കറുപ്പാട് ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തമിഴ്നാടിന്റെ തനത് ആടിനമാണ് സേലം ബ്ലാക്ക്. തമിഴ്നാടിന്റെ വടക്കുപടിഞ്ഞാറൻ കാർഷിക കാലാവസ്ഥാ മേഖലയിൽപ്പെടുന്ന ധർമപുരി ജില്ലയിലെ ധർമപുരി, കരിമംഗലം ബ്ലോക്കുകൾ, പെണ്ണാഗരം താലൂക്കിലെ പെണ്ണാഗരം ബ്ലോക്ക്, പാലക്കോട് താലൂക്ക് എന്നിവിടങ്ങളിലും സേലം ജില്ലയിലെ മേട്ടൂർ താലൂക്കിലെ മേച്ചേരി, കൊളത്തൂർ ബ്ലോക്കുകൾ എന്നിവിടങ്ങളിലും ഈ റോഡ് ജില്ലയിലെ തലവടി അന്തിയൂർ ബ്ലോക്കുകൾ എന്നിവിടങ്ങളിലുമായാണ് ഈ ഇനം ഉരുത്തിരിഞ്ഞത്. ഈ പ്രദേശങ്ങളിലെ ചൂടേറിയ അർധ - ഊഷര ഉഷ്ണമേഖലാ കാലാവസ്ഥയോട് നന്നായി ഇണങ്ങിച്ചേർന്നു പോകുന്ന ഇനമാണ് സേലം ബ്ലാക്ക്. ഇവ ഇറച്ചിക്കായി വളർത്തപ്പെടുന്നു.
മറ്റു ആടുകളേക്കാൾ രുചിയേറിയതാണ് സേലം ബ്ലാക്ക് ആടുകളുടെ ഇറച്ചി എന്നതിനാൽ പ്രാദേശികമായി ഇവയുടെ ഇറച്ചിക്ക് വലിയ ആവശ്യകതയാണ്. പൂർണമായും കറുത്തനിറമാണ് ഇവയുടെ ശരീരത്തിന്. ഉയരമുള്ളതും നീണ്ടതും മെലിഞ്ഞതും ഒതുങ്ങിയതുമാണ് ശരീരം. കാലുകൾക്ക് നീളക്കൂടുതൽ തോന്നിക്കും. ഇടത്തരം വലിപ്പമുള്ള തലയും, ചെറിയ തിളക്കമാർന്ന കണ്ണുകളും. ഇടത്തരം വലിപ്പമുള്ള ചെവികൾ ഇലയുടെ ആകൃതിയിലാണ്. പാതിതൂങ്ങിക്കിടക്കുന്ന രീതിയിലാണവ. ആണാടുകളുടെ കഴുത്ത് വീതിയുള്ളതും തടിച്ചതും നെഞ്ചോട് ശരിക്ക് ചേർന്നിരിക്കുന്നവയുമാണ്. ആണിനും പെണ്ണിനും കൊമ്പുകൾ കാണുന്നു. എന്നാൽ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ല. ഇടത്തരം നീളമുള്ള കൊമ്പുകൾ അറ്റം കൂർത്തവയാണ്.
മുകളിലേക്കും പുറകിലേക്കുമായാണ് മിക്കവാറും ആടുകളിൽ ഇവ കാണപ്പെടാറുള്ളത്. പ്രതിദിനം ശരാശരി 7-8 മണിക്കൂറുകൾ മേയ്ച്ചാണ് ഇവയ്ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നത്. ഇത്രയും സമയം കൊണ്ട് 3-6 കിലോമീറ്റർ ദൂരം ഇവ സഞ്ചരിക്കും. റോഡരികിലെ പുല്ലുകൾ, കൃഷിയോഗ്യമല്ലാത്ത ഇടങ്ങൾ, കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ, കാടിന്റെ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മേച്ചിൽപ്പാടങ്ങൾ. വേനൽക്കാലത്ത് ഉണക്കപ്പുല്ലുകൾ, മരച്ചീനിതൊലിയും ഇലകളും ആണ് ഇവയുടെ ആഹാരം.
Share your comments