മധ്യപ്രദേശിലെ ജാബാ ജില്ലയിലെ ആദിവാസി മേഖലയാണു കടക്കനാഥ് കോഴികളുടെ ജന്മദേശം. ഏതു കാലാവസ്ഥയെയും അതിജീവിക്കുന്ന ഇവയുടെ പരിചരണവും എളുപ്പമാണ്. കറുത്ത തങ്കം എന്നറിയപ്പെടുന്ന ഇവ മൂന്നു തരമുണ്ട്. കടുത്ത കറുത്ത നിറത്തിലുള്ളവ ജെറ്റ് ബ്ലാക്ക്, കറുപ്പ് നിറത്തിൽ സ്വർണ നിറം കലർന്നവ ഗോൾഡൻ ബ്ലാക്ക്, കറുത്ത നിറത്തിൽ സിൽവർ നിറം കലർന്നവ പെൻസിൽഡ് ബ്ലാക്ക്.
മറ്റു കോഴികളുടെ മുട്ടകൾക്ക് 50 ഗ്രാം വരെ തൂക്കമുള്ളപ്പോൾ ഇവയുടെ മുട്ടയ്ക്ക് 40-45 ഗ്രാം തൂക്കമേ ഉണ്ടാവുകയുള്ളൂ. ഇടുന്ന മുട്ടകളിൽ 60 ശതമാനം മാത്രം ബീജ സങ്കലനം നടന്നതും അതിൽ 55 ശതമാനം മുട്ടകൾ മാത്രം വിരിയാൻ സാധ്യതയുള്ളതുമായിരിക്കും. പ്രായപൂർത്തിയെത്തുമ്പോൾ പൂവന് 1.5 മുതൽ 2 കിലോയും പിടയ്ക്ക് 1 മുതൽ 1 1/ 2 കിലോയും തൂക്കമുണ്ടാകും.
ജാബാ ജില്ലയിൽ ആദിവാസികൾ ദീപാവലി ആഘോഷ വേളയിൽ കരിങ്കോഴികളെ ബലിയർപ്പിക്കാറുണ്ട്. പുരുഷന്മാരിൽ ഉത്തേജക വർധനവിനും, സന്ധി വേദനയ്ക്കും, ഹൃദയ- നാഡി സംബന്ധമായ രോഗങ്ങൾക്കും ഫലപ്രദമാണെന്നുള്ള വിശ്വാസം ആദിവാസികൾക്കിടയിലുണ്ട്.
ഇതു ശരി വയ്ക്കുന്നതാണ് ചെന്നൈ വെറ്ററിനറി സർവകലാശാല നടത്തിയ പഠനങ്ങൾ. ഇവയുടെ ഇറച്ചിയിൽ കുറഞ്ഞ തോതിൽ കൊളസ്ട്രോളും, ആവശ്യമുള്ള അളവിൽ അമിനോ ആസിഡുകൾ, വിറ്റമിനുകൾ, ഹോർമോണുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇവയുടെ ഇറച്ചിയിൽ 18 തരം അമിനോ ആസിഡുകളും ബി1, ബി2, ബി6, ബി12, ഇനിയാസിൻ എന്നീ വൈറ്റമിനുകളും, ഇരുമ്പും മറ്റുള്ള ഇറച്ചിയെ അപേക്ഷിച്ചു കൂടുതൽ അടങ്ങിയിട്ടുണ്ട്. ചൈനയിൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും സിൽക്കി ബാൻ്റം കോഴികളുടെ ഇറച്ചി ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താറുണ്ട്. ഇന്തോനേഷ്യയിൽ അയംസിമാനി കോഴികളുടെ ഇറച്ചിയിൽ നിന്നുമുണ്ടാക്കുന്ന സൂപ്പ് വളരെ പ്രസിദ്ധമാണ്.
Share your comments