കന്നുകുട്ടികൾ ഗർഭാവസ്ഥയിലായിരിക്കുമ്പോൾ തന്നെ അവയുടെ ശാസ്ത്രീയ പരിപാലനം ആരംഭിക്കേണ്ടതാണ്. പശുവിന്റെ ശരിയായ പരിപാലനത്തിലൂടെ മാത്രമാണ് ഇത് സാധ്യമാകുന്നത്.
കിടാവ് പിറന്ന ഉടൻ തന്നെ മൂക്കിലും, വായിലും മൂടിയിരിക്കുന്ന പാടപോലുള്ള കൊഴുത്ത ദ്രാവകവും മറുപിള്ളയുടെ അവശിഷ്ടങ്ങളും നീക്കി, കിടാവിനെ തുടച്ച് വൃത്തിയാക്കണം.
ശ്വാസതടസം കാണിക്കുകയാണെങ്കിൽ കിടാവിനെ പിൻകാലുകളിൽ പിടിച്ചുയർത്തി തല കീഴോട്ടാക്കി മൂക്കിനുള്ളിലെ തടസ്സം പോകാൻ ശ്രദ്ധിക്കണം. പൊക്കിൾക്കൊടി പൊട്ടികഴിഞ്ഞാൽ കിടാവ് ശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നേരായ രീതിയിൽ ശ്വാസം കിട്ടാൻ ഒരു വൈക്കോൽ കഷണം മൂക്കിനുള്ളിൽ കടത്തി ഇക്കിളിപ്പെടുത്തി കിടാവിനെ തുമ്മിപ്പിക്കണം.
എന്നിട്ടും ശ്വസിക്കുന്നില്ലെങ്കിൽ, നെഞ്ചിന്റെ ഭാഗം കൈകൊണ്ട് ശക്തമായി അമർത്തുകയും വിടുകയും ചെയ്യുക. ശ്വാസം ശരിയായി കഴിഞ്ഞാൽ, പൊക്കിൾക്കൊടി ശരീരത്തിൽ നിന്നും 2.5 സെ.മീ. താഴെ, വൃത്തിയുള്ള നൂല് കൊണ്ട് കെട്ടുകയും കെട്ടിൻറെ 1 സെ.മീ. താഴെവച്ച് മുറിക്കുകയും അതിന് ശേഷം സ്പിരിറ്റോ, അയഡിനോ പുരട്ടുകയും വേണം. ഇത് പൊക്കിളിൽ കൂടിയുള്ള അണുബാധയെ നിയന്ത്രണവിധേയമാക്കുന്നു.
ജനിച്ച് ഏകദേശം അര മണിക്കൂറിനകം തന്നെ കിടാവിന് കന്നിപ്പാൽ നൽകണം.
കിടാവ് പാൽ കുടിക്കുമ്പോൾ പശുവിന്റെ ശരീരത്തിൽ ഉല്പാദിപ്പികപ്പെടുന്ന ഓക്സിറ്റോസിൻ ഹോർമോൺ ഗർഭപാത്രം ചുരുക്കുവാനും പിള്ളയെ പുറംതള്ളുവാനും സഹായിക്കുന്നു.
Share your comments