വിപണി കീഴടക്കുന്നതിൽ കാടയും കാടമുട്ടയും മുമ്പിലാണ്. കാട ഇറച്ചി വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ നമ്മുടെ നാട്ടിൽ വളരെ കുറവാണുതാനും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ആവശ്യമുള്ളത് പരിചയമാണ്. വീട്ടിൽ ഫാം തുടങ്ങാനോ, വലിയ രീതിയിൽ കോഴി വളർത്തൽ തുടങ്ങാനോ ആഗ്രഹിക്കുന്നവർ തീർച്ചയായും ആദ്യം കാട വളർത്തൽ ആരംഭിക്കുന്നതാണ് നല്ലത്.
കൂടുതൽ വാർത്തകൾ: ചക്കക്കുരു പുറംതൊലി കളഞ്ഞ് പുഴുങ്ങിക്കൊടുക്കുക ആണെങ്കിൽ പശുവിന് പാൽ കൂടും
അനായാസം ഈ കാടവളർത്തൽ..
കാടക്കോഴികളെ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത. പരിമിതമായ സ്ഥലം, ചെറിയ അളവിലുള്ള തീറ്റ, ഉയർന്ന രോഗ പ്രതിരോധശേഷി എന്നിവ കാടക്കൃഷിയുടെ മറ്റ് പ്രത്യേകതകളാണ്. ഇറച്ചി ഉൽപാദനത്തിന് ആൺ കാടകളെയും പെൺകാടകളെയും ഒരുമിച്ച് വളർത്താം. മറിച്ച് മുട്ടയ്ക്കാണെങ്കിൽ പെൺ കാടകൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. ആറാമത്തെ ആഴ്ച മുതൽ കാടകൾ മുട്ടയിട്ട് തുടങ്ങും. കാടക്കുഞ്ഞുങ്ങൾക്ക് കൃത്രിമ ചൂട് നൽകാൻ ബ്രൂഡർ കേജുകൾ (ബ്രൂഡിങ് പരിചരണം) ഒരുക്കാം. ഇതിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ നിർത്താം.
ബ്രൂഡിങ് പരിചരണം എങ്ങനെ?
കൂട് ഒരുക്കുമ്പോൾ 3 അടി നീളം, 2 അടി വീതി, ഒരടി പൊക്കം എന്നിവ ശ്രദ്ധിക്കണം. കാൽ ഇഞ്ച് കണ്ണികളുള്ള കമ്പിവല ഉപയോഗിക്കാം. ഇത്തരം കൂടുകളിൽ 100 കാടക്കുഞ്ഞുങ്ങളെ പാർപ്പിക്കാം. 60 വാട്ടിന്റെ 2 ബൾബ് ഇട്ട് 2 ആഴ്ചയോളം ഇവയെ പാർപ്പിക്കാം. കൂട്ടിൽ ചണച്ചാക്ക് നിർബന്ധമായും വിരിക്കണം. പാത്രങ്ങളിൽ ചെറിയ അളവിൽ വെള്ളം നൽകാം. അല്ലെങ്കിൽ
2 അടി നീളത്തിലുള്ള പിവിസി പൈപ്പുകൾ വെള്ളം നൽകാനായി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത് ഇത് ഘടിപ്പിക്കണം. പേപ്പർ പ്ലേറ്റിൽ ഭക്ഷണം നൽകാൻ മറക്കരുത്.
ആൺകാടകൾക്ക് കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറവും, പെൺകാടകൾക്ക് കറുത്ത പുള്ളിക്കുത്തുള്ള ചാര നിറവും ആയിരിക്കും. കാടകളെ വളർത്തുമ്പോൾ തീറ്റയ്ക്കാണ് ചെലവ് കൂടുതൽ വരുന്നത്. മുട്ടയ്ക്ക് വേണ്ടി വളർത്തുമ്പോൾ തീറ്റയ്ക്ക് നല്ല പ്രാധാന്യം നൽകണം. ആദ്യത്തെ മൂന്നാഴ്ചത്തെ തീറ്റയിൽ പ്രോട്ടീനും കലോറിയും അടങ്ങിയിരിക്കണം. പെൺകാടകൾക്ക് തീറ്റയിൽ കക്കപ്പൊടി ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. തീറ്റയിൽ പച്ചില ചേർക്കുന്നതും നല്ലതാണ്.
മുട്ടയിടുന്ന കാടകൾക്ക് ദിവസം 16 മണിക്കൂർ വെളിച്ചം ലഭിക്കണം. മുട്ടയിട്ട് തുടങ്ങിയ ശേഷമാണ് മുട്ടക്കാടത്തീറ്റയിലേക്ക് മാറേണ്ടത്. കാടകൾ വൈകുന്നേരങ്ങളിലാണ് മുട്ടയിടുന്നത്. ഇവയ്ക്ക് പൊതുവെ രോഗസാധ്യത കുറവാണ്. ശുദ്ധമായ വെള്ളം, തീറ്റ എന്നിവ നൽകിയാൽ മറ്റ് രോഗങ്ങളും വരാൻ സാധ്യതയില്ല.
Share your comments