മിക്ക അലങ്കാര മത്സ്യകര്‍ഷകരും, അപൂര്‍വ്വം ചില അക്വേറിയം പരിപാലകരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്-
അലങ്കാര മത്സ്യങ്ങള്‍ ബ്രീഡ് ചെയ്യുന്നില്ല; മുട്ടയിടാന്‍ തന്നെ വിരിയുന്നില്ല; കുഞ്ഞുങ്ങള്‍ ചത്തുപോകുന്നു തുടങ്ങിയവ.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം അലങ്കാരമത്സ്യങ്ങള്‍ ബ്രീഡ് ചെയ്യേണ്ടതും കുഞ്ഞുങ്ങള്‍ക്ക് പരമാവധി അതിജീവന നിരക്ക് ലഭിക്കേണ്ടതും അവരുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. അക്വേറിയം പരിപാലകരെ സംബന്ധിച്ചിടത്തോളം ഒരു കൗതുകവുമാണ്.
എന്താണ് അലങ്കാരമത്സ്യങ്ങള്‍ ബ്രീഡ് ചെയ്യാത്തത് ?
നല്ല ഇനഗുണമുളള, പരിപക്വമായ നല്ല ആരോഗ്യമുളള ബ്രീഡേഴ്‌സിന്റെ അഭാവം. അനുഗുണമായ രാസഭൗതിക ഗുണങ്ങള്‍ ഉളള ജലത്തിന്റെ ദൗര്‍ലഭ്യം, ബാഹ്യ ശല്യങ്ങള്‍, അനപത്യത, രോഗം, വാസകേന്ദ്രത്തിലും, സ്വപരി:സ്ഥിതിയില്‍ നിന്നുളള വ്യതിചലനം, പ്രതികൂല കാലാവസ്ഥ, സ്വതന്ത്രസഞ്ചാരത്തിനു സാധ്യമല്ലാതെ കെട്ടിക്കിടക്കുന്ന വെളളത്തിലുളള കാരാഗൃഹവാസം, കമ്മ്യൂണിറ്റി അക്വേറിയത്തിലുളള ദീര്‍ഘനാളത്തെ സ്ഥിതി മുതലായ പല കാരണങ്ങളാല്‍ അലങ്കാരമത്സ്യങ്ങള്‍ പ്രജനനം നടത്താന്‍ മടിക്കുന്നു.
എന്നാല്‍ ജലത്തിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ അനുഗുണമാകുകയും, പ്രായപൂര്‍ത്തി ആകുകയും അവ അരോഗദൃഢഗാത്രര്‍ ആകുകയും, ലൈംഗിക പ്രാപ്തി കൈവരിക്കാനുളള ഹോര്‍മോണ്‍ ഉത്തേജിപ്പിക്കാന്‍ ഉതകുന്ന പ്രയുക്ത പോഷകാഹാരവും, വിറ്റാമിന്‍-ധാതുലവണങ്ങളും ലഭ്യമാകുകയും അനുകൂലസാഹചര്യങ്ങള്‍ സംജാതമാകുകയും ചെയ്താലേ അലങ്കാരമത്സ്യങ്ങള്‍ പ്രജനനം നടത്തുകയുളളൂ; ധാരാളം മുട്ടകള്‍/ആരോഗ്യമുളള കുഞ്ഞുങ്ങള്‍, ഉല്പ്പാദിപ്പിക്കപ്പെടുകയുള്ളൂ, അവ വിരിയുകയുളളൂ, അതിജീവന നിരക്ക് ലഭ്യമാകുകയുളളൂ എന്ന പരമാര്‍ത്ഥം നാം വിസ്മരിക്കരുത്!
അലങ്കാര മത്സ്യകൃഷിയും പരിപാലനവും, താരതമ്യേന ശൈശവദശയിലുളള കേരളത്തില്‍, നാം വളര്‍ത്തുന്ന മത്സ്യങ്ങള്‍ മുഴുവനും വിദേശ ഇനങ്ങള്‍ ആണെങ്കിലും, അവ ഇവിടുത്തെ കാലാവസ്ഥയിലും പരിത:സ്ഥിതിയിലും അനുകൂല സാഹചര്യത്തില്‍ പ്രജനനം നടത്താന്‍ മടിക്കുന്നവ അല്ല തന്നെ! ഉദാഹരണത്തിന്, ശുദ്ധജല സ്വര്‍ണ്ണ മത്സ്യങ്ങള്‍, മാലാഖമത്സ്യങ്ങള്‍, ഗൗരാമികള്‍, പടയാളി, ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നിവയെല്ലാം ഭഗീരഥപ്രയത്‌നം ഇല്ലാതെ നമ്മുടെ സാഹചര്യത്തില്‍ പ്രജനനം നടത്തുന്നവയാണ്. പക്ഷേ, ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചില മുന്‍കരുതലുകളും, മുന്നൊരുക്കങ്ങളും ചെയ്യേണ്ടതും ഉണ്ട്.
ചില പ്രധാന കാര്യങ്ങള്‍:-
1. അലങ്കാരമത്സ്യങ്ങളില്‍ മുട്ട ഇടുന്നവ (അണ്ഡജങ്ങള്‍) എന്നും പ്രസവിക്കുന്നവ (ജരായുജങ്ങള്‍) എന്നും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്. ഭൂരിഭാഗം അലങ്കാരമത്സ്യങ്ങളും മുട്ട ഇടുന്നവയാണ്. എന്നാല്‍ ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ മുതലായി അപൂര്‍വ്വം ചിലത് പ്രസവിക്കുന്നവയും.
2. അലങ്കാരമത്സ്യങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ട്. ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരിച്ചറിയാന്‍ കഴിയണം; എങ്കിലേ ജോഡി തിരിച്ച് ബ്രീഡിംഗിന് ഇടാന്‍ സാധിക്കൂ.പ്രസവിക്കുന്ന വിഭാഗത്തില്‍- ആണ്‍മത്സ്യം പെണ്‍മത്സ്യത്തേക്കാള്‍ ചെറുതും വര്‍ണ്ണഭംഗിയും ആകര്‍ഷണീയത കൂടിയതും ആയിരിക്കും. എന്നാല്‍ ചിറക് വീതി കുറഞ്ഞ് കൂര്‍ത്ത് ഗോണോപോഡിയം എന്ന ജനനേന്ദ്രിയമായി മാറുന്നു. പെണ്‍ മത്സ്യങ്ങള്‍ താരതമ്യേന വലുതും വര്‍ണ്ണഭംഗി കുറഞ്ഞതും അനാകര്‍ഷകവും ആണ്.
മുട്ട ഇടുന്നവയില്‍-
ആണ്‍മത്സ്യം:- ചെകളമൂടിയില്‍ വെളുത്ത ചെറുമുഴകള്‍ (കുരിപ്പുകള്‍) കാണപ്പെടുന്നു. മുന്‍ജോഡി ചിറകിന്റെ മുളള് കട്ടിയുളളതും, ചിറക് പരുപരുത്തതും ആയിരിക്കും. ചില ഇനങ്ങളില്‍, ഉദാ: ഗൗറാമി ആണ്‍മത്സ്യത്തിന്റെ മുന്‍ ചിറക് കൂര്‍ത്തതാണ്. ബ്ലൂ ഗൗറാമി, പേള്‍ ഗൗറാമി എന്നിവയുടെ മുതുകു ചിറക് വാല്‍ത്തണ്ടിനപ്പുറം നീണ്ടു വളരുന്നു. ആണ്‍മത്സ്യങ്ങള്‍ക്ക് നല്ല നിറഭംഗിയും ആകര്‍ഷണീയതയും ആയിരിക്കും. ഉദാ: ഫൈറ്റര്‍.
സ്വര്‍ണ്ണമത്സ്യം, കോയ്കാര്‍പ്പ് ഇവയുടെ പ്രായപൂര്‍ത്തിയായ ആണ്‍മത്സ്യത്തിന്റെ വയര്‍ ഭാഗത്ത്, ബ്രീഡിംഗ് സീസണില്‍, അമര്‍ത്തിയാല്‍ വെളുത്ത ദ്രാവകം വരുന്നു. മുന്‍ജോഡി ചിറക് കട്ടിയുളളതും അകവശം നെല്ലോല പോലെ പരുപരുത്തതും ആയിരിക്കും.
പെണ്‍മത്സ്യം:- നിറഭംഗിയും ആകര്‍ഷണീയതയും ഇല്ലാത്തവയും മുട്ട നിറഞ്ഞ് വീര്‍ത്ത വയറോടുകൂടിയതും വിസര്‍ജ്ജന ഭാഗം ചുവന്നു തുടുത്തതും ആയിരിക്കും. പെണ്‍ ഗൗറാമിയുടെ ചിറകിന് വൃത്താകൃതി ആണ്.
