ഒരു ലൈവ് സ്റ്റോക്ക് ഫാം, അതിന്റേതായ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പ്രവർത്തിക്കാതിരിക്കുകയോ ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ള നിബന്ധനകൾ പാലിച്ചുപോരാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ ഫാമിന്റെ ലൈസൻസ് റദ്ദാക്കാവുന്നതാണ്. അപ്രകാരം സംഭവിച്ചാൽ ഫാമിന്റെ ഉടമസ്ഥൻ ഉടനടി ഫാം അടച്ചുപൂട്ടേണ്ടി വരുന്നതാണ്.
ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഹാം പ്രവർത്തിക്കുന്ന പക്ഷം സ്ഥാപനത്തിൻമേൽ ആയിരം രൂപയിൽ കവിയാത്ത തുക പിഴ ചുമത്തി ശിക്ഷിക്കപ്പെടുന്നതും, കുറ്റം തുടർന്നുപോരുന്ന സാഹചര്യത്തിൽ ദിവസം തോറും 50 രൂപയിൽ കവിയാത്ത തുക അധിക പിഴ ചുമത്തുന്നതുമായിരിക്കും.
കേരള പഞ്ചായത്ത് ഭവന നിർമ്മാണ നിയമം, 2011, നിയമം 50
ഈ നിയമപ്രകാരം എല്ലാ കന്നുകാലി, പക്ഷി വളർത്തൽ കേന്ദ്രങ്ങളുടേയും കാര്യത്തിൽ പ്ലോട്ട് വിസ്തീർണ്ണം കണക്കിലെടുക്കാതെ, 500 ചതുരശ്ര മീറ്റർ വരെ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് അനുമതി ആവശ്യമില്ലാത്ത താകുന്നു. എന്നാൽ ആകെ തറ വിസ്തീർണ്ണം 500 ചതുരശ്രമീറ്ററിന് മുകളിലും 1000 ചതുരശ്രമീറ്റർ വരെയുമാണെങ്കിൽ ജില്ലാ ടൗൺ പ്ലാനറുടെ അനുമതിയും, കൂടാതെ അത് 1000 ചതുരശ്രമീറ്ററിന് മുകളിലും ആണെങ്കിൽ മുഖ്യ ടൗൺ പ്ലാനറുടെ അനുമതിയും വാങ്ങേണ്ടതാണ്.
ആടുകളുടെ ഇൻഷുറൻസ്
പശുക്കളെപ്പോലെതന്നെ ആടുകളെയും ഇൻഷ്യുർ ചെയ്യാവുന്നതാണ്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ന്യൂ ഇൻഡ്യ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ് തുടങ്ങിയ ദേശസാത്കൃത കമ്പനികളിൽ ഇൻഷ്യൂർ ചെയ്യാവുന്നതാണ്.
6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള ആടുകളെ ഇൻഷ്യൂർ ചെയ്യാം. നാടൻ ഇനത്തിന് 4 ശതമാനവും സങ്കരയിനത്തിന് അഞ്ച് ശതമാനവും വിദേശയിനത്തിന് ഏഴ് ശതമാനവും ആണ് പ്രീമിയം നിരക്ക്
ആടുകളെ വാങ്ങുന്ന സമയത്ത് തന്നെ ഇൻഷ്യൂർ ചെയ്യാം. ഒരു വെറ്ററിനറി ഡോക്ടർ തരുന്ന ഹെൽത്ത് സർട്ടിഫിക്കറ്റും വില നിർണ്ണയ സർട്ടിഫിക്കറ്റും ഇതിനായി വേണ്ടിവരും. ആടിനെ തിരിച്ചറിയുന്നതിനായി അതിന്റെ ചെവിയിൽ കമ്മൽ പതിക്കണം. പ്രീമിയം അടച്ച തീയതി മുതൽ മാത്രമേ ഇൻഷുറൻസ് പ്രാബല്യത്തിൽ വരികയുള്ളൂ.
ഇൻഷ്യൂർ കാലയളവിൽ ചെവിയിലടിച്ച ടാഗ് നഷ്ടപ്പെടുകയാണെങ്കിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ വേറൊരു ടാഗ് അടിച്ചശേഷം ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പടെ കമ്പനിയിൽ വിവരം അറിയിക്കണം.
ഇൻഷുർ കാലയളവിൽ ആട് ചത്തുപോകുകയാണെങ്കിൽ വെറ്ററിനറി ഡോക്ടർ നൽകുന്ന മരണ സർട്ടിഫിക്കറ്റും ചത്തയാടിന്റെ പോസ്റ്റ്മോർട്ടത്തിന്റെ ഫോട്ടോയും ചെവിയിലെ കമ്മലും സഹിതം ഉടമ കമ്പനിയിൽ ഹാജരാക്കണം. ഇൻഷുറൻസ് കമ്പനി നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ച് ഒപ്പം ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി സമർപ്പിച്ചാൽ മാത്രമേ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. കമ്മൽ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് കമ്പനി പണം നൽകുകയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Share your comments