല്‍, പടവലം തുടങ്ങിയവ മേല്‍ക്കൂരയിലേക്ക് പടര്‍ത്തുകയും ചെയ്യുക. ഓല, വൈക്കോല്‍, പനയോല തുടങ്ങിയവ ഉപയോഗിച്ച് തൊഴുത്തിന്റെ മേല്‍ക്കൂര പാകുക. ഷീറ്റ് മേഞ്ഞ മേല്‍ക്കൂര ആണെങ്കില്‍ വെള്ള പെയിന്റടിക്കാം. തൊഴുത്തിന്റെ വശങ്ങളില്‍ നനച്ച ചണ ചാക്ക് തൂക്കിയിടുന്നതോടൊപ്പം ഫാനും പ്രവര്‍ത്തിപ്പിക്കാമെങ്കില്‍ ഒരു എയര്‍ കണ്ടീഷനിംഗ് പ്രഭാവം തൊഴുത്തിലുണ്ടാകും.
Misting (മഞ്ഞു പൊഴിക്കല്‍) സൗകര്യമേര്‍പ്പെടുത്താം. മണിക്കൂറില്‍ മൂന്നു പ്രാവശ്യം മഞ്ഞു പൊഴിക്കുന്നത് ഫലപ്രദമാണ്. സ്പ്രേ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പശുക്കളുടെ മേല്‍ നേരിട്ടു വെള്ളം തളിക്കുകയാണ് ഉഷ്ണമകറ്റാനുള്ള മറ്റൊരു പോംവഴി. ഇതോടൊപ്പം ഫാന്‍ ഇട്ടു കൊടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. തൊഴുത്തിലെ താപനില ലഘൂകരിക്കാന്‍ ഫാന്‍, വെള്ളം സ്പ്രേ ചെയ്യുക, മേല്‍ക്കൂര നന എന്നിവ ഒരുമിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വയം നിയന്ത്രിത ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത് വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം കുറയ്ക്കും.
ഉച്ച സമയത്തെ സാന്ദ്രാഹാരം ഒഴിവാക്കി, രാവിലെയും വൈകിട്ടുമായി നല്‍കാം. ദിവസം മുഴുവന്‍ ഗുണമേന്‍മയുള്ള പുല്ല് നല്‍കാവുന്നതാണ്. സാധിക്കുമെങ്കില്‍ Total Mixed Ration (TMR) നല്‍കുക, ഇത് തീറ്റ കൂടുതല്‍ കഴിക്കുന്നതിനും പാലുല്‍പ്പാദനം കൂട്ടുന്നതിനും സഹായിക്കും. കൂടാതെ പാലുല്‍പ്പാദനത്തിന് അത്യാവശ്യമായ പൊട്ടാസ്യം എന്ന മൂലകം തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്ന അളവ് പുനസ്ഥാപിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് പശുക്കള്‍ വൈക്കോല്‍, പുല്ല് തുടങ്ങിയ ശുഷ്‌ക്കാഹാരം കഴിക്കുന്നത് കുറയുമെന്നതിനാല്‍ ബൈപ്പാസ് പ്രോട്ടീന്‍ കൊടുക്കുന്നത് പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.
കൂടാതെ സാന്ദ്രാഹാരം കുറച്ച് കൊഴുപ്പിന്റെ അളവ് കൂട്ടി നല്‍കുന്നത്, ആഹാരത്തിലടങ്ങിയ ഊര്‍ജ്ജലഭ്യത വര്‍ദ്ധിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന താപം കുറയ്ക്കുകയും ചെയ്യുന്നു. പുല്‍ത്തൊട്ടിയില്‍ ഓരോ പശുവിനും 30 ഇഞ്ച് സ്ഥലം കിട്ടത്തക്കവിധത്തില്‍ തൊഴുത്തിലെ പശുക്കളുടെ എണ്ണം ക്രമീകരിച്ചാല്‍ നാരുകള്‍ കൂടുതലടങ്ങിയ ശുഷ്‌ക്കാഹാരം കഴിക്കുന്നത് പ്രോല്‍സാഹിപ്പിക്കാം.
ചൂടിനെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള ഇനം പശുക്കളെ പ്രത്യുല്‍പ്പാദനത്തിന് തിരഞ്ഞെടുക്കുകയും, പശുക്കളിലെ കൃത്രിമ ബീജസങ്കലനം രാവിലെയും വൈകിട്ടുമായി ക്രമപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്. കൃത്രിമ ബീജാധാനത്തിനു മുമ്പും അതിനു ശേഷവും ശരീരം നന്നായി നനച്ച് തണുപ്പിക്കുന്നത് ഫലപ്രദമാണ്. കന്നുകാലികളെ കുരലടപ്പന്‍, കുളമ്പുരോഗം എന്നിവയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പിന് സമയാസമയങ്ങളില്‍ വിധേയമാക്കുകയും, വേനല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ വിരമരുന്ന് നല്‍കുകയും,
ബാഹ്യ പരാദങ്ങളായ പേന്‍, ചെള്ള്, പട്ടുണ്ണി തുടങ്ങിയവയ്‌ക്കെതിരെ മരുന്നു പ്രയോഗിക്കുകയും ചെയ്താല്‍ പല വേനല്‍ക്കാല അസുഖങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാം.
Share your comments