കാടപ്പക്ഷികൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ്ണ വളർച്ചയെത്താറുണ്ട്. ആറാഴ്ച കൊണ്ട് പ്രായ പൂർത്തിയെത്തുന്ന ഇവ ഒന്നിന് ഏകദേശം 180 ഗ്രാം ശരീര തൂക്കം ഉണ്ടായിരിക്കും. (160 മുതൽ 200 ഗ്രാംവരെ വ്യതിയാനം ഉണ്ടാകാറുണ്ട്), പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടു തുടങ്ങുന്നു. ഇറച്ചിക്കു വേണ്ടിയുള്ള കാടകളെ ഇതേ പ്രായത്തിൽ തന്നെ വിൽക്കുന്നതായിരിക്കും ഉത്തമം.
പ്രായപൂർത്തിയെത്തിയ കോഴികൾക്കു നൽകുന്ന പരിപാലന മുറകളെല്ലാം തന്നെ ഇവയ്ക്കും നൽകേണ്ടതാണ്. ഡീപ്പ് ലിറ്റർ സമ്പ്രദായത്തിൽ വളർത്തുന്നവയ്ക്ക്, സ്ഥലസൗകര്യം ഒരു കാടയ്ക്ക് ഏകദേശം 200-250 ചതുരശ്ര സെ.മീ.ആയിരിക്കണം. ഒരു കാടയ്ക്ക് തീറ്റ സ്ഥലം ഏകദേശം 2-3 സെ.മീ. നിരക്കിലും, 1.5 സെ.മീ. നിരക്കിൽ വെള്ളത്തിനുള്ള സ്ഥലസൗകര്യവും നൽകേണ്ടതാണ്. വിരി (ലിറ്റർ) യുടെ ഘനം 10 സെ.മീ. ആയിരിക്കണം.
മുട്ടയിടുന്ന കാടകൾക്ക്, അതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കേണ്ടതാണ്. 15 സെ.മീ. വീതിയും, 20 സെ.മീ. ആഴവും, 20 സെ.മീ. ഉയരവും ഉള്ള പെട്ടികൾ ഇതിലേയ്ക്കായുപയോഗിക്കാവുന്നതാണ്. ഇത്തരം ഒരു പെട്ടി 4-5 കാടകൾക്ക് മതിയാകും. 16 മണിക്കൂർ വെളിച്ചം പെൺകാടകൾക്ക് നൽകുന്നത് മുട്ടയുത്പാദന പ്രക്രിയയെ സഹായിക്കുന്നു. ഒരു 40 വാട്ട് ബൾബ് 9 ച.മീറ്റർ സ്ഥലത്തേക്ക് മതിയാകുന്നതാണ്.
നല്ല വായു സഞ്ചാരം എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. അന്തരീക്ഷത്തിൽ 15 ഡിഗ്രി സെൽഷ്യസ് മുതൽ 25 ഡിഗ്രി സെൽഷ്യസ്താപവും 40-70 ശതമാനം ഈർപ്പവും ഉള്ള കെട്ടിടങ്ങളിൽ കാടകൾ എപ്പോഴും സന്തുഷ്ടരായിരിക്കും. ശരിക്കുള്ള അളവിലും ഗുണത്തിലും ഉള്ള തീറ്റയും നൽകേണ്ടതാവശ്യമാണ്. അനാവശ്യമായി പെൺകാടകളെ സദാ കൈകാര്യം ചെയ്യുന്നത് അവയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും പ്രായപൂർത്തി എത്തുന്നതിന് കാലതാമസം വരുകയും ചെയ്യും
Share your comments