3. പ്രായപൂര്‍ത്തി ആകാന്‍ വേണ്ട കാലം (പ്രായം)
സ്വര്‍ണ്ണ മത്സ്യം, കോയ്കാര്‍പ്പ് ഇവയ്ക്ക് 6 മുതല്‍ 8 മാസം വരെ വേണം പ്രായപൂര്‍ത്തിയാകാന്‍. എങ്കിലും ഒരു കൊല്ലം കഴിയുന്ന സ്വര്‍ണ്ണ മത്സ്യം ആണ് ബ്രീഡിംഗിന് തെരെഞ്ഞടുക്കാന്‍.
മാലാഖ - 1 വര്‍ഷം
ഗപ്പി - 6-8 മാസം
4. മത്സ്യത്തിന്റെ പ്രത്യുല്‍പ്പാദന കാലം: മിക്ക മത്സ്യങ്ങളും മണ്‍സൂണ്‍ (മഴ) കാലത്താണ് ബ്രീഡ് ചെയ്യുന്നത്.
5. വലിപ്പം : എത്ര വലിപ്പം ഉളളവയാണ് ജോഡിയാക്കേണ്ടത് എന്നും അറിഞ്ഞിരിക്കണം.
6 മാസം പ്രായമായ സ്വര്‍ണ്ണമത്സ്യം 5-10 ഗ്രാം തൂക്കം വയ്ക്കുന്നു.
6. ബ്രീഡിംഗ് സ്വഭാവം :
പ്രസവിക്കുന്നവ ആണോ, മുട്ട ഇടുന്നവ ആണോ എന്നറിയണം. മുട്ട ഇടുന്നവ തന്നെ ശിശുപരിപാലനം ഉളളവയോ മുട്ട ചിതറിക്കുന്നവയോ ശ്രദ്ധിക്കാത്തവയോ? മുട്ട ഒട്ടിക്കുന്നതോ, കൂടുണ്ടാക്കി മുട്ട ഇടുന്നതോ, മുട്ടമാല ഉണ്ടാക്കുന്നവയോ, മുട്ട കുഴിച്ചിടുന്നവയോ- ഇവയില്‍ ഏതു സ്വഭാവം ഉളളതാണെന്നറിയണം. എങ്കിലേ അവയ്ക്ക് വേണ്ട പരിചരണം, പരിരക്ഷ, മുന്നൊരുക്കങ്ങള്‍, കരുതല്‍ ഇവ ചെയ്യുവാന്‍ സാധിക്കുകയുളളൂ. മുട്ട ഒട്ടിക്കുന്നവയ്ക്ക് ടാങ്കില്‍ മുളളന്‍ പായല്‍, ചകിരി, പ്ലാസ്റ്റിക് നൂല്‍ എന്നിവ ഇട്ടുകൊടുക്കാം. പതക്കൂടുണ്ടാക്കുന്നവയ്ക്ക് കൂട്ടില്‍ വലിയ ഇല വേണം കൂട് ഒളിപ്പിക്കാന്‍. മുട്ട ഭക്ഷിക്കുന്നവയ്‌ക്കെതിരെ കരുതല്‍ ആയി ബ്രീഡിംഗ് ട്രാപ്പോ, ബ്രീഡിംഗ് ഗ്രിഡോ ഒരുക്കണം.
7. ജലത്തിന്റെ സ്വഭാവം:
ജലത്തിന് അനുഗുണമായ രാസ-ഭൗതിക ഗുണങ്ങള്‍ ഉണ്ടെങ്കിലേ ബ്രീഡിംഗ് നടക്കുകയുളളൂ. ഓരോ മത്സ്യത്തിനും പ്രജനനത്തിന് വേണ്ട അമ്ല-ക്ഷാരനില, പ്രാണവായു, കാഠിന്യം, ഊഷ്മാവ് മുതലായവ വ്യത്യസ്തമായിരിക്കും.
8. ഒരു വര്‍ഷത്തില്‍ എത്ര പ്രാവശ്യം ബ്രീഡ് ചെയ്യും?
ചില മത്സ്യങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ബ്രീഡ് ചെയ്യുമ്പോള്‍ ചിലത് രണ്ടുപ്രാവശ്യവും ബ്രീഡ് ചെയ്യും.
9. ബ്രീഡിംഗിന് അനുകൂലമായ സ്ഥലം, സാഹചര്യം മുതലായവ.
