മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയാണ് ഒസ്മാനാബാദി ഇനം ആടുകളുടെ ജന്മദേശം. ഒസ്മാനാബാദ് ജില്ലയിലെ ലാത്തൂർ, തുൽജാപൂർ, ഉദ്ഗിർ താലൂക്കുകളിലെ പരമ്പരാഗത ആടു വർഗമാണ് ഒസ്മാനാബാദി. ഒസ്മാനാബാദിന് പുറമേ മഹാരാഷ്ട്രയിലെ തന്നെ അഹമ്മദ് നഗർ, ധോലാപൂർ ജില്ലകളും ഇവയുടെ ജനന കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും കർണാടകയിലും ഒസ്മാനാബാദി ഇനത്തിന് നല്ല സ്വീകാര്യത ഉണ്ട്.
താരതമ്യേന ഇടത്തരം വലുപ്പമുള്ള ശരീരമാണ് ഒസ്മാനാബാദി ഇനത്തിന്റേത്. കറുപ്പാണ് പ്രധാനനിറം. ശരീരത്തിന്റെയും കാലുകളുടെയും നീളം പൊതുവേ കൂടുതലാണ്. അഞ്ചു തരത്തിലുള്ള ഒസ്മാനാബാദി ആടുകളുണ്ടെന്നാണ് കണക്കാക്കുന്നത്:
- പൂർണമായും കറുപ്പു നിറത്തിലുള്ളവയും കൊമ്പോടു കൂടിയവയും.
- പൂർണമായും കറുപ്പു നിറത്തിലുള്ളവ, എന്നാൽ വെളുത്ത ചെവികളുള്ള കൊമ്പോടു കൂടിയത്.
- പൂർണമായും കറുപ്പുനിറത്തിലുള്ളതും, കൊമ്പില്ലാത്തതും.
- പൂർണമായും കറുപ്പു നിറത്തിലുള്ളവയും എന്നാൽ വെളുത്ത ചെവികളോടു കൂടിയ കൊമ്പില്ലാത്തത്.
- മുഖത്തും ശരീരത്തിന്റെ അടിഭാഗത്തും തവിട്ടോ വെളുപ്പോ പുള്ളികൾ ഉള്ളവ.
ചെറിയ കൊമ്പുകളാണ് ഒസ്മാനാബാദി ആടുകളുടേത്. വളവില്ലാതെയോ അല്പം വളഞ്ഞിട്ടോ പുറകിലേക്കും മുകളിലേക്കും താഴേക്കുമായാണ് കൊമ്പുകൾ കാണുന്നത്. 90 ശതമാനം ആണാടുകൾക്കും കൊമ്പുകൾ കാണാം. പെണ്ണാടുകളിലാകട്ടെ കൊമ്പുള്ളവയും കൊമ്പില്ലാത്തവയും കാണുന്നു. ഇടത്തരം വലുപ്പമുള്ള തൂങ്ങിക്കിടക്കുന്ന ചെവികളാണ് ഇവരുടേത്. താടിയിൽ തൂങ്ങിക്കിടക്കുന്ന പ്രാദേശികമായി 'കിങ്ങിണി' എന്നു വിളിക്കപ്പെടുന്ന ശരീരഭാഗം മിക്കവാറും ആടുകളിൽ കാണപ്പെടുന്നു.
ഇറച്ചിക്കു വേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുന്നതെങ്കിലും പാലുല്പാദനത്തിനായും ഉപയോഗിക്കാവുന്ന ഇനമാണിത്. അനുകൂല പരിതഃസ്ഥിതികളിൽ ഉയർന്ന പ്രത്യുല്പാദനക്ഷമത കാണിക്കുന്ന ഈ ഇനം, അത്തരം സാഹചര്യങ്ങളിൽ വർഷത്തിൽ രണ്ടു തവണ പ്രസവിക്കാറുണ്ട്. 50 ശതമാനത്തിലേറെ പ്രസവങ്ങളിലും ഇരട്ടക്കുട്ടികളാണ് ഉണ്ടാകാറുള്ളത്.
Share your comments