പ്രളയകാലത്ത് കാർഷിക, ക്ഷീരമേഖലകളിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. വളർത്തുമൃഗങ്ങൾ, തൊഴുത്ത്, കാർഷിക ഉപകരണങ്ങൾ, തീറ്റപ്പുൽകൃഷി തുടങ്ങിയവയെല്ലാം പ്രളയം കവർന്നു. കർഷകരെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാനും അവർക്ക് നഷ്ടപരിഹാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാരും സഹകരണ സ്ഥാപനങ്ങളും.
എങ്കിലും ഓരോ കർഷകനും സംഭവിച്ച ഭീമമായ നഷ്ടം, നഷ്ടപരിഹാരമായി നൽകാൻ പരിമിതികളുണ്ട്. ഈ അവസരത്തിലാണ് ഇൻഷ്വറൻസ് കർഷകർക്ക് സഹായകമാകുന്നത്. ഇൻഷ്വർ ചെയ്തു മൃഗങ്ങളുടെ മൂല്യത്തിനൊത്ത തുക നഷ്ടപരിഹാരമായി ലഭിക്കും.
പശുക്കളെടക്കമുള്ള വളർത്തുമൃഗങ്ങളെ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഓർക്കാപ്പുറത്തുള്ള നാശനഷ്ടങ്ങളെ അതിജീവിക്കാനും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുമുള്ള മികച്ച വഴിയാണ് വളർത്തുമൃഗങ്ങളെ ഇൻഷ്വർ ചെയ്യുകയെന്നത്.
ഇൻഷ്വർ ചെയ്ത വളർത്തുമൃഗങ്ങൾ ചത്താൽ പോളിസി പ്രകാരമുള്ള പൂർണ തുകയും ലഭിക്കും. അവയുടെ ഉത്പാദന-പ്രത്യുത്പാദനശേഷി നഷ്ടമാക്കുന്ന രോഗാവസ്ഥകൾക്ക് പോളിസിയുടെ 75 ശതമാനം തുകയും കർഷകനു ലഭിക്കും. ഇതിനായി രണ്ടു തരത്തിലുള്ള ഇൻഷ്വറൻസ് പദ്ധതികൾ നിലവിലുണ്ട്. തീരെ കുറഞ്ഞ പ്രീമിയമാണ് ആകര്‍ഷണീയത. വളര്‍ത്തുമൃഗങ്ങളുടെ പ്രായം, ഉത്പാദനക്ഷമത എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിശ്ചയിക്കുന്ന വിപണി വിലയ്ക്ക് ആനുപാതികമായാണ് വാർഷിക പ്രീമിയം കണക്കാക്കുന്നത്. വളർത്തുമൃഗങ്ങളെ ഒന്നൊന്നായും ഫാമുകളിലെ മൃഗങ്ങളെ മൊത്തത്തിലായുമൊക്കെ ഇൻഷ്വർ ചെയ്യാം. ഒന്നു മുതൽ അഞ്ചുവർഷം വരെ കാലാവധിയുള്ള പദ്ധതികളുണ്ട്. കിടാവ്, കിടാരികൾ, പശുക്കൾ തുടങ്ങി ഏതു വിഭാഗത്തേയും ഇൻഷ്വർ ചെയ്യാം. എന്നാൽ പ്രായമുള്ളതും ആരോഗ്യമില്ലാത്തതുമായ മൃഗങ്ങളെ ഇൻഷ്വറൻസിനായി പരിഗണിക്കാറില്ല.
നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെയും, അരുമപ്പക്ഷികളെയും വരെ ഇൻഷ്വർ ചെയ്യാം. തീറ്റപ്പുൽക്കുഷി, കാർഷിക ഉപകരണങ്ങൾ, ഡയറിഫാം കെട്ടിടങ്ങൾ, അനുബന്ധ ഘടകങ്ങൾ എന്നിവയെല്ലാം മൊത്തത്തിൽ ഇന്‍ഷ്വര്‍ ചെയ്യാനുള്ള പദ്ധതികളും നിലവിലുണ്ട്
സർക്കാർ പദ്ധതികൾക്ക് കീഴിൽ ഇൻഷ്വറൻസ് നേടാൻ ആഗ്രഹിക്കുന്ന കർഷകർ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ മതി. പൊതുമേഖല / സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനങ്ങൾ മുഖാന്തിരം പോളിസി എടുക്കുന്നവർ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പോളിസികൾ തെരഞ്ഞെടുക്കണം. ശേഷം ഗുണഭോക്താവിന്റെ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മൃഗത്തിന്റെ കാതിൽ തിരിച്ചറിയുന്നതിനായുള്ള കമ്മൽ അടിക്കുന്നതടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കണം. മൃഗത്തിന്റെ ഫോട്ടോ, വെറ്ററിനറി ഡോക്ടർ പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ആരോഗ്യസർട്ടിഫിക്കറ്റ് എന്നിവ പിന്നീട് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമർപ്പിക്കണം. ഇൻഷ്വറൻസിന് ആനുപാതികമായ പ്രീമിയം തുക ഈ വേളയിൽ അടച്ചാൽ മതിയാവും.
ഇൻഷ്വറൻസ് എടുക്കുന്ന മൃഗങ്ങൾ പൂർണ ആരോഗ്യമുള്ളവയായിരിക്കണം. തൊഴുത്തും കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പു വരുത്തണം.പ്രതിരോധകുത്തിവയ്പ്പുകൾ ലഭ്യമായിട്ടും ഇവ നൽകാതെ രോഗം ബാധിച്ച് പശു ചത്താൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.ഉരുക്കൾക്ക് പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായെടുക്കാനും ആന്തര- ബാഹ്യപരാദങ്ങൾക്കെതിരെ മരുന്നുകൾ നൽകാനും ശ്രദ്ധിക്കണം.വളർത്തുമൃഗങ്ങളുടെ അസുഖങ്ങൾക്ക് വെറ്ററിനറി ഡോക്ടറിൽ നിന്ന് കൃത്യമായ ചികിത്സ തേടാൻ ശ്രദ്ധിക്കണം.സ്വയം ചികിത്സിക്കുകയോ, മതിയായ യോഗ്യതയില്ലാത്തവരെ ചികിത്സക്ക് ആശ്രയിക്കുകയോ ചെയ്യരുത്.അശാസ്ത്രീയ ചികിത്സാരീതികൾ അവലംബിച്ച് പശു ചത്താലും ഇൻഷ്വറൻസ് ലഭിക്കില്ല.അംഗീകൃത ഡോക്ടറുടെ ചികിത്സാ രേഖയും സാക്ഷ്യ പത്രവും ക്ലെയിം തീർപ്പാക്കാൻ നിർബന്ധമാണ്. മരുന്നുകളുടെ ബില്ലുകളും ചികിത്സാ വിവരങ്ങളും സൂക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിക്കണം.
Share your comments