മനോഹരമായി ചീകിയൊതുക്കി കെട്ടിവച്ച പഞ്ഞിക്കെട്ടുപോലുളള മുടിയും തിളങ്ങുന്ന കണ്ണുകളും ഒറ്റനോട്ടത്തില്‍ ഒരു പാവക്കുട്ടിയെ ഓര്‍മ്മിപ്പിയ്ക്കും. എന്നാല്‍ ആളു ചില്ലറക്കാരനൊന്നും അല്ല കേട്ടോ.
പറഞ്ഞുവരുന്നത് അരുമകളിലിപ്പോള്‍ താരമായ ഷിറ്റ്‌സു ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെക്കുറിച്ചാണ്. കൊറോണക്കാലം സമ്മാനിച്ചുകൊണ്ടിരിക്കുന്ന വിരസതയ്ക്ക് പരിഹാരമായി പലരുമിപ്പോള്‍ അരുമകളെ കൂട്ടുപിടിച്ചിട്ടുണ്ട്. അതില്‍ത്തന്നെ വീട്ടുകാവലിന് വളര്‍ത്തുന്ന നായ്ക്കളെക്കാള്‍ ഡിമാന്റും ഷിറ്റ്‌സു ഇനത്തിലെ ഓമന നായ്ക്കുട്ടികള്‍ക്കാണ്.
ഫ്‌ളാറ്റിനുളളിലും വീടുകളിലുമെല്ലാം ഒരുപോലെ വളര്‍ത്താമെന്നതാണ് ഷിറ്റ്‌സുവിന്റെ പ്രത്യേകത. ആളുടെ ജന്മദേശം ചൈനയാണ് കേട്ടോ. ഷിറ്റ്‌സു എന്നാല്‍ ലയണ്‍ ഡോഗ് എന്നാണര്‍ത്ഥം. കൂട്ടുകൂടാന്‍ ഏറെ യോജിച്ച ഇനം. വീട് മാത്രമായി ലോകം ചുരുങ്ങിയതോടെ കുട്ടികള്‍ക്ക് ബോറടിമാറ്റാന്‍ പലരും ഷിറ്റ്‌സുവിനെ സമ്മാനിക്കുന്നുണ്ട്.
എന്നാല്‍ ആളുടെ വില കേട്ടാല്‍ അല്പം കണ്ണുതളളിയേക്കും. 30,000 മുതല്‍ 50,000 രൂപ വരെ ഇതിന് കേരളത്തില്‍ വിലയുണ്ട്. നേരത്തെ ബാഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും കേരളത്തിലേക്ക് ഷിറ്റ്‌സുവിനെ എത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ കേരളത്തില്‍ ഷിറ്റ്‌സു ബ്രീഡിങ് നടത്തുന്നവരും കൂടിയിട്ടുണ്ട്. വില കൂടിയാലും എത്ര പൈസ വേണമെങ്കിലും ചെലവഴിക്കാനും ആള്‍ക്കാര്‍ റെഡിയാണെന്നതാണ് മറ്റൊരു വസ്തുത.
സ്ഥലപരിമിതിയ്ക്കുളളിലും വളര്‍ത്താമെന്നതിനാല്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും ഷിറ്റ്‌സുവിനെ ഇഷ്ടപ്പെടുന്നു. വലിയ ബഹളക്കാരനല്ലെന്നതാണ് മറ്റൊരു ആകര്‍ഷണം.വൈറ്റ്, ബ്ലാക്ക്, ബ്രൗണ്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ലൈറ്റ് ബ്രൗണ്‍ നിറങ്ങളില്‍ ഷിറ്റ്‌സുവിനെ ലഭിക്കും. ഇതൊക്കെയാണെങ്കിലും കൃത്യമായ പരിചരണം ഇവയ്ക്ക് ആവശ്യമാണ്. ചൂട് കൂടുതല്‍ സഹിക്കാനാകില്ലെന്നതിനാല്‍ അതിനുളള സൗകര്യങ്ങള്‍ കാണണം. മറ്റൊരു കാര്യം ഇവരുടെ നീണ്ട രോമമാണ്. വളരുന്നതിനനുസരിച്ച് ഇവ വെട്ടിക്കൊടുത്തില്ലെങ്കില്‍ ജഡ കെട്ടാനും സാധ്യതയേറെയാണ്. അതുപോലെ ദിവസവും ചീകിയൊതുക്കുകയും വേണം. ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കണം.
സൗന്ദര്യം കൂട്ടാന്‍ ഗ്രൂമിങ് പാര്‍ലറുകളും
ഓമനമൃഗങ്ങളുടെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാനുളള ഗ്രൂമിങ് പാര്‍ലറുകളുടെ സേവനം മിക്ക നഗരങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഹെയര്‍ കട്ട്, ഹെയര്‍ സ്‌റ്റൈലിങ്, നെയില്‍ ട്രിമ്മിങ്, ബാത്തിങ്, ഇയര്‍ ക്ലീനിങ്, ടീത്ത് ബ്രഷിങ് ഇങ്ങനെ നീളുന്നു പെറ്റ് ഗ്രൂമിങ് പാര്‍ലറുകളിലെ സൗകര്യങ്ങള്‍. ഷിറ്റ്‌സു പോലുളള ഇനങ്ങള്‍ക്ക്
ശരിയായ രീതിയില്‍ ഗ്രൂം ചെയ്തില്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടായിരിക്കും. ഇരുപത് ദിവസത്തിലൊരിക്കല്‍ ഗ്രൂമിങ് നടത്തണമെന്ന് കൊച്ചി പാലാരിവട്ടത്തെ പ്രൊഫഷണല്‍ പെറ്റ് ഗ്രൂമര്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു.
'' സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് ഷിറ്റ്‌സുവിന്റെ ആരാധകര്‍. ലോക്ഡൗണ്‍ നാളുകളിലാണ് പെറ്റ്‌സ് വളര്‍ത്തുന്നവരുടെ എണ്ണം കൂടിയത്. ഓരോ ബ്രീഡിനും യോജിച്ച ഷാംപുവാണ് ഞങ്ങള്‍ ഉപയോഗിക്കാറുളളത്. ഷാംപൂവിനു ശേഷം കണ്ടീഷണറും ഉപയോഗിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ ഹെയര്‍ വാഷ് ചെയ്യുന്നതാണ് നല്ലത്. ഷാംപൂവും മറ്റും സ്ഥിരം ഉപയോഗിക്കുമ്പോള്‍ സ്‌കിന്‍ ഡ്രൈ ആയേക്കും. രോമത്തിലുളള എണ്ണമയം നഷ്ടപ്പെടാനും കാരണമാകും. ഡ്രൈ ബാത്തും ഇവയ്ക്കായുണ്ട്.
ഹെയര്‍ വാഷ് പോലെ തന്നെ പ്രധാനമാണ് ഹെയര്‍ സ്റ്റൈലിങ്ങും. ഷിറ്റ്‌സു പോലുളളവയ്ക്ക് പ്രത്യേക ഹെയര്‍ സ്റ്റൈലിങ് രീതികള്‍ തന്നെയുണ്ട്. ടെഡി ബെയര്‍ കട്ട്, പപ്പി കട്ട്, ലയണ്‍ കട്ട് എന്നീ സ്റ്റൈലുകള്‍ നിലവിലുണ്ട്. ഗ്രൂമിങ്ങിനായി എത്തുന്നതില്‍ 80 ശതമാനത്തിലധികം ഷിറ്റ്‌സു ഇനത്തില്‍പ്പെട്ടവയാണ് ''- അദ്ദേഹം പറഞ്ഞു.
Share your comments