കണ്ടാൽ കല്ലടയുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കുന്ന ഒരു ചെറുമത്സ്യമാണ് കരിങ്കണ. ശരീരം പരന്നതാണ്. മുതുകു ചിറകും. ഗുദച്ചിറകും ഒരു പോലെ വലുതാണ്. കാൽച്ചിറകിന്റെ ആദ്യ രശ്മികൾ (മുല്ല) നീണ്ട് ഒരു നാരു പോലെ കാണാം.
വാൽച്ചിറികന്റെ നടുവിലെ രശ്മികൾക്ക് നീളക്കൂടുതലുള്ളതു കാരണം, ആലിലയുടെ അഗ്രത്തിന്റെ ആകൃതിയാണ് വാൽച്ചിറകിനുള്ളത്. റ്റീനോയ്ഡ് വിഭാഗത്തിൽപ്പെട്ട ചെതുമ്പലുകളാണ് കരിങ്കണയുടേത്. പാർശ്വരേഖ അപൂർണ്ണമാണ് നേർരേഖയിൽ 29-32 ചെതുമ്പലുകളാണുള്ളത്.
ശരീരത്തിന്റെ മുതുകുവശം കറുത്തതാണ്. പാർശ്വങ്ങളാവട്ടെ പച്ചനിറവും. ചിലപ്പോൾ തവിട്ടു നിറവും. കണ്ണിന്റെ മുൻവശത്തു നിന്നും പുറകോട്ട് ചെകിളയിലവസാനിക്കുന്ന വീതിയുള്ള കറുത്ത ഒരു വര കാണാം. തലയിൽ തവിട്ടു നിറത്തിലുള്ള കുത്തുകൾ ദൃശ്യമാണ്.
വാലറ്റത്ത് നടുവിലായി ഒരു കറുത്ത പൊട്ടുണ്ട്. കാൽച്ചിറകിലും ഗുദച്ചിറകിന്മേലും ഒരു നിര കറുത്ത കുത്തുകൾ കാണാം. കാൽച്ചിറകിന് നീളമുള്ള രശ്മികൾക്ക് തീക്കനൽ നിറമാണ്. ചിറകുകളുടെ അരികിന് ജൈവ പ്രകാശം ഉദ്ദീപിപ്പിക്കുവാനുള്ള കഴിവുണ്ട്. ആൺ മത്സ്യങ്ങൾക്ക് നല്ല കറുത്ത നിറമായിരിക്കും.
വളരെ ചെറിയ മത്സ്യമായതുകൊണ്ട് ആഹാരത്തിനായി ഉപയോഗിക്കാറില്ല. എന്നാൽ ജൈവപ്രകാരം ഉദ്ദീപിപ്പിക്കുവാനുള്ള കഴിവുള്ളതു കൊണ്ടു കൂടിയാകണം അലങ്കാരമത്സ്യമായി ഉപയോഗിച്ചു വരുന്നു.
കേരളത്തിലെ തോടുകൾ, നെൽപ്പാടങ്ങൾ, കോൾ നിലങ്ങൾ, ഒഴുക്കു കുറഞ്ഞ നദികൾ എന്നിവിടങ്ങളിൽ ധാരാളമായി കാണുന്നു.
Share your comments