ഒരു സെന്റിലെ മത്സ്യകൃഷിയില്‍ നിന്നും 8,25,000 രൂപ വരുമാനം നേടാം. എങ്ങനെയെന്നല്ലേ? മാതൃകാ കൃഷിയൊരുക്കി ഇത് വിശദീകരിക്കുകയാണ് ഇടുക്കി പ്രദര്‍ശനവിപണന മേളയിലെ സ്റ്റാളിലൂടെ ഫിഷറീസ് വകുപ്പ്. സ്ഥലപരിമിതിയുള്ളവര്‍ക്കു പോലും മത്സ്യകൃഷിയും പച്ചക്കറികൃഷിയും യോജിപ്പിച്ച് ചെയ്യാവുന്ന നൂതനാശയത്തിന്റെ മാതൃകയാണ് ഈ സ്റ്റാളിന്റെ പ്രത്യേകത.
വെറും ഒരുസെന്റ്ഭൂമിയില്‍ പടുതാകുളം ഒരുക്കി ഒരുവര്‍ഷം 4000 കിലോഗ്രാം മത്സ്യം ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കുകയും 8,25,000രൂപയുടെ വരുമാനവും ലഭ്യമാകും. സ്ഥലപരിമിതി നേരിടുന്നവര്‍ക്കും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത്തരത്തില്‍ കൃഷി ഒരുക്കുവാന്‍ കഴിയും. ഒരുസെന്റ്ഭൂമിയില്‍ നിര്‍മിക്കുന്ന പടുതാക്കുളത്തില്‍ നിന്നും ജലപുനഃചംക്രമണത്തില്‍ നിന്നും മൂന്ന് സെന്റ് ഗ്രോ ബഡ്ഡില്‍ വര്‍ഷം 25000 രൂപയുടെ പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുവാനും കൂടാതെ വീട്ടിലെ ആവശ്യങ്ങള്‍ക്കായുള്ളതും ലഭ്യമാകും. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുക്കുകയും ചെയ്യാം.
ഗിഫ്റ്റ് തിലോപ്പിയയാണ് ഇത്തരത്തിലുള്ള മത്സ്യകൃഷിക്ക് അനുയോജ്യമായിട്ടുള്ളത്. മത്സ്യകൃഷിക്ക് ആവശ്യമുള്ള 4000 ലിറ്റര്‍ വെള്ളം കൃഷി അവസാനിപ്പിക്കുമ്പോളും അതെ അളവില്‍തന്നെ കാണും. ഇതേ വെള്ളമാണ് കൃഷിക്കായും ഉപയോഗിക്കുന്നത്. മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം ആയതിനാല്‍ അവയില്‍ സൂക്ഷ്മജീവകങ്ങള്‍ അടങ്ങിയിരിക്കും. അവ കൃഷിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. പയര്‍, ബീന്‍സ്, മുളക്, വെണ്ട മുതലായ പച്ചക്കറികള്‍ ഇത്തരത്തില്‍ കൃഷിചെയ്യുവാന്‍ സാധിക്കും. ഇത്തരത്തില്‍ മൂന്നുതരം മത്സ്യകൃഷികളാണ് ഇവിടെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. മത്സ്യകൃഷി താല്പര്യമുള്ളവര്‍ ഫിഷറീസ് വകുപ്പില്‍ അപേക്ഷനല്‍കാം. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമി സന്ദര്‍ശിച്ചതിനുശേഷം കര്‍ഷകന് വിദഗ്ദ്ധ ട്രെയിനിംഗ് നല്‍കും. തുടര്‍ന്ന് മത്സ്യകൃഷി ചെയ്യുവാനുള്ള അനുമതി ലഭിക്കും. ഏകദേശം ആറുലക്ഷം രൂപ മുതല്‍ മുടക്കുള്ള ഈകൃഷിക്ക് 40 ശതമാനം സബ്‌സിഡിഫിഷറീസ് വകുപ്പ് നല്‍കും.
കൂടുതല്‍വിവരങ്ങള്‍ക്ക് ജില്ലാ ജലകൃഷി വ്യാപന കേന്ദ്രം, കുമളി, ഇടുക്കി എന്ന വിലാസത്തിലോ, 04869 222326 എന്ന നമ്പറിലോ ബന്ധപ്പെടുക.
Share your comments