മുയലുകളെ വളര്‍ത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമുള്ള കഴിവ് ആര്‍ജ്ജിച്ചാല്‍ രോഗബാധമൂലമുണ്ടാകുന്ന നഷ്‌ടങ്ങള്‍ കുറയ്‌ക്കാന്‍ സാധിക്കും. രോഗം വന്നു ചികില്‍സ തേടുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുന്നതാണുത്തമം. രോഗം ബാധിച്ച മുയലുകളുടെ വളര്‍ച്ച മുരടിക്കുന്നു. പ്രത്യുല്‍പ്പാദനനിരക്ക് കുറയുന്നു. മുലയൂട്ടുന്ന അമ്മമാരുടെ പാലുല്‍പ്പാദനം കുറയുന്നതുമൂലം കുഞ്ഞുങ്ങള്‍ മരണപ്പെടാന്‍ ഇടയാകുന്നു. എന്നിങ്ങനെ നീളുന്നു നഷ്‌ടത്തിന്റെ കണക്കുകള്‍. രോഗലക്ഷണങ്ങളറിയുന്നതിനുമുമ്പ് ആരോഗ്യത്തിന്റെ ലക്ഷണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
രോമം: നല്ല മിനുസമുള്ളതായിരിക്കണം. കൊഴിഞ്ഞുപോകുന്ന രോമത്തിനടിയില്‍ തൊലിയുടെ അംശങ്ങള്‍ പാടില്ല. തൊലിപ്പുറമേ മുറിവുകളോ കുരുക്കളോ പാടില്ല.
കണ്ണുകള്‍: തിളങ്ങുന്ന കണ്ണുകളോടുകൂടി ജാഗരൂകരായിട്ടുള്ള മുയലുകള്‍ ആരോഗ്യമുള്ളവയാണ്. കണ്ണുകളില്‍നിന്നും സ്രവങ്ങളൊന്നും പാടില്ല.
ചലനം: മുയല്‍ ചലിക്കുമ്പോള്‍ സ്വതന്ത്രമായും സുഗമമായും ചലിക്കണം. വിശ്രമിക്കുമ്പോള്‍ ശാന്തമായും സുഗമമായും ശ്വസിക്കുന്നവയാകണം. സാധാരണ അവസ്ഥയില്‍ ശ്വസനത്തോത് മിനിട്ടില്‍ 38-65 ആണ്. കൂനിക്കൂടി ഇരിക്കുന്നതും ആയാസതതോടെ ചലിക്കുന്നതും രോഗലക്ഷണമായി കണക്കാക്കാവുന്നതാണ്.
ഭക്ഷണം/തീറ്റ/വിശപ്പ്: സാധാരണരീതിയില്‍ ഭക്ഷണം കഴിക്കുന്ന മുയലുകള്‍ ആരോഗ്യവാന്മാരായിരിക്കും. എന്നാല്‍ തീറ്റയ്‌ക്ക് മടുപ്പോ മറ്റോ കാണുന്നപക്ഷം അതു രോഗലക്ഷണമായി കണ്ടു വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.
കാഷ്‌ഠം: സാധാരണയായി മണിമണിയായുള്ള കാഷ്‌ഠമാണ് മുയലിന്റേത്. ഇതില്‍നിന്നും വ്യത്യസ്‌തമായത് രോഗലക്ഷണമായി കണക്കാക്കാം.
തൂക്കവും വളര്‍ച്ചയും: പ്രായപൂര്‍ത്തിയായ മുയലുകള്‍ ശരീരതൂക്കം വര്‍ധിക്കാതെയും കുറയാതെയും ഇരിക്കണം. എന്നാല്‍ മുലയൂട്ടുന്ന തള്ളമുയലുകളില്‍ ശരീരഭാരം കുറയുന്നത് സാധാരണമാണ്. എന്നാല്‍ ശരീരഭാരത്തിലെ ക്രമാതീതമായ കുറവ് രോഗലക്ഷണമാകാം.
നാഡിമിടിപ്പ്: ആരോഗ്യമുള്ള മുയലിന്റേത് ഒരു മിനിട്ടില്‍ 140-180 ആണ്. ശരീര ഊഷ്‌മാവ് 390 C ആയിരിക്കും. പേടിപ്പിച്ചാലും ചൂടുകാലവസ്ഥയിലും ഇതില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.
രോഗം വരാതെ തടയുന്നതെങ്ങനെ
1. വിശ്വസനീയമായ ബ്രീഡര്‍മാരില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ മാത്രമേ പുതിയ മുയലുകളെ വാങ്ങാവൂ.
2. ക്വാറന്റയിന്‍- പുറമേനിന്നുള്ള മുയലുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പ്രത്യേകം കൂടുകള്‍ വേണം. ഇവ സാധാരണ കൂടുകളില്‍നിന്നും അകലത്തിലായിരിക്കണം. ഇവ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്.
a. പുറമേനിന്നുള്ള മുയലുകളെ ചുരുങ്ങിയത് 2 ആഴ്‌ചയെങ്കിലും മാറ്റിയിടാന്‍.
b. രോഗം ബാധിച്ചു എന്ന് സംശയിക്കുന്ന മുയലുകളെ മാറ്റിയിടാന്‍.
രോഗം തടയുന്നതില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
1. അതിശൈത്യമോ മഴച്ചാറലോ കഠിനമായ ചൂടോ കൂടിനകത്തേക്ക് കടക്കാത്ത വിധത്തിലുള്ളവയായിരിക്കണം.
2. കൂട്ടില്‍ വായുസഞ്ചാരമുണ്ടായിരിക്കണം.
3. തിങ്ങിപ്പാര്‍ക്കുവാന്‍ ഇടവരരുത്.
4. എലി, പെരുച്ചാഴി, നായ, പൂച്ച, ഇഴജന്തുക്കള്‍ എന്നിവയില്‍നിന്നും സംരക്ഷണം നല്‍കണം.
5. ശുചിത്വപരിപാലനം. രോഗം വരാതെയിരിക്കുന്നതില്‍ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്.
കൂടുകളും തീറ്റപ്പാത്രവും വെള്ളപ്പാത്രവും തറയും ചുമരുകളും എല്ലാതന്നെ വൃത്തിയായി സൂക്ഷിച്ചാല്‍ രോഗം വരാതെ തടയാം. നെസ്റ്റ്‌ബോക്‌സുകള്‍ ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവം നടക്കുന്നതിനുമുമ്പുതന്നെ അണുനാശിനികൊണ്ടു കഴുകണം.
തീറ്റ നല്‍കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. ഓരോ മുയല്‍ നും ആവശ്യമായ അളവില്‍ തീറ്റ കൊടുക്കുക
2. ഗുണമേന്മയുള്ള തീറ്റ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
3. വൃത്തിയുള്ളതും പുതിയതുമായ തീറ്റ നല്‍കണം.
4. രാവിലെയും വൈകുന്നേരംവും കൃത്യമായ സമയങ്ങളില്‍ തീറ്റ കൊടുക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്
5. തീറ്റയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ഒഴിവാക്കണം.
6. തലേദിവസത്തെ തീറ്റ അവശിഷ്ടങ്ങള്‍ ഉണ്ട് എങ്കിൽ അത് പിന്നീട് കൊടുക്കരുത്, അത് ഒഴിവായി പുതിയത് നൽകണം
അസുഖമുള്ള ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മാറ്റിപ്പാര്‍പ്പിക്കുക: രോഗംബാധിച്ച മുയലിനെ മറ്റു കൂട്കളിഇല്‍ നിന്നും പാര്‍പ്പിക്കുക.
2. ശുചിത്വം: കൂടുകളുടെ പ്രവേശനകവാടത്തില്‍ കാലുമുക്കി കഴുകുവാനുള്ള ഫൂട്ട്‌ഡിപ്പുകള്‍ സ്ഥാപിക്കുക.
3. രോഗം ബാധിച്ചവയ്‌ക്ക് പ്രത്യേകം ശുശ്രൂഷ നല്‍കുക.
4. ഒരു വിദഗ്‌ധനെക്കൊണ്ട് ശരിയായ രോഗനിര്‍ണയം നടത്തുക.
5. ആവശ്യമായ ചികില്‍സ ശരിയായ രീതിയില്‍തന്നെ നല്‍കുക. ആന്റിബയോട്ടിക്കുകള്‍ നല്‍കുകയാണെങ്കില്‍ അത് കൃത്യമായ അളവിലും തവണകളിലും നല്‍കണം.
6. ആവശ്യമെങ്കില്‍ ദയാവധം നടത്തുക: വിട്ടുമാറാത്ത രോഗങ്ങളുള്ളവയെ ദയാവധം ചെയ്യുന്നതിലൂടെ മറ്റു മുയലുകളെ രക്ഷിക്കുകയാണ് നാം ചെയ്യുന്നത്.
7. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക: മരണമടയുന്ന മുയലുകളെ മൃഗ ഡോക്ടര് റെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കുക.
Share your comments