രാജസ്ഥാനിലെ മാർവാർ പ്രദേശത്താണ് ഈ ഇനത്തിന്റെ ഉത്ഭവം. മാർവാർ എന്ന സ്ഥലനാമത്തിൽ നിന്നാണ് ഇവയ്ക്ക് മാർവാരി എന്ന പേര് ലഭിച്ചത്. ബാർമർ, ബിക്കാനീർ, ജയ്സാൽമീർ, ജാർ, ജോധ്പൂർ, നഗർ, പാലി ജില്ലകൾ ഉൾപ്പെടുന്നതാണ് മാർവാർ പ്രദേശം. കറുത്തനിറമുള്ള ശരീരമാണ് മാർവാരി ഇനത്തിന്. ഇറച്ചിക്കും പാലിനും വേണ്ടി വളർത്തപ്പെടുന്ന ഇനമാണിത്.
പൊതുവേ ഇടത്തരം വലുപ്പമുള്ള ഇനമാണ് മാർവാരി. സാമാന്യം നീളമുള്ള രോമങ്ങൾ ഒതുക്കമില്ലാത്തതും മങ്ങിയതുമായാണ് കാണപ്പെടുന്നത്. ആണിനും പെണ്ണിനും കട്ടിയുള്ള താടി രോമങ്ങൾ കാണപ്പെടുന്നു. പരന്നതും തൂങ്ങിക്കിടക്കുന്നതുമായ ചെവികൾ നടത്തരം നീളമുള്ളവയാണ്. ആണിനും പെണ്ണിനും കൊമ്പുകൾ ഉണ്ടാകും. മുകളിലേക്കും പുറകിലേക്കുമായി നിൽക്കുന്ന കോർക്ക് സ്ക്രൂ ആകൃതിയിലുള്ള കൂർത്ത അറ്റങ്ങളോടു കൂടിയവയുമാണ് അവയുടെ കൊമ്പുകൾ.
ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിയാണ് ഉണ്ടാകാറ്. രണ്ടു കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം മാത്രമാണ്. ദേശീയ ആടു ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം 197 ദിവസങ്ങളാണ് ആടുകളുടെ ശരാശരി കറവ കാലം . ആണാടുകൾ 30 - 40 കിലോ തൂക്കം വരെയും പെണ്ണാടുകൾ 25 - 30 കിലോ തൂക്കം വരെയും കാണപ്പെടാം. ശരാശരി 0.5-1 കിലോ പാലുല്പാദനം ഇവയ്ക്കുണ്ട്. ജമുനാപ്യാരിയുമായി ഇണചേർത്ത് പാലുല്പാദനശേഷി കൂടുതലുള്ള സങ്കരയിനങ്ങളെ ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർതലത്തിൽ നടത്തി വരുന്നുണ്ട്.
Share your comments