10. മുട്ട വിരിയാനും കുഞ്ഞുങ്ങള്‍ വളരാനും വേണ്ട സാഹചര്യം അറിഞ്ഞിരിക്കണം:
ഇനഗുണവും, നിറഭംഗിയും, ആകര്‍ഷണീയതയും ആരോഗ്യവും ഉളളതും, ജനിതക വൈകല്യം, രോഗം ഇവ ഇല്ലാത്തതും പ്രായപൂര്‍ത്തി ആയതും ആയ ജോഡികളെ വേണം ബ്രീഡിംഗിന് തെരെഞ്ഞെടുക്കാന്‍. വിശ്വാസയോഗ്യമായ ഒന്നിലധികം ഫാമില്‍ നിന്നു വേണം ബ്രീഡേഴ്‌സിനെ തെരെഞ്ഞെടുക്കേണ്ടത്. അക്വേറിയം ഷോപ്പില്‍ നിന്നു വാങ്ങുന്നവ ബ്രീഡിംഗിന് അനുയോജ്യമല്ല.
ബ്രീഡിംഗിന് അലങ്കാരമത്സ്യങ്ങളെ ഇടുന്നതിന് രണ്ടാഴ്ചയോ ഒരു മാസമോ മുന്‍പായി, വേണ്ട ബ്രീഡേഴ്‌സിന്റെ മൂന്നിരട്ടി, ലക്ഷണമൊത്ത, പ്രായപൂര്‍ത്തിയായ ആണ്‍-പെണ്‍ മത്സ്യങ്ങളെ തിരഞ്ഞെടുത്ത് വെവ്വേറെ പാര്‍പ്പിച്ച് ജലപരിപാലനവും, പോഷകാഹാരം നല്‍കലും നടത്തണം. ജീവനുളള തീറ്റയും പോഷകപ്രദമായ കൈതീറ്റയും നല്‍കാം.
സ്വര്‍ണ്ണ മത്സ്യം (Golden Fish):
മാറ്റിപ്പാര്‍പ്പിച്ച്, പരിപാലനം കഴിഞ്ഞ 6-8 മാസം (ഒരു വര്‍ഷമാണ് നന്ന്) പ്രായവും 5-10 ഗ്രാം തൂക്കവും, ആരോഗ്യവും, നല്ല നിറവും ലക്ഷണവും ഉളള ഒരു പെണ്‍ മത്സ്യത്തിന് രണ്ട് സമാന സ്വഭാവം ഉളള ആണ്‍ മത്സ്യം എന്ന കണക്കിന് ബ്രീഡിംഗ് ടാങ്കുകളില്‍ നിക്ഷേപിക്കുക. ടാങ്കിന്റെ വിസ്തൃതി അനുസരിച്ച് ജോഡികളുടെ എണ്ണം നിശ്ചയിക്കാം. ടാങ്കില്‍ കുറച്ച് അണുനശീകരണം നടത്തിയതും കഴുകിയതുമായ മുളളന്‍ പായല്‍ (ഒ്യറൃശഹഹമ) കൂടി ഇടുക. സന്ധ്യയോടു കൂടി സെറ്റിടാം. ഷവറോ, സ്പ്രിംഗ്‌ളറോ ഉപയോഗിച്ച് ബ്രീഡിംഗ് ടാങ്കിലേക്ക് തണുത്ത വെളളം മഴ പെയ്യുംപോലെ പതിപ്പിക്കുക. വെളുപ്പിന് 4 മണിക്കും 7 മണിക്കും ഇടയില്‍ ബ്രീഡ് ചെയ്ത് 7 മണിയോടെ മുട്ടയിടീല്‍ പൂര്‍ത്തിയാകും.
പെണ്‍മത്സ്യം ജലത്തിലേക്ക് മുട്ട ചിതറിക്കുന്നു. ആണ്‍മത്സ്യം അതിലേക്ക് ബീജസ്രവണം നടത്തും. ഈ പ്രക്രിയ കഴിഞ്ഞാല്‍ ബ്രീഡേഴ്‌സിനെ മാറ്റുക. ബീജസങ്കലനം നടന്ന മുട്ടകള്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കകം വിരിയുന്നു. ബ്രീഡിംഗിന് ഇടുമ്പോള്‍ മുതല്‍ മുട്ടകള്‍ വിരിഞ്ഞിറങ്ങി കുഞ്ഞുങ്ങള്‍ തീറ്റ സ്വീകരിക്കാന്‍ പ്രാപ്തമായ മൂന്നാം ദിവസം വരെ തീറ്റ നല്‍കാന്‍ പാടില്ല. (ബ്രീഡിംഗ് ടാങ്കില്‍ തീറ്റ നല്‍കരുത്!). കുഞ്ഞുങ്ങള്‍ മുകളിലേക്കും താഴേയ്ക്കും ഉളള സഞ്ചാരത്തില്‍ നിന്ന് സമാന്തരമായ സഞ്ചാരം തുടങ്ങിയാല്‍ തീറ്റ നല്‍കാം.
