മുയലുകളിലെ ഗർഭകാലം 28- 32 ദിവസമാണ്. ഗർഭധാരണം സ്ഥിരീകരിക്കൽ മുയലിന്റെ ശരീരത്തിന്റെ അടിയിൽ ഇടുപ്പിന്റെ മുന്നിൽ സ്പർശനത്തിലൂടെ നടത്താം. ഇണ ചേർത്ത് 10 ദിവസം കഴിഞ്ഞ് ഗർഭപരിശോധന നടത്താം. ഇതിനായി പിൻകാലുകൾക്കിടയിൽ അടിവയറിന്റെ കീഴ്ഭാഗത്ത് മൃദുവായും ശ്രദ്ധയോടെയും അമർത്തുക. വളരുന്ന ഭ്രൂണങ്ങൾ ഗോലികൾ പോലെ തിരിച്ചറിയാം.
ഇത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം. ഗർഭം നിർണ്ണയിക്കപ്പെട്ടാൽ 26 -ാം ദിവസം കൂട്ടിൽ നെസ്റ്റ് ബോക്സ് വെച്ചുകൊടുക്കുക. ഉണങ്ങിയ പുല്ലോ, വൈക്കോലോ, പഞ്ഞിയോ ഇട്ടുകൊടുക്കണം. ഈ അറയിൽ പ്രസവം നടക്കും. സാധാരണയായി പ്രസവം രാത്രിയിലോ, അതിരാവിലെയോ നടക്കും. ഗർഭിണികൾക്ക് പോഷകമൂല്യമേറിയ തീറ്റയും, പച്ചപ്പുല്ലും, വിറ്റാമിൻ മിശ്രിതങ്ങളും നൽകണം.
പ്രസവിച്ചശേഷം ജീവനില്ലാത്ത കുഞ്ഞുങ്ങളെ നീക്കം ചെയ്യുക. ആവശ്വമായ പാൽ ലഭിക്കുന്നുണ്ടെങ്കിൽ കുഞ്ഞുങ്ങൾ കിടന്നുറങ്ങുന്നതായും, ലഭിയ്ക്കുന്നില്ലെങ്കിൽ അസ്വസ്ഥരായും തൊലി ചുളിഞ്ഞിരിക്കുന്നതായും കാണാം. അപ്പോൾ തള്ളമുയലുകളെ മലർത്തിക്കിടത്തി കുഞ്ഞുങ്ങളെ കുടിപ്പിയ്ക്കാൻ ശ്രമിക്കാം. പത്തു മുതൽ പന്ത്രണ്ടു ദിവസത്തിനുള്ളിൽ മുയൽക്കുഞ്ഞുങ്ങൾ കണ്ണു തുറക്കുകയും, രോമങ്ങൾ വളരാൻ തുടങ്ങുകയും ചെയ്യും.
ചില പ്രത്യേക സാഹചര്യങ്ങളിൽ തള്ള മുയലുകൾ കുഞ്ഞുങ്ങളെ ഭക്ഷിക്കാറുണ്ട്. തള്ളമുയലിന്റെ ഭക്ഷണത്തിൽ മാംസ്യത്തിന്റെ കുറവ്, പേടിപ്പെടുത്തുന്ന ചുറ്റുപാടുകൾ, സ്വഭാവ വൈകല്യം എന്നിവയാണ് ഇതിന് കാരണങ്ങൾ. ഇത്തരം മുയലുകളെ മാറ്റി പാർപ്പിക്കുകയും പ്രജനനത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യണം. നാലുമുതൽ ആറാഴ്ചക്കുള്ളിൽ മുയൽക്കുഞ്ഞുങ്ങളെ അമ്മയിൽ നിന്ന് വേർതിരിക്കാവുന്നതാണ്.
പെൺമുയലുകളെ കുട്ടികളെ വേർതിരിച്ചതിനുശേഷമാണ് ഇണ ചേർക്കുക അങ്ങനെയാണെങ്കിൽ രണ്ടു പ്രസവങ്ങൾ തമ്മിൽ രണ്ടുമാസം ഇടവേളയുണ്ടാകും. എന്നാൽ പ്രസവാനന്തരം ഉടനെ ഇണ ചേർക്കുന്ന രീതിയിൽ ഈ കാലയളവു കുറയ്ക്കാം. ഏകദേശം 21 ദിവസം പ്രായമാകുമ്പോൾ ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും തിരിച്ചറിയാം.
ഗുദദ്വാരത്തിന് താഴെ പതുക്കെ വിരൽകൊണ്ടമർത്തുക. പെൺകുഞ്ഞുങ്ങൾക്ക് ചെറിയ കീറപോലെയുള്ള ദ്വാരവും ആൺകുഞ്ഞുങ്ങൾക്ക് സിലിണ്ടർ ആകൃതിയിലുള്ള ലിംഗവും കാണാം. മുയലുകൾ ജീവിതത്തിന്റെ ആദ്യത്തെ രണ്ടാഴ്ചക്കാലം തള്ളമുയലിന്റെ പാൽ മാത്രം ആശ്രയിച്ച് ജീവിക്കുന്നു. അതിനുശേഷം മാത്രമേ പതുക്കെ തീറ്റയും പുല്ലുകളും തിന്നാൻ തുടങ്ങുകയുള്ളൂ.
Share your comments