രാജസ്ഥാനിലെ ആൽവാർ എന്ന ജില്ലയിലാണ് ജക്രാന എന്ന ആടിനത്തിന്റെ ഉത്ഭവം. ആൽവാർ ജില്ലയിലെ ബെറോർ താലൂക്കിലെ ജക്രാന എന്ന ഗ്രാമത്തിൽ നിന്നാണ് ഇവയ്ക്ക് ആ പേര് ലഭിച്ചത്. 'കാലി കോത്ത്റി' എന്ന ഒരു അപരനാമത്തിലും ഇവ അറിയപ്പെടുന്നു. കറുത്ത നിറമാണ് ശരീരത്തിന്.
ചെവികൾക്ക് വെളുത്ത നിറമാണ്. മൂക്കിന്റെ അറ്റത്ത് മൂടി പോലെ വെളുത്ത നിറം കാണാം. ഇറച്ചിക്കും പാലിനും വേണ്ടിയാണ് ഇവയെ പ്രധാനമായും വളർത്തുന്നത്. ബീറ്റൽ ആടുകളോട് ഏറെ സാദൃശ്യമുള്ള ഇവയ്ക്ക് പക്ഷേ ബീറ്റലിനേക്കാൾ നീളക്കൂടുതൽ കാണപ്പെടുന്നു. ആണിനും പെണ്ണിനും കൊമ്പുകൾ കാണപ്പെടുന്നു. ഇടത്തരം വലിപ്പത്തിൽ മുകളിലേക്കും പുറകിലേക്കുമായി വളഞ്ഞ കൊമ്പുകളാണ് ഇവയുടേത്. ഒതുങ്ങിയ നെറ്റിത്തടത്തിന് അല്പം പുറത്തേക്കുള്ള തള്ളിച്ചയും കാണാം.
വലുപ്പമുള്ള അകിടുകളാണ് ഈ ഇനത്തിന്റെ മറ്റൊരു പ്രത്യേകത. ഇലകൾ പോലെ തൂങ്ങിക്കിടക്കുന്ന ചെവികളാണ് ഇവയുടേത്. 15 ദിവസമാണ് ശരാശരി കറവക്കാലമെന്നാണ് ദേശീയ ആടുഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന പാലുല്പാദനശേഷി ഇവയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. 3 മുതൽ 5 ലിറ്റർ വരെ പാലുല്പാദനം രേഖപ്പെടുത്തിയ ചില പഠനങ്ങൾ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. ഒരു പ്രസവത്തിൽ ഒരു കുട്ടി എന്നതാണ് പ്രധാനമായും സംഭവിക്കുന്നത്. എന്നാലും 40 ശതമാനം പ്രസവങ്ങളിൽ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നു.
Share your comments