സ്വര്‍ണ്ണ മത്സ്യത്തിന് ധാരാളം പ്രാണവായു ലയിച്ചുചേര്‍ന്ന വേണ്ട സമയമാണിപ്പോള്‍. അതുപോലെ ആഴക്കൂടുതലും താപക്കുറവും(22 ഡിഗ്രി സെല്‍ഷ്യസും അതിനു താഴെയും) ആവശ്യമുണ്ട്. അതിനു വേണ്ടിയാണ് തണുത്ത വെളളം കൊണ്ടുളള (മഴവെളളം ചേര്‍ത്താല്‍ നന്നായിരിക്കും) ചിതറിച്ചു പെയ്യിക്കുന്ന കൃത്രിമ മഴപോലുളള മഴപ്പാറ്റല്‍ (ചാറ്റല്‍ മഴ) നല്‍കുന്നത്! ബ്രീഡിംഗ് സമയം ജലത്തിന് 6.5-7 പി.എച്ച് (അമ്ല-ക്ഷാരത) അനുഗുണമാണ്.
സ്വര്‍ണ്ണ മത്സ്യം വര്‍ഷത്തില്‍ 2 പ്രാവശ്യം സ്വാഭാവികമായി പ്രജനനം നടത്തും. എങ്കിലും, പ്രജനനത്തിന് അനുഗുണമായ സാഹചര്യം സൃഷ്ടിക്കാമെങ്കില്‍ രണ്ടില്‍ അധികം പ്രാവശ്യം ഒരു സെറ്റിനെ ബ്രീഡ് ചെയ്യിക്കാം; നിശ്ചയം; രണ്ടു വര്‍ഷക്കാലം ബ്രീഡ് ചെയ്യുന്നു.
കോയ് കാര്‍പ്പ്
കോയ് കാര്‍പ്പിന്റെ ബ്രീഡിംഗും, ഏതാണ്ട് ഈ രീതി തന്നെ; പക്ഷേ ഒരു ആണ്‍മത്സ്യത്തിന് 5 പെണ്‍മത്സ്യം എന്ന അനുപാതം വരെ ആകാം (ആണ്‍:പെണ്‍::1:5) അനുപാതം. അനുഗുണ ഊഷ്മാവ്20-25 ഡിഗ്രി സെല്‍ഷ്യസും, അമ്ല-ക്ഷാരത്വം (പിഎച്ച്) 7-7.6 ഉം, ആണെങ്കില്‍ പ്രയാസമില്ലാതെ ബ്രീഡ് ചെയ്യുന്നു. മുട്ട ചിതറിക്കുന്നു.
ശിശുപരിപാലനം ഇല്ലാത്തവ, ഉദാ: സ്വര്‍ണ്ണമത്സ്യം കോയ്, അണ്ഡഭക്ഷകര്‍ ആയേക്കാം എന്നതിനാല്‍ ഇവയുടെ ബ്രീഡിംഗ് ടാങ്കില്‍ മണല്‍ വിരിക്കുകയും ടാങ്കിലെ വെളളത്തിന്റെ ആഴം കുറയ്ക്കുകയും വേണം. മുട്ടകള്‍ ഇട്ട ഉടനെ അടിത്തട്ടില്‍ എത്താന്‍ വേണ്ടിയാണ് ആഴം കുറയ്ക്കുന്നത്. അടിത്തട്ടില്‍ മണല്‍ ഉളളതിനാല്‍ മണലില്‍ നിന്നും ബ്രീഡേഴ്‌സിന് മുട്ടകള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഗുണകരം.
