പെണ്ണാടുകൾ 5 - 8 മാസം പ്രായത്തിൽ ആദ്യ പുളപ്പിന്റെ ലക്ഷണങ്ങൾ കാണിക്കും. 15 കിലോഗ്രാമെങ്കിലും തൂക്കമാകുന്നതിന് മുമ്പ് ആടുകളെ ഇണ ചേർക്കരുത്. ആദ്യത്തെ 1-2 മദിയിൽ ഇണ ചേർക്കരുത്. ഇണ ചേർക്കുന്നതിനു മുമ്പുള്ള 2-3 ആഴ്ച നല്ല പോഷകാഹാരം കൊടുക്കുക വഴി എളുപ്പത്തിൽ ഗർഭധാരണം നടത്താനും കുട്ടികളുടെ എണ്ണം കൂട്ടാനും സഹായിക്കും
മദി ലക്ഷണങ്ങൾ
തടിച്ചുവീർത്ത ഈറ്റം, മാച്ച് (മാശ്ശ്) കുറേശ്ശെ ഒലിക്കൽ, വാൽ വേഗത്തിൽ ചലിപ്പിക്കുക, ഇടവിട്ട് കരയുക, തീറ്റ തിന്നുവാൻ മടി, പാൽ കുറയുക, മുട്ടനെ കണ്ടാൽ പിറകെ പോകുക, മുട്ടനെ പുറത്ത് കയറാൻ അനുവദിക്കുക, മറ്റാടുകളുടെ പുറത്തു കയറുക, മറ്റ് ആടുകളെ മുകളിൽ കയറാൻ അനുവദിക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കും.
പുളപ്പിൻ്റെ ദൈർഘ്യം 18 മണിക്കൂർ വരെയാകാം. രണ്ടാമത്തെ പകുതിയിൽ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകും. ഈ സമയത്ത് ഇണ ചേർക്കുകയോ കൃത്രിമ ബീജാധാനം നടത്തുകയോ ചെയ്യാം. പ്രസവം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ സാധാരണ മദി കാണിക്കണം. മുട്ടനാടിൻ്റെ സാമീപ്യം ആടുകളിൽ മദി വരുത്താൻ സഹായിക്കും.
ഗർഭിണികളുടെ ശുശ്രൂഷ
ഇണ ചേർന്നു കഴിഞ്ഞ് ഒരു മാസത്തിനകം മദി കാണിക്കുന്നില്ല എങ്കിൽ ആടിന് ചെനയുണ്ടെന്ന് അനുമാനിക്കാം. ഇത് സ്ഥിരീകരിക്കുവാൻ മൃഗഡോക്ടറുടെ സഹായം തേടാം. ചെനയുള്ള ആടുകളെ മറ്റുള്ളവയിൽ നിന്ന് മാറ്റി പാർപ്പിക്കുകയും സമീകൃതാഹാരം, മിതമായ വ്യായാമം എന്നിവ നൽകുകയും വേണം. 150 ദിവസമാണ് ആടുകളുടെ ഗർഭകാലം ഇത് ഏഴു ദിവസം മുമ്പോ, പിമ്പോ ആവാം. പ്രസവത്തിന് ഒരുമാസം മുമ്പ് കറവ നിർത്തണം.
പ്രസവ ശുശ്രൂഷ
പ്രസവം അടുക്കുമ്പോൾ അകിട് വലുതാകുകയും, കന്നിപ്പാൽ നിറയുകയും ചെയ്യും. പ്രസവ സമയത്ത് തണ്ണീർകുടം പൊട്ടി കുട്ടിയുടെ മുൻകാലുകളും പിന്നീട് തലയും പുറത്തു വരും. കാലിൻ്റെ അഗ്രം പ്രത്യക്ഷപ്പെട്ട് 10- 15 മിനിറ്റിനുള്ളിൽ പ്രസവം നടക്കും ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ അവയുടെ പ്രസവം തമ്മിൽ 15 മിനിറ്റ് ഇടവേളയുണ്ടാകും പ്രസവം കഴിഞ്ഞ് 2-4 മണിക്കൂറിനുള്ളിൽ മറുപിള്ള പുറത്തു വരും.
പ്രസവത്തിന് 2-3 ദിവസങ്ങൾക്ക് മുമ്പ് ആടിന്റെ പിൻഭാഗത്തുള്ള നീണ്ട രോമങ്ങൾ മുറിച്ചു കളയുകയും, പ്രസവത്തിനുശേഷം യോനീഭാഗം - ഇളം ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുകയും വേണം താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രസവത്തിന് പ്രശ്നങ്ങളുണ്ടെന്ന് അനുമാനിക്കുകയും വിദഗ്‌ധ സേവനം തേടുകയും വേണം.
1. പ്രസവ വേദന തുടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞും പ്രസവം നടക്കുന്നില്ലെങ്കിൽ
2. വാട്ടർബാഗ് വെളിയിലെത്തിയിട്ട് അരമണിക്കൂർ കഴിഞ്ഞു ശരീരഭാഗങ്ങൾ പുറത്ത് വരുന്നില്ലെങ്കിൽ
3. കൈകൾ മാത്രമായോ, തല മാത്രമായോ പുറത്തു വന്ന് പ്രസവിക്കാതെ നിന്നാൽ.
Share your comments