<
  1. Livestock & Aqua

കോഴി കർഷകന് വീട്ടിൽ തന്നെ ഇൻകുബേറ്റർ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം ?

ഇരുപത്തൊന്ന് ദിവസം അടയിരുന്ന് മുട്ടകൾ വിരിയിച്ചെടുക്കുന്ന കോഴികളുടെ കാലമൊക്കെ ഇന്ന് മാറിവരികയാണ്. ഇപ്പോൾ പ്രചാരത്തിൽ ഉള്ള മിക്ക സങ്കരയിനം കോഴികളും അടയിരിക്കുന്നവയല്ല.

Arun T

ഇരുപത്തൊന്ന് ദിവസം അടയിരുന്ന് മുട്ടകൾ വിരിയിച്ചെടുക്കുന്ന കോഴികളുടെ കാലമൊക്കെ ഇന്ന് മാറിവരികയാണ്. ഇപ്പോൾ പ്രചാരത്തിൽ ഉള്ള മിക്ക സങ്കരയിനം കോഴികളും അടയിരിക്കുന്നവയല്ല. നാടൻ കോഴികൾ അന്യം നിന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്തു മുട്ട വിരിയിക്കുന്നത് തന്നെ പ്രയാസമുള്ളതായി മാറിയിരിക്കുകയാണ്. എന്നാൽ ഒരു ബൾബ് തെർമോകോൾ പെട്ടി തെർമോസ്റ്റാറ്റ് എന്നിവ ഉണ്ടെങ്കിൽ ആർക്കും അനായാസം മുട്ടകൾ വിരിയിച്ചെടുക്കാനുള്ള ഇൻകുബേറ്റർ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഒരുപാട് സമയമോ പരിപാലനമോ അധികം പണമോ ആവശ്യമില്ലാതത്തിനാൽ ആർക്കും എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്. വീട്ടാവശ്യത്തിനുള്ള കോഴികളെ വിരിയിച്ചെടുക്കുന്നതിനു പുറമെ ഒരു ചെറുകിട സംരംഭമായി കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു വിപണനം ചെയ്യാനും ഇന്കുബേറ്റർ മുഖേന സാധിക്കും.

ഇൻകുബേറ്റർ എങ്ങനെ ഉണ്ടാക്കാം എന്ന് ഇനി നോക്കാം.ഇൻകുബേറ്റർ ഉണ്ടാക്കാനായി ആദ്യം വേണ്ടത് കുറച്ച് തെർമോകോൾ ആണ് പിന്നെ ഒരു കാർബോർഡ് ബോക്സും.ബോക്സിന് അളവിൽ തെർമോകോൾ വെട്ടി എടുക്കണം. ബോക്സിലുള്ള ചൂട് പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണ് തെർമോകോൾ ഉപയോഗിക്കുന്നത്. ബോക്സിലെ എല്ലാ വശവും തെർമോകോൾ വയ്ക്കുന്ന വിധത്തിൽ വെട്ടി എടുക്കണം. കറക്റ്റ് അളവിൽ വെട്ടി എടുക്കുകയാണെങ്കിൽ പശ ഉപയോഗിച്ച് തെർമോകോൾ ഒട്ടിക്കേണ്ട നല്ല ടൈറ്റ് ആയി ഇരുന്നോളും.

പെട്ടിയുടെ മുകൾ ഭാഗത്തായി വരുന്ന അടപ്പ് വശത്തും തെർമോകോൾ വയ്ക്കണം അത് താഴേക്ക് പോകാതിരിക്കാൻ ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ചു അതിനുശേഷം തെർമോകോൾ വയ്ക്കുന്നതാണ് നല്ലത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ ബോക്സിന്‍റെ വർക്ക് അവസാനിക്കും ഇനി കുറച്ച് ഇലക്ട്രിക്കൽ വർക്കുകൾ ആണ് ഉള്ളത്.