ഏതാണ്ട് 3-4 ദിവസം കഴിയുമ്പോള്‍ സ്വര്‍ണ്ണ & കോയ് കുഞ്ഞുങ്ങള്‍ തീറ്റ അന്വേഷിച്ചു തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ സ്വര്‍ണ്ണമത്സ്യ കുഞ്ഞുങ്ങള്‍ക്ക് കറുത്ത നിറവും മാതൃമത്സ്യവുമായി സാദൃശ്യം ഇല്ലായ്മയുമുണ്ട്. ഈ സമയം ഇവയെ ഒരു നഴ്‌സറി ടാങ്കിലേക്ക് മാറ്റി പരിപാലിക്കാം. 1 ച.മീറ്റര്‍ വിസ്തൃതി ടാങ്കില്‍ 10000 കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം.
3-ാം ദിവസം മുതല്‍ ഇന്‍ഫ്യൂസോറിയ (കിളൗീെൃശമ) നല്‍കാം. നൂറില്‍പ്പരം വ്യത്യസ്ഥ ഏകകോശ ജീവികുടുംബങ്ങള്‍ ഉള്‍പ്പെട്ട പറ്റമാണ് ഇന്‍ഫ്യുസോറിയ. രണ്ടാം ഘട്ടത്തില്‍ ആര്‍ട്ടീമിയ ലാര്‍വകള്‍, ഡാഫ്‌നിയ തുടങ്ങിയ ജീവനുളള തീറ്റ നല്‍കാം. ഫലപുഷ്ടമായ കുളത്തിലെ ഒരു മഗ്ഗ് വെളളം മുകളില്‍ നിന്നും അതിരാവിലെ കോരിയെടുത്ത് ഒഴിച്ചുകൊടുക്കുക. അതില്‍ ജന്തു പ്ലവകങ്ങള്‍ കാണും.
മൂന്നാം ഘട്ടത്തില്‍ ഡാഫ്‌നിയ, ഉണക്കതീറ്റപ്പൊടി ഇവ നല്‍കാം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പൊടിച്ചത്, കടലപ്പിണ്ണാക്ക് ചൂര്‍ണ്ണം ഇവ ദിവസവും 3 നേരം വീതം വളരെ കുറഞ്ഞ അളവില്‍ നല്‍കുക (3-5 മിനുിട്ടുകൊണ്ട് തിന്നുതീരുന്നത്ര അളവ്).
ജീവനുളള തീറ്റയാണ് ഈ ഘട്ടത്തില്‍ പ്രിയം. സസ്യ-ജന്തു പ്ലവകങ്ങള്‍, ഇന്‍ഫുസോറിയ, കൊതുകു കൂത്താടികള്‍, മണ്ണിര മുതലായവ ജീവനുളള തീറ്റയില്‍ ഉള്‍പ്പെടുന്നു. ജീവനുളള തീറ്റ മാത്രം നല്‍കി വളര്‍ത്തിയാല്‍ 80 ശതമാനം അതിജീവന നിരക്കും, കൈത്തീറ്റ മാത്രം നല്‍കി വളര്‍ത്തിയാല്‍ 20 ശതമാനവും അതിജീവന നിരക്ക് ലഭിക്കും.
മാലാഖ മത്സ്യം (Angel Fish)
ഒരു വര്‍ഷം പ്രായമായതും ആരോഗ്യമുളളതും ലക്ഷണയുക്തവുമായ ബ്രീഡേഴ്‌സിനെ 1:1 അല്ലെങ്കില്‍ 1:2 എന്ന ആണ്‍-പെണ്‍ അനുപാതത്തില്‍ ബ്രീഡിംഗ് ടാങ്കില്‍ നിക്ഷേപിക്കുക. എന്നാല്‍ മാലാഖ മത്സ്യത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം ബാഹ്യമായി പ്രകടമല്ല! ബ്രീഡിംഗ് സമയം അടുക്കുമ്പോഴേക്കും ഒരു മത്സ്യം മറ്റൊന്നിനെ ഓടിക്കുന്നതായി കാണാം; അല്ലെങ്കില്‍ ഒന്നിനു പുറകെ മറ്റൊന്ന് പായുന്നതായി കാണാം. ഇതില്‍ ഓടുന്നത് പെണ്‍മത്സ്യവും ഓടിക്കുന്നത് ആണ്‍മത്സ്യവും ആണ്. ഇവയെ ജോഡിയായി സെറ്റ് ഇടാം.
