കൊല്ലം. ആട് വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്ക് ആട് തീറ്റ വിപണിയിലിറക്കി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ്.
കൊല്ലത്തു നടന്ന ചടങ്ങിൽ കേരള ഫീഡ്സ് റെഗുലർ എന്ന ആട് തീറ്റ കമ്പനി ചെയർമാൻ കെ എസ് ഇന്ദുശേഖരൻ നായർ പുറത്തിറക്കി.
വ്യത്യസ്തകാർഷികോദ്പാദന മേഖലകളായ പച്ചക്കറി കൃഷി, കന്നുകാലി വളർത്തൽ, മൽസ്യം, ആട് -കോഴി വളർത്തൽ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള സംരഭം കർഷകർ ക്കിടയിൽ വളർത്തിയെടുക്കുക എന്ന സർക്കാർ ലക്ഷ്യത്തിനുള്ള പിന്തുണയാണ് കേരള ഫീഡ്സ് പുറത്തിറക്കിയ ആട് തീറ്റ.
കമ്പനിയുടെ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകളിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ചാക്കൊന്നിന് 480 രൂപയാണ്. കേരളത്തിൽ സംയോജിത കൃഷി വ്യാപകമാകുന്നതിനാൽ ആട് വളർത്തലിന് സാധ്യതയേറി വരികയാണെന്ന് കേരളം ഫീഡ്സ് എം ഡി ഡോ .ബി ശ്രീകുമാർ പറഞ്ഞു.
വിപണിയിൽ കുറഞ്ഞ വിലയുള്ള ആട് തീറ്റയുടെ കുറവ് നികത്താനാണ് പുതിയ ഉത്പന്നം കേരള ഫീഡ്സ് ആരംഭിച്ചത്. ഇറച്ചിക്ക് വേണ്ടിയുള്ള ആടുകൾക്കായുള്ള കേരള ഫീഡ്സ് മലബാറി പ്രീമിയം തീറ്റ നിലവിലുണ്ട്. അതിന് പുറമെയാണ് പുതിയ ഉല്പന്നമെന്ന് അദ്ദേഹം പറഞ്ഞു.
ആടുകളുടെ വളർച്ച, പാലുത്പാദനം, പ്രജനനം എന്നിവയ്ക്ക് ആവശ്യമായ പോഷകങ്ങൾ സന്തുലിതമായ രീതിയിൽ അടങ്ങിയതാണ് പുതിയ ആട് തീറ്റയെന്നും എം ഡി പറഞ്ഞു.
കേരള ഫീഡ്‌സിന്റെ ഉത്പന്നങ്ങളുടെ ഗുണമേന്മ നേരിട്ടറിഞ്ഞ ക്ഷീരകർഷകൻ ജയറാം കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസഡറാണ്. സംയോജിത കൃഷിയിൽ താല്പര്യമുള്ള വർക്കായി കേരള ഫീഡ്സ് നടത്തിയ എന്റർപ്രെനേറിയൽ വിഗർ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കാലിത്തീറ്റ കുറഞ്ഞ നിരക്കിൽ നൽകാൻ കേരള ഫീഡ്സ് തീരുമാനിച്ചിട്ടുണ്ട്.
Share your comments