കേരളത്തിന്റെ സ്വന്തം ആടിനമാണ് മലബാറി. മലബാർ എന്നറിയപ്പെടുന്ന വടക്കൻ കേരളത്തിൽ നിന്നാണ് മലബാറി എന്ന പേര് ലഭിച്ചത്. തലശ്ശേരി, വടകര എന്നീ പ്രാദേശിക നാമങ്ങളിലും ഈ ആട് അറിയപ്പെടുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മലബാറി ആടുകൾ ഉരുത്തിരിഞ്ഞത്. കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശത്തെ നാടൻ ആടിനങ്ങൾ അറബ്, പൂർത്തി, മെസപ്പൊട്ടേമിയൻ ആടിനങ്ങളുമായി പ്രജനനം നടത്തിയുണ്ടായ ഇനമാണ് മലബാറി എന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്കു മുമ്പേ ഉരുത്തിരിഞ്ഞവയാണ് ഇവ എന്നാണ് കരുതപ്പെടുന്നത്. ഇടത്തരം ശരീരവലുപ്പമുള്ളവയാണ് മലബാറി ആടുകൾ.
ഇറച്ചിക്കും പാലിനുമായി വളർത്തപ്പെടുന്നു. വെളുപ്പ്, കറുപ്പ്, തവിട്ട് ഇരുനിറങ്ങൾ എന്നിങ്ങനെ വിവിധ നിറങ്ങളുടെ വകഭേദങ്ങളിൽ ഇവ കാണപ്പെടുന്നു. വെളുത്തനിറമുള്ള ആടുകളെമാത്രം തിരഞ്ഞെടുത്തു വളർത്തി തലശ്ശേരി എന്ന പേരിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് അയൽസംസ്ഥാന കച്ചവടക്കാരുടെ ഒരു പ്രധാനതന്ത്രമാണ്. ഇത്തരത്തിൽ തിരഞ്ഞെടുത്ത് വളർത്തുന്ന ആടുകൾ കേരളത്തെക്കാളേറെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലാണ് കാണപ്പെടുന്നത്. ആണാടുകൾക്കും അപൂർവം പെണ്ണാടുകൾക്കും താടി ഉണ്ടാകും. ഇടത്തരം വലുപ്പമുള്ള മുഖമാണ് മലബാറി ആടുകളുടേത്. പലപ്പോഴും പരന്ന മൂക്കു പ്രതലമാണ് കാണുന്നതെങ്കിലും നേരിയ റോമൻ മൂക്ക് ഉള്ള മലബാറി ആടുകളും കുറവല്ല. '7' (ഏഴ്) എന്ന ആകൃതിയിൽ ഇലകളോട് സാദൃശ്യമുള്ള ചെവികളാണ് മലബാറി ആടിന്റെ പ്രത്യേകത. പുറത്തേക്കും താഴത്തേക്കുമായാണ് ചെവികളുടെ നില്പ്. ഇടത്തരം നീളമാണ് ചെവികൾക്കുണ്ടാകുക. മൂക്ക് വരെ എത്തുന്ന നീളം.
മിക്കവാറും ആടുകളിൽ താടിയിൽ കാണപ്പെടുന്ന 'കിങ്ങിണി എന്ന് പ്രാദേശികമായി വിളിക്കുന്ന ശരീരഭാഗം കാണാം. ചെറിയ കൊമ്പുകളാണ് ഇവകളുടേത്. പുറത്തേക്കും മുകളിലേക്കുമായിട്ടാണ് കൊമ്പുകളുടെ നില്പ്. ചിലപ്പോഴൊക്കെ പുറകിലേക്ക് വളഞ്ഞ തൊലിയോട് ചേർന്നൊട്ടി നിൽക്കുന്ന രീതിയിലും കൊമ്പുകൾ കാണാറുണ്ട്. ആണിനും പെണ്ണിനും കൊമ്പുകൾ കാണുന്നു. പെട്ടെന്ന് പെറ്റുപെരുകുന്ന ഒരു ഇനമായാണ് മലബാറി ആടുകളെ കണക്കാക്കുന്നത്. നേരത്തേ പ്രായപൂർത്തി എത്തുന്നവയാണ് മിക്കവാറും. 50 ശതമാനം പ്രസവങ്ങളിലും ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നു: 25 ശതമാനം പ്രസവങ്ങളിൽ മൂന്നു കുട്ടികളും. അരക്കിലോ മുതൽ ഒന്നരക്കിലോ വരെയാണ് ശരാശരി പ്രതിദിന പാലുല്പാദനം.
ഇറച്ചി ലഭ്യതയക്ക് വേണ്ടി ജമുനാപ്യാരിയുമായും പാലുല്പാദനത്തിനായി ബീറ്റൽ ഇനവുമായും വർഗ സങ്കരം നടത്തുന്നത് കേരളത്തിൽ പലയിടത്തും കർഷകർക്കിടയിൽ പ്രചാര ത്തിലുണ്ട്. കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള മലബാറി പെണ്ണാടുകളുടെ കഴിവിനെ ഗുണപരമായി ഉപയോഗിക്കാനുള്ള തന്ത്രങ്ങളാണ് ഇത്തരം സങ്കരയിന ഉല്പാദനത്തിന്റെ അടിസ്ഥാനതത്വം. ഒരു പ്രസവത്തിൽ ആറു കുട്ടികൾ വരെ മലബാറി ആടുകൾക്ക് ഉണ്ടായതായി കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ ഉല്പാദിപ്പിച്ച് വിൽക്കുന്നവർ കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുന്ന മലബാറി പെണ്ണാടുകളെ തിരഞ്ഞുപിടിച്ച് വാങ്ങാൻ ശ്രദ്ധിക്കുന്നതായും കാണാറുണ്ട്. അനിയന്ത്രിതമായ വർഗസങ്കരണം ഈ ഇനത്തിന്റെ ശുദ്ധത നഷ്ടപ്പെടുത്തുന്നതായി തെളിഞ്ഞതിനാൽ, മലബാറി ആടുകളുടെ ജനിതക സംരക്ഷണത്തിനാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഫാമുകൾ ശ്രദ്ധിച്ചു വരുന്നത്.
Share your comments