ബ്രീഡേഴ്‌സിനെ ഇടുന്നതിനു മുമ്പ് ടാങ്കിന്റെ ഒരു മൂലയില്‍ പരന്ന ഒരു വലിയ കല്ലോ, ഒരു സ്ലേറ്റ് കഷ്ണമോ 45 ഡിഗ്രി ചരിച്ചുവച്ചാല്‍ മുട്ട അതില്‍ ഒട്ടിച്ചുവയ്ക്കും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നാലും ഒരു മാസത്തോളം ശിശുപാലനം ഉണ്ട്. അതു കഴിഞ്ഞ് മാതൃമത്സ്യങ്ങളെ പരിപാലന ടാങ്കിലേക്കും കുഞ്ഞുങ്ങളെ നഴ്‌സറി ടാങ്കിലേക്കും മാറ്റാം.
കുഞ്ഞുങ്ങള്‍ എട്ടാം ദിവസം നീന്തിത്തുടങ്ങും. അപ്പോള്‍ മുതല്‍ ആഹാരം നല്‍കണം. ഒന്നാം ഘട്ടത്തില്‍ ഇന്‍ഫുസോറിയ, ആര്‍ട്ടീമിയ ലാര്‍വ എന്നിവയും, രണ്ടാം ഘട്ടം മുതല്‍ തീറ്റപ്പൊടിയും നല്‍കാം. മൂന്നാം ഘട്ടം മുതല്‍ ജൈവഭക്ഷ്യവസ്തുക്കള്‍, ജീവനുളള തീറ്റ, തിരിരൂപത്തിലുളള നിര്‍മ്മിത ഉണക്കത്തീറ്റ- ഇവ നല്‍കാം.
ബ്രീഡിംഗ് കഴിഞ്ഞവയെ മാറ്റി പരിപാലിച്ചാല്‍ ഓരോ മാസം ഇടവിട്ട് 9-10 പ്രാവശ്യം ബ്രീഡ് ചെയ്യിക്കാം. ബ്രീഡിംഗ് ടാങ്കിലെ ജലത്തിന് 6.9-7.4 പി.എച്ചും, 26-28 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവും വേണം.
ചില ഗൗറാമികളും പടയാളിയും:
'പതക്കൂട്' ഉണ്ടാക്കി മുട്ട ഇടുന്നതിന് ചെറിയ ഒരു വാഴയിലക്കീറോ മറ്റോ ബ്രീഡിംഗ് ടാങ്കില്‍ ഇട്ടുകൊടുക്കണം. ഉമിനീരും വായുവും കൂടി ഊതി ഓരോരോ വായു കുമിളയായി ഇലയുടെ അടിയില്‍ സൂക്ഷിക്കുന്നു. ഇവ ഒന്നുകൂടി പതക്കൂട് ആയിത്തീരും. ഇത് അച്ഛന്‍ മത്സ്യത്തിന്റെ ജോലിയാണ്. പതക്കൂട് ഉണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ മുട്ടവിരിഞ്ഞിറങ്ങും വരെ വെളളം ഇളക്കാനോ, എയ്‌റേറ്റര്‍ കംപ്രസ്സര്‍ ഇവ പ്രവര്‍ത്തിപ്പിക്കുവാനോ പാടില്ല.
പെണ്‍മത്സ്യം പതക്കൂടിലേക്ക് മുട്ട നിക്ഷേപിക്കും. ആണ്‍ മത്സ്യം അതില്‍ ബീജസ്രവണം നടത്തുന്നു.
നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണം; പ്രത്യേകിച്ച് പടയാളിയുടെ കാര്യത്തില്‍-
1. പെണ്‍മത്സ്യം പ്രായപൂര്‍ത്തി ആയതായിരിക്കണം, മുട്ട ഇടാതിരുന്നാല്‍ ആണ്‍മത്സ്യം അതിനെ ഉപദ്രവിക്കും.
2. മുട്ട ഇട്ടുകഴിഞ്ഞാല്‍ ഉടന്‍ പെണ്‍മത്സ്യത്തെ മാറ്റുക; ഇല്ലെങ്കില്‍ ആണ്‍മത്സ്യം, അതിനെ ഒരു അണ്ഡഭക്ഷക ആണെന്നു കരുതി കൊത്തിക്കൊല്ലും;
3. മുട്ട വിരിഞ്ഞാല്‍ ഉടന്‍ ആണ്‍മത്സ്യത്തെ മാറ്റുക; അല്ലെങ്കില്‍, ചിലപ്പോള്‍ കുഞ്ഞുങ്ങളെ തിന്നേക്കാം.
4. ഒരു ടാങ്കില്‍ ഒരൊറ്റ പടയാളി ആണ്‍മത്സ്യത്തെ മാത്രമേ ഇടാവൂ; അല്ലെങ്കില്‍, അവ പരസ്പരം കൊത്തി പോരടിച്ച് മരിക്കും. അതാണ് 'പടയാളി' എന്ന പേര് ലഭിച്ചത്.
പടയാളിയുടെ പ്രജനനത്തിന് 7-7.5 പി.എച്ചും, 24-28 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവും ആവശ്യമാണ്. ആറു മാസം കൊണ്ട് പ്രായപൂര്‍ത്തിയാകുന്നു.
ഭീമന്‍ ഗൗറാമികള്‍ കൂടുകൂട്ടി മുട്ട ഇടുന്നതാകയാല്‍ ബ്രീഡിംഗ് ടാങ്കില്‍ നാരുളള ചെടികള്‍, ഇലകള്‍ എന്നിവ ഉണ്ടാകണം.
പ്രസവിക്കുന്നവ :
മിക്കവാറും ഇനങ്ങള്‍ 4-6 മാസം കൊണ്ട് പ്രായപൂര്‍ത്തിയാകും. ഗപ്പിയിലും ഇതുതന്നെ. ആണ്‍ഗപ്പി 3 സെ.മീറ്ററും പെണ്‍ഗപ്പി 6 സെ.മീറ്ററും വളരുന്നു. ആണ്‍ഗപ്പിയ്ക്ക് നല്ല നിറവും മയില്‍പ്പീലി പോലെ മനോഹരമായ വാലും ഉണ്ട്. പെണ്‍ഗപ്പിയ്ക്ക് നിറഭംഗി ഇല്ല. പ്രസവിക്കുന്നവ ചിലപ്പോള്‍ ശിശുഭക്ഷകര്‍ ആയേക്കാം. ബ്രീഡിംഗ് ടാങ്കില്‍ ചെടികള്‍ വച്ചുപിടിപ്പിക്കുകയും ബ്രീഡിംഗ് ഗ്രിഡ്ഡോ ബ്രീഡിംഗ് ട്രാപ്പോ വയ്ക്കുകയും ചെയ്യുക.
പെണ്‍ഗപ്പികള്‍, പ്രജനനം കഴിഞ്ഞ് 3-4 മാസം വരെ ബീജങ്ങള്‍ ജീവനുളളവയായി ഉളൡ സൂക്ഷിക്കുന്നു. ആദ്യ ബാച്ച് 200 മുട്ടകള്‍ ബീജസങ്കലനം കഴിഞ്ഞ് 24-ാം ദിവസം ഉളളില്‍ വച്ചു തന്നെ വിരിഞ്ഞ് ദിവസങ്ങള്‍ കൊണ്ട് വളര്‍ന്ന് കുഞ്ഞുങ്ങളെ പ്രസവിക്കും. അടുത്തത് മൂന്നാഴ്ചയ്ക്കു ശേഷം.
കുഞ്ഞുങ്ങള്‍ പുറത്തുവന്നാല്‍ ഉടന്‍ തന്നെ ആഹാരം തേടും. ജന്തു പ്ലവകങ്ങള്‍, കൊതുകു കൂത്താടികള്‍ ഇവ പഥ്യം. പ്രസവിക്കുന്ന മറ്റുളളവയുടേയും പ്രജനന രീതി ഏറെക്കുറേ ഇതുപോലെതന്നെ.
ഗപ്പിയുടെ ആണ്‍-പെണ്‍ അനുപാതം 1:3 ഉം, വേണ്ട അമ്ല-ക്ഷാരത 6.9-7.4 ഉം ആണ്. ഊഷ്മാവ് 20-25 ഡിഗ്രി സെല്‍ഷ്യസ് പ്രജനനത്തിന് അനുഗുണം.
മോളിയ്ക്കും ഇവ യഥാക്രമം 1:5 ഉം, 7-7.5 ഉം 22-24 ഡിഗ്രി സെല്‍ഷ്യസും ആണ്.
(തുടരും)
- ബാലന്‍ മാവേലി
ഫിഷറീസ് വകുപ്പ് മുന്‍ ഡപ്യൂട്ടി
ഡയറക്ടറാണ് ലേഖകന്‍
ഫോണ്‍ : 9544997284
English Summary: Ornamental Fish
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments