മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശമാണ് കൊങ്കൺ കന്യാൽ എന്ന ഇനത്തിന്റെ ജന്മദേശം. 2012 ൽ മാത്രമാണ് ഈ ഇനത്തെ ദേശീയ ജന്തു ജനിതകശേഖര ബ്യൂറോ ഒരു ഇനമായി അംഗീകരിച്ച് അവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പരമ്പരാഗതമായി കൊങ്കൺ പ്രദേശത്തെ ദാംഗർ, മറാത്ത സമുദായങ്ങൾ ഇറച്ചിക്കു വേണ്ടി വളർത്തിവന്നിരുന്ന ഇനമാണ് കൊങ്കൺ കന്യാൽ.
കൊങ്കൺ തീരപ്രദേശത്തെ മലനിരകൾ നിറഞ്ഞ സിന്ധു ദുർഗ് ജില്ലയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അവിടുത്തെ ഉയർന്ന ചൂടും, അന്തരീക്ഷ ആർദ്രതയും, ധാരാളം മഴയുമൊക്കെയുള്ള കാലാവസ്ഥയോട് ഏറെ ഇണങ്ങിക്കഴിയുന്ന ഇനമാണ് കൊങ്കൺ കന്യാൽ. കറുത്തശരീരമാണ് കൊങ്കൺ കന്യാൽ ജനുസ്സിന്റേത്.
ശരീരത്തിൽ പ്രത്യേക രീതിയിൽ വെളുത്തനിറമുള്ള അടയാളങ്ങൾ കാണുന്നു. ശരീരത്തിന്റെ അടിഭാഗം വെള്ളനിറത്തിൽ ആണ് കാണപ്പെടുന്നത്. കാലുകളിൽ കാലുകൾ പോലെ വെളുത്ത നിറം കാണപ്പെടുന്നു. മൂക്കിന്റെ വശത്തുനിന്നും കണ്ണിന്റെ മുകളിലൂടെ മുഖത്തിന്റെ രണ്ടു വശത്തുമായി വെളുത്ത രേഖ കാണുന്നു. മുത്തിക്കും വെളുപ്പുനിറമാണ്.
പരന്നതും വിശാലവുമായ നെറ്റിത്തടമുണ്ട് ഇവയ്ക്ക്. നീളമുള്ള കാലുകളുടെ പുറത്തെ വശം കറുപ്പും അകത്തെ വശം വെളുപ്പുമായാണ് കാണപ്പെടുന്നത്. വാലിന് മുകൾവശം കറുപ്പും അടിവശം വെപ്പുമാണ്. ഇടത്തരം വലുപ്പമുള്ള, തൂങ്ങിക്കിടക്കുന്ന ചെവികളാണ് ഇവയുടേത്. ആണിനും പെണ്ണിനും കൊമ്പുകൾ കാണപ്പെടുന്നു. ഉരുണ്ടതും ഇടത്തരം നീളമുള്ളതുമാണ് കൊമ്പുകൾ, പുറകിലേക്ക് നീണ്ടു നിൽക്കുന്നതും കൂർത്തതുമാണ്.
നീളമേറിയതും കരുത്തുറ്റതുമായ കാലുകളും ഉറച്ച കുളമ്പുകളും മലനിരകളിലൂടെ വേഗത്തിൽ സഞ്ചരിച്ച് ഭക്ഷണം തേടാൻ ഇവയെ സഹായിക്കുന്നു. ശരീരത്തിലെ രോമങ്ങൾ സ്നിഗ്ധവും പട്ടു പോലുള്ളവയുമായതിനാൽ വെള്ളം നനഞ്ഞാലും എളുപ്പത്തിൽ ശരീരം ഉണങ്ങുന്നു. നല്ല പ്രത്യുല്പാദനശേഷിയുള്ള കൊങ്കൺ കന്യാൽ ഇനത്തിന് 66 ശതമാനം പ്രസവങ്ങളിലും ഇരട്ടക്കുട്ടികൾ കണ്ടു വരുന്നു.
Share your comments