കോഴി വളർത്തലിനെ കുറിച്ച് മുൻപൊരു ആർട്ടിക്കിൾ എഴുതിയിരുന്നു, കോഴിവളർത്തൽ പാഠം 1 ഇ. എം .സൊലൂഷൻ. ദുർഗന്ധം അകറ്റാൻ ഉള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇ എം സൊലൂഷൻ സ്പ്രേ ചെയ്തു ആറുമാസം വരെ കോഴിക്കാഷ്ടം മണമില്ലാതെ കൂടിന് താഴെ നീക്കം ചെയ്യാതെ വെക്കാമെന്ന അറിവാണ് അതിൽ പങ്കു വെച്ചത്. ഇനി പറയാൻ പോകുന്നത് ചിലവില്ലാത്ത കോഴി തീറ്റയെ കുറിച്ചാണ്.
കോഴി വളർത്തൽ ലാഭകരമാകണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് കോഴിത്തീറ്റ തന്നെയാണ്. കൂട്ടിലിട്ടു വളർത്തുന്ന കോഴികൾ ആണെങ്കിൽ കോഴിത്തീറ്റ വാങ്ങുക വഴി വളരെയധികം പണം ചിലവാകും. കൂടാതെ കാൽസ്യം ഗുളികകൾ വാങ്ങി വേറെയും പണം ചെലവാകും. ഇതിനു രണ്ടിനും ഒരു ചിലവ് കുറഞ്ഞ മാർഗം ഇവിടെ പരിചയപ്പെടുത്തുന്നു.
കോഴിത്തീറ്റ പണം കൊടുത്തു വാങ്ങാതെ വീട്ടിൽ തന്നെ എളുപ്പം ചിലവില്ലാതെ ഉണ്ടാക്കാവുന്നതാണ്. കോഴിക്ക് കൊടുക്കാവുന്ന വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കളെ കുറിച്ചാണ് പറയുന്നത്.ഇങ്ങനെ വീട്ടിൽ ലഭ്യമായ കോഴിത്തീറ്റ നൽകുന്നതിലൂടെ കോഴിവളർത്തൽ ഒരു ലാഭകരമായ ബിസിനസ് ആയി മാറും എന്നതിനു സംശയമില്ല. മുട്ട വിറ്റ് കിട്ടുന്ന പണത്തോടൊപ്പം കോഴി തീറ്റ വാങ്ങാൻ ഉപയോഗിക്കുന്ന കാശും ലാഭത്തിൽ കൂട്ടാം.കോഴിത്തീറ്റയുടെ വിലയാണ് കോഴിവളർത്തൽ നഷ്ടക്കച്ചവടമാക്കുന്നത്.
എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് പപ്പായ വൃക്ഷം. കോഴികൾ വളരെയധികം തിന്നാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇതിൻറെ ഇല. ഇവ കോഴിത്തീറ്റ ആയി നൽകുകയാണെങ്കിൽ കോഴികൾക്ക് വളരെയധികം ഗുണം ചെയ്യും . കോഴികൾക്ക് കൂടുതൽ മുട്ടകളിടാൻ പപ്പായ ഇലകൾ ഭക്ഷണമായി കൊടുത്താൽ മതി. അതുകൊണ്ടുതന്നെ അവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. കോഴിത്തീറ്റ വാങ്ങുന്നത് കുറയ്ക്കാനും മുട്ട കൂടുതൽ കിട്ടാനും അതുവഴി കൂടുതൽ പണം സമ്പാദിക്കാനും ഇങ്ങനെ ചെയ്താൽ മതി .
അതുപോലെതന്നെ മഞ്ഞളിൻറെ ഇലയും നീല ചേമ്പിലയും ആടലോടകത്തിൻറെ ഇലകളുമെല്ലാം ചെറുതായി അരിഞ്ഞ് കോഴികൾക്ക് തീറ്റയായി കൊടുക്കാവുന്നതാണ്.
രണ്ടാമതായി, കോഴിത്തീറ്റ വാങ്ങുന്നതിനു പകരം പണം ചിലവാക്കാതെ അരികടകളിൽ നിന്നും അടിച്ചെടുക്കുന്ന അരി സംഭരിച്ച് നനച്ച് കൊടുക്കാവുന്നതാണ്. അരി മാത്രമല്ല ഈ രീതിയിൽ ഗോതമ്പും പണം കൊടുക്കാതെ ലഭ്യമാക്കാം. ഇവ തുല്യ അളവിലെടുത്ത് നനച്ചു വേണം കൊടുക്കാൻ. ഇത് ലഭ്യമല്ലെങ്കിൽ റേഷൻ കടകളിൽ നിന്നും കിട്ടുന്ന വിലകുറഞ്ഞ അരി ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും അരിമില്ലിൽ നിന്നും കിട്ടുന്ന തവിടും കൂട്ടി കുഴയ്ക്കുകയാണെങ്കിൽ കോഴികൾക്ക് നൽകാവുന്ന നല്ലൊരു പോഷകസമൃദ്ധമായ തീറ്റയാകും.
കാൽസ്യത്തിൻറെ കുറവിന് കാൽസ്യം ഗുളികകൾ വാങ്ങി പണം കളയുന്നതിനു പകരം മുട്ടത്തോട് പൊടിച് മേൽപ്പറഞ്ഞ തീറ്റയോടു കൂടി മിക്സ് ചെയ്ത് കൊടുത്താൽ മതി. കാൽസ്യം കുറവുള്ളതു കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇങ്ങനെ ചെയ്യുന്നതിൽ കൂടി പരിഹരിക്കപ്പെടും. ഇത് കൂടാതെ കോഴികൾ ഒരു അളവ് വരെ പുല്ല് കൊത്തി തിന്നാറുണ്ട്. പുല്ല് തിന്നാൻ കൊടുക്കുന്നതു വഴി ഒരു പരിധിവരെ തീറ്റ വാങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കും.
അടുക്കളയിൽ ഉണ്ടാകുന്ന പച്ചക്കറിവേസ്റ്റുകളും കറികളുടെ അവശിഷ്ടങ്ങളും കോഴികൾക്ക് തീറ്റയായി കൊടുക്കാവുന്നതാണ്. ചോറ് അധികം കൊടുക്കുന്നത് നല്ലതല്ല.തീറ്റ കൊടുക്കുമ്പോൾ ഈർപ്പമില്ലാത്ത സ്ഥലത്ത് വെച്ച് കൊടുക്കുന്നതാണ് നല്ലത്.
ഇപ്പറഞ്ഞതിനർഥം കടയിൽ നിന്നും കോഴിത്തീറ്റ തീരെ വാങ്ങി കൊടുക്കേണ്ടനല്ല, നേരെമറിച്ച് പകുതിയിലധികം കുറയ്ക്കാം എന്നാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
Share your comments