 
    വയനാട്ടിലെ ആദിവാസികൾ നൽകിയിരിക്കുന്ന പേരാണ് മാമള് . ശരീരം താരതമ്യേന നീണ്ടുരുണ്ടതാണ്. വായ്ക്കുള്ളിൽ ഉളി പോലുള്ള തരുണാസ്ഥി നിർമ്മിതമായ ഒരാവരണമുണ്ട്. ഇതുപയോഗിച്ചാണ് ഭക്ഷണമായ പായൽ ഇനങ്ങളെ നദിയിലെ പാറയിൽ നിന്നും, കല്ലുകളിൽ നിന്നും ചെത്തിയെടുക്കുന്നത്. മീശരോമങ്ങൾ ഇല്ല. മുതുകു ചിറകിന്റെ അവസാനമുള്ളൂ ദുർബലവും മൃദുവുമാണ്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖ 40-43 ചെതുമ്പലുകളിലൂടെ സഞ്ചരിക്കുന്നു.
ആകർഷകമായ നിറമാണ് മാമളിന്റേത്. മുതുകുവശത്തിന് ചുവപ്പു കലർന്ന തവിട്ടു നിറമാണ്. അടിവശമാകട്ടെ വെള്ളി നിറവും, പാർശ്വരേഖക്കു മുകൾവശത്തായി, ശരീരത്തിന്റെ മധ്യഭാഗത്തിലൂടെ ഒരു കടും നീല വരയുണ്ട്. കണ്ണിന് പുറകിൽ നിന്നാരംഭിച്ച്, വാലറ്റത്ത് അവസാനിക്കുന്ന ഈ രേഖയ്ക്ക് ഒന്നര ചെതുമ്പലിന്റെ വ്യാസമുണ്ട്. കുഞ്ഞു മത്സ്യങ്ങൾക്ക്, മുതുകുചിറകിലായി വൃത്താകൃതിയിൽ നീലനിറത്തിലുള്ള ഒരു പൊട്ടുണ്ട്. വളർച്ചയാവുന്നതോടെ ഈ പൊട്ട് അപ്രത്യക്ഷമാവുകയും ചെയ്യും.
ഫ്രാൻസിസ് ഡേ, 1868-ൽ, കർണ്ണാടകയിലെ കൂർഗിൽ നിന്നും കണ്ടത്തിയ ഈ മത്സ്യത്തിന്, അതു ശേഖരിച്ചു കൊടുത്ത ഡോ.നാഷ് എന്നയാളുടെ പേര് ശാസ്ത്രനാമമായി നൽകുകയായിരുന്നു (Day, 1868), കേരളത്തിൽ ഈ മത്സ്യത്തെ ചാലിയാർ പുഴയിലും, കബനീ നദിയിലും മാത്രമാണ് കണ്ടുവരുന്നത്. ഭക്ഷണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്നു.
ജൈവസമ്പത്തുകൾ വികസനത്തിന്റെ അസംസ്കൃത വസ്തുക്കളും കൂടിയാണ്. അതി പ്രധാനമായ ആരോഗ്യമേഖല മുതൽ കരകൗശല നിർമ്മാണത്തിൽ വരെ ജൈവവസ്തുക്കളുടെ ഉപയോഗം കാണാം, മത്സ്യങ്ങളുടെ ചൂഷണവും ഉപയോഗവും, ഈയവസരത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അലങ്കാരം, ആതുരസേവനം, വിനോദം, ആഹാരം ഇവയെല്ലാം വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന മത്സ്യങ്ങൾ നിരവധിയാണ്. ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനി ൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments