 
            അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരതാപനില സാധാരണ തോതിൽ നിലനിർത്താനുള്ള പല സംവിധാനങ്ങളിൽ പ്രധാനമാണ് ചർമ്മത്തിലുള്ള രക്തക്കുഴലുകൾ വികസിച്ച് ചർമ്മ ത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയെന്നത്. വിയർപ്പുണ്ടാവുകയും, വിയർപ്പിനെ ബാഷ്പീകരിക്കാനുള്ള ചൂട് ശരീരത്തിൽ നിന്ന് വലിച്ചെടുത്ത് താപനില കുറയ്ക്കുകയും ചെയ്യുന്ന പ്രവർത്തനവും ഇതോടൊപ്പം നടക്കുന്നു. എന്നാൽ നായ്ക്കളിൽ രക്ത ക്കുഴലുകളുടെ വികാസം നാവിലും സമീപ ഭാഗങ്ങളിലും, രോമം ഇല്ലാത്ത ചെവിയുടെ ഭാഗങ്ങളിലുമായി പരിമിതപ്പെട്ടിരിക്കുന്നു.
രോമാവരണം ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ അധിക രോമാവരണമുള്ള നായ ഇനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകുന്നു. കൂടാതെ വിയർത്ത് ശരീരം തണുപ്പിക്കുന്നതിനാവശ്യമായ എണ്ണം സ്വേദഗ്രന്ഥികൾ നായ്ക്കളുടെ ശരീരത്തിലില്ല.
ആകെയുള്ളത് കാൽപ്പാദത്തിൽ പരിമിതമായ എണ്ണം മാത്രം. അവയും ചിലയിനങ്ങളിൽ മാത്രമാണുള്ളത്. വിയർക്കാൻ കഴിയാത്തതിനാൽ ബാഷ്പീകരണം മൂലമുള്ള താപക്രമീകരണത്തിന് പിന്നെ ആശ്രയിക്കാവുന്നത് മുക്ക്, ശ്വാസനാളം, വായ തുടങ്ങിയ ഭാഗങ്ങളെയാണ്. ഈ ഭാഗങ്ങളിലെ സ്രവങ്ങൾ പ്രസ്തുത ഭാഗങ്ങളെ ജലാംശമുള്ളതാക്കി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്.
ഇവയുടെ ബാഷ്പീകരണം ശരീരതാപനില കുറയ്ക്കാൻ, പര്യാപ്തവുമാകാറില്ല. നാവ് പുറത്തിട്ട് അണച്ചും, ഉമിനീർ ബാഷ്പീകരിച്ചുമാണ് നായ്ക്കൾ ശരീരതാപം ക്രമീകരിക്കുന്നത്. താപനിലയിലുള്ള വ്യതിയാനമനുസരിച്ച് ശ്വസനം, അണപ്പ് എന്നിവയുടെ രീതിയിൽ വ്യത്യാസം വരുത്തുന്നു. മൂക്കും വായും ഉപയോഗിച്ച് ശ്വസിച്ചും, നാവ് കൂടുതൽ പുറത്തേക്ക് നീട്ടി അണച്ചുമൊക്കെ താപസമ്മർദ്ദത്തെ നേരിടാൻ നായ്ക്കൾ ശ്രമിക്കുന്നു. അണപ്പിന്റെ ശക്തി കൂടുന്നതോടെ കൂടുതൽ ഊർജ്ജവ്യയവും ജല നഷ്ടവുമുണ്ടാകുന്നു.
താപാഘാതത്തിനു മുൻപു തന്നെ നിർജ്ജലീകരണം സംഭവിച്ച നായ്ക്കളിൽ മേൽപ്പറഞ്ഞ പല പ്രവർത്തനങ്ങളും പരാജയം ആയിരിക്കും. ഉയർന്ന ഊഷ്മാവിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി അധികരിച്ചാൽ ബാഷ്പീകരണം തടസ്സപ്പെടുകയും താപക്രമീകരണ സംവിധാനം അവതാളത്തിലാവുകയും ചെയ്യുന്നു. താപസമ്മർദ്ദവും, താപാഘാതവും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷതാപനില ഉയരുന്ന സമയത്ത് നായ്ക്കൾക്ക് പ്രത്യേക കരുതലും പരിചരണവും ആവശ്യമായി വരുന്നു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments