മഞ്ഞേട്ട സാധാരണ കൂരികളുടേതു പോലെയുള്ള ശരീരമാണെങ്കിലും മുതുകു ചിറകുവരെ ഉയർന്നാണ് കാണുന്നത്. നാലു ജോടി മീശരോമങ്ങൾ ഉണ്ട്. കവിൾക്കോണിൽ നിന്നും ഒരു ജോടിയും നാസികാഗ്രത്തിൽ നിന്ന് ഒരു ജോടിയും കീഴ്ത്താടിയിൽ നിന്ന് രണ്ടു ജോടിയും വീതം മീശരോമങ്ങളാണുള്ളത്.
കവിൾക്കോണിലെ മീശരോമങ്ങൾ പുറകോട്ട് വലിച്ചുവെച്ചാൽ കൈച്ചിറകിന്റെ ഉത്ഭവസ്ഥാനം വരെ എത്തുവാൻ മാത്രം നീളമേയുള്ളൂ . മുതുകു ചിറകിന്റെയും കൈച്ചിറകിന്റെയും മുള്ളുകൾക്ക് അറക്കവാൾ പോലെയുള്ള പല്ലുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. രണ്ടാമത്തെ മുതുകു ചിറക് ചെറുതും ചെറുവിരലിന്റെ ആകൃതിയിലുമാണ്.
ശരീരത്തിന്റെ മുതുകുവശം നല്ല പച്ചനിറമോ ഒലിവ് നിറമോ ആയിരിക്കും. ശിരസിന്റെ മുകൾവശം ഒലിവ് നിറമാണ് അടിവശം ഇളം മഞ്ഞ നിറമായിരിക്കും. കൈച്ചിറികിനും കാൽച്ചിറികിനും ചുവപ്പ് കലർന്ന മഞ്ഞ നിറമാണ്.
ഗുദച്ചിറകിന്റെ പിറക് വശം കറുത്തതും ശരീരത്തോട് ചേർന്ന ഭാഗം ചുവന്നതും ആണ്. വാൽച്ചിറകിന്റെ തുറന്ന ഭാഗം രക്തനിറവും വാലിനോട് ചേർന്ന ഭാഗത്തും വാൽച്ചിറകിന്റെ പുറമേയുള്ള ഇഴകൾക്കും നല്ല കറുപ്പു നിറവുമാണ്. ഈ കറുപ്പ് നിറം ഒരു അർദ്ധ ചന്ദ്രാകൃതിയിലാണ്.
ചെകിളക്ക് തൊട്ടു പിറകിലായി വൃത്താകൃതിയിൽ ഒരു കറുത്ത പൊട്ടുണ്ട്. കേരളത്തിനു പുറത്ത് മിട്ടായി കർണ്ണാടകത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈയടുത്ത കാലം വരെ ഇതിന്റെ വംശനാശഭീഷണി നേരിടുന്ന മത്സ്യമായാണ് പരിഗണിച്ചിരുന്നത്. കൃത്രിമ പ്രജനനത്തിലൂടെ ഇവയുടെ വംശവർദ്ധനവ് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
ബ്രിട്ടീഷ് മ്യൂസിയത്തിലെ ക്യുറേറ്ററായിരുന്ന ആൽബർട്ട് ജി. ഗതന്തർ, 1864 ൽ ആണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന മാതൃകാ മത്സ്യത്തെ ആസ്പദമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയത്.
കേരളത്തിൽ വ്യാപകമായി കാണുന്ന ഈ മത്സ്യം ഭക്ഷണത്തിനും അലങ്കാരത്തിനും ഒരു പോലെ പ്രിയപ്പെട്ടതാണ്.
Share your comments