ബോക്സിലെ ഇലക്ട്രിക്കൽ വർക്കിനായി 12 വോൾട്ടിന്‍റെ ഒരു അഡാപ്റ്റർ ആണ് എടുക്കേണ്ടത്. ഒരു ചെറിയ ഫാനും വേണം. ഇനി അഡാപ്റ്റർ റെഡ് വയറും ഫാനിന്‍റെ റെഡ് വയറും തമ്മിൽ കൂട്ടി യോജിപ്പിക്കണം അതുപോലെതന്നെ രണ്ടിന്റെയും ബ്ലാക്ക് വയറുകൾ തമ്മിലും കൂട്ടി യോജിപ്പിക്കണം. ഇനി ഒരു പ്ലഗ്ഗിൽ അഡാപ്റ്റർ കുത്തി ഫാൻ വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കണം.അടുത്തതായി w1 209 മോഡൽ നമ്പർ ഉള്ള ഒരു തെർമോസ്റ്റാറ്റ് എടുക്കണം ഇതിന്‍റെ പ്ലസ് 12 വോൾട്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് റെഡ് വയർ കയറ്റി സ്ക്രൂ ടൈറ്റ് ചെയ്തു കൊടുക്കണം.

ഗ്രൗണ്ട് എന്ന സ്ഥലത്ത് അഡാപ്റ്റർന്‍റെ ബ്ലാക്ക് വയറും കയറ്റി സ്ക്രൂ ടൈറ്റ് ചെയ്തു കൊടുക്കണം. ശേഷം സൈഡിലുള്ള വൈറ്റ് കളർ ഉള്ള ഭാഗത്ത് സെൻസറും സെറ്റ് ചെയ്തു കൊടുക്കണം. ശേഷം അഡാപ്റ്റർ ഒരു പ്ലഗ്ഗിൽ കുത്തി പവർ സപ്ലൈ കൊടുക്കുമ്പോൾ അതിന്റെ ഡിസ്പ്ലേ ഭാഗത്ത് നമ്പർ എഴുതി വരും. തെർമോസ്റ്റാറ്റ് സെറ്റ് എന്ന ബട്ടൺ പ്രസ് ചെയ്തു കൊടുക്കുമ്പോൾ ഈ നമ്പറുകൾ ബ്ലിങ്ക് ചെയ്യും തൊട്ടടുത്തുള്ള സെറ്റിംഗ് ബട്ടൻ ഉപയോഗിച്ച് ഈ നമ്പർകളുടെ വാല്യൂ 37.4 ആയി സെറ്റ് ചെയ്തു കൊടുക്കാം.അടുത്തതായി ഇൻകുബേറ്റർലേക്ക് വേണ്ടത് 40 വോട്ടിന്‍റെ ഒരു ബൾബും വയറും ആണ്.

ഇനി ബൾബിന്‍റെ വയറിൽ റെഡ് വയർ കട്ട് ചെയ്തു അതിന്റെ ഭാഗങ്ങൾ തെർമോസ്റ്റാറ്റിൽ ഘടിപ്പിച്ചു കൊടുക്കാം. തെർമോസ്റ്റാറ്റിന്‍റെ k0 k1 എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് വേണം വയറ് ഘടിപ്പിക്കാൻ.അടുത്തതായി പെട്ടിയുടെ ഒരു കോർണർ കത്തി ഉപയോഗിച്ച് ചെറുതായി മുറിച്ചു കൊടുക്കണം. ശേഷം പെട്ടിയുടെ പുറം ഭാഗത്തായി ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ചു തെർമോസ്റ്റാറ്റ് അവിടെ ഘടിപ്പിച്ച് കൊടുക്കാം.

പുറത്തുനിന്ന് എളുപ്പം റീഡിങ് എടുക്കാൻ വേണ്ടിയാണ് പുറംഭാഗത്ത് തെർമോസ്റ്റാറ്റ് ഘടിപ്പിക്കുന്നത്. ഇനി പെട്ടിയുടെ കോർണർ ഭാഗത്ത് മുറിച്ചു വച്ചിരിക്കുന്ന സൈഡിലൂടെ ഫാനും ലൈറ്റും അകത്തേക്ക് വയ്ക്കാം. ബൾബും ഫാനും പെട്ടിയുടെ ഏതെങ്കിലും ഭാഗത്ത് കമ്പി ഉപയോഗിച്ച് കെട്ടി ടൈറ്റ് ചെയ്തു വെച്ചു കൊടുക്കാം. അടുത്ത പെട്ടിയുടെ വശത്ത് ചെറിയൊരു ഹോള് ഇട്ട് സെൻസറും അകത്തേക്ക് ഇട്ടു കൊടുക്കണം.

അടുത്തതായി പെട്ടിക്കുള്ളിലെ ഹ്യൂമിഡിറ്റി നിയന്ത്രിക്കാൻ ഒരു പരന്ന പാത്രത്തിൽ കുറച്ച് വെള്ളം അകത്തു വയ്ക്കുന്നത് നല്ലതാണ്. ഇനി ഒരു കോട്ടൻ തുണിയും ബാക്കിയുള്ള സൈഡിൽ നല്ലപോലെ സെറ്റ് ചെയ്തു കൊടുക്കാം. ഈ തുണിയുടെ പുറത്താണ് മുട്ടകൾ വയ്ക്കേണ്ടത്.

ഇനി മുട്ടകൾ ഓരോന്നായി എടുത്ത് ഒരു സൈഡ് മാർക്ക് ചെയ്തതിനുശേഷം തുണിയുടെ പുറത്ത് പതിയെ വെച്ചു കൊടുക്കാം. മുട്ടകൾ വിരിയിക്കാൻ എടുക്കുമ്പോൾ പൂവൻകോഴി ഉള്ള കൂട്ടിലെ മുട്ടകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അല്ലാത്ത മുട്ടകൾ വിരിയാൻ സാധ്യത കുറവാണ്.മുട്ടകൾ വച്ചതിനുശേഷം ഇനി പെട്ടി നന്നായി മൂടിവയ്ക്കാം ഒപ്പം പെട്ടിയിലേക്കുള്ള പവർ സപ്ലൈ ഓൺ ചെയ്തു കൊടുക്കണം.

പെട്ടിക്കുള്ളിലുള്ള ടെമ്പറേച്ചർ വാല്യൂ 37.7 എന്ന് വാല്യൂവിൽ എത്തുമ്പോൾ ലൈറ്റ് തനിയെ ഓഫ് ആവുകയും അതിൽ കുറവിലേക്ക് എത്തുമ്പോൾ ഓൺ ആവുകയും ചെയ്യും. ഓരോ മൂന്ന് നാല് മണിക്കൂർ കൂടുമ്പോൾ മുട്ടകൾ തിരിച്ച് വയ്ക്കണം. നേരത്തെ കൊടുത്തിരിക്കുന്ന മാർക്കുകൾ മുട്ട കറക്റ്റ് ആയി തിരിച്ചു വയ്ക്കാൻ സഹായിക്കും.

ആദ്യത്തെ 18 ദിവസം വരെ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കണം. ഒരു 20 ദിവസം ആകുമ്പോൾ തന്നെ മുട്ട ചെറുതായി പൊട്ടി തുടങ്ങും. ഇരുപത്തിയൊന്നാമത്തെ ദിവസം മുതൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും തള്ളക്കോഴിയുടെ സഹായമില്ലാതെ വിരിയുന്ന കുഞ്ഞുങ്ങൾ ആയതിനാൽ ആദ്യത്തെ ഒരാഴ്ച 25 വാൾട്ട് ബൾബ് കൂട്ടിലിട്ട് കോഴി കുഞ്ഞുങ്ങൾക്ക് ചൂട് കൊടുക്കാൻ ശ്രദ്ധിക്കണം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ അല്ല ആരോഗ്യമുള്ള കോഴി കുഞ്ഞുങ്ങളെ ആർക്കും തള്ള കോഴിയുടെ സഹായമില്ലാതെ വിരിയിച്ച് എടുക്കാൻ സാധിക്കും. അധികം പണത്തിന്‍റെ ചിലവോ സ്ഥലമോ ഒന്നും ആവശ്യമില്ലാത്തതിനാൽ ആർക്കും ഇത് എളുപ്പത്തിൽ ചെയ്യാനാവും.

English Summary: Make incubator at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds