പ്രസവപരിപാലനം
ചില മുയലുകളിൽ കപടഗർഭം (pseudopregnancy) കാണാറുണ്ട്. അതായത് ഗർഭിണിയല്ലെങ്കിലും പെൺമുയലുകൾ ഗർഭലക്ഷണങ്ങൾ കാണിക്കും. അത്തരം മുയലുകളും രോമവും പുല്ലും ഉപയോഗിച്ച് പ്രസവം ഒരുക്കുന്നു. കപടഗർഭിണി മുയലുകൾ പ്രസവം ഒരുക്കാൻ ഇണചേർന്ന് 16 നും 201 നും ദിവസങ്ങൾക്കകം ശ്രമിക്കുന്നു. എന്നാൽ യഥാർഥ ഗർഭമുള്ള മുയലുകൾ ഇണചേർന്ന് 25 ദിവസമെങ്കിലും കഴിഞ്ഞു മാത്രമേ പ്രസവം നടത്തുകയുളളൂ .
ഇണചേർന്ന പെൺമുയലുകളുടെ ഗർഭം നിർണയിക്കപ്പെട്ടു കഴിഞ്ഞാൽ 28-ാം ദിവസം കൂട്ടിൽ പ്രസവിക്കാനുള്ള പെട്ടി വച്ചുകൊടുക്കണം. വിവിധ തരത്തിലുള്ള പെട്ടികളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കണം. ഈ പെട്ടികൾക്കുളളിൽ ചിന്തേരുപൊടിയോ ഉണങ്ങിയ പുല്ലോ വൈക്കോലോ പഞ്ഞിയോ ഇട്ടുകൊടുക്കുന്നതു നന്നായിരിക്കും. മുയൽ അതിന്റെ രോമം കൂടി പറിച്ച് പ്രസവഅറ ഒരുക്കും. ഈ അറയിലാണ് മുയലുകൾ പ്രസവിക്കുന്നത്. സാധാരണയായി മുയലുകളുടെ പ്രസവം നടക്കുന്നത് രാത്രിയോ അതിരാവിലെയോ ആണ്.
മുയൽ പ്രസവിക്കുമ്പോൾ ചില കുഞ്ഞുങ്ങൾ ജീവനില്ലാത്തതായിരിക്കും. ഇത്തരം ചത്ത കുഞ്ഞുങ്ങളെ ഉടൻ തന്നെ നീക്കം ചെയ്യണം. എട്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവയെ കുറഞ്ഞ കുട്ടികളുള്ള തള്ളമാരുടെ അറയിലേക്ക് മാറ്റുന്നതാണു നല്ലത്. ഈ പ്രക്രിയയാണ് ദത്തുവളർത്തൽ അഥവാ ഫോസ്റ്ററിങ് (fostering). പ്രസവിച്ച ഉടനെയുള്ള കുഞ്ഞുങ്ങളെ പ്രസവം കഴിഞ്ഞ മറ്റൊരു തള്ളമുയലിന്റെ അടുത്തേക്കു മാറ്റുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ല. എന്നാൽ രണ്ടു മുയലിന്റെയും കുഞ്ഞുങ്ങളുടെ പ്രായത്തിൽ വലിയ അന്തരമുണ്ടെങ്കിൽ ദത്തുവളർത്തൽ പ്രായോഗികമല്ല.
വളർച്ചയുടെ ആദ്യത്തെ പത്തുപന്ത്രണ്ടുദിവസം മുയൽ കുഞ്ഞുങ്ങളുടെ ഭക്ഷണം പൂർണമായും തള്ളയുടെ പാലാണ്. തള്ളമുയലിന് ആവശ്യത്തിനു പാലും അതുശരിയായി കുഞ്ഞുങ്ങളെ കുടിപ്പിക്കുന്നുമുണ്ടെങ്കിൽ മുയൽ കുഞ്ഞുങ്ങൾ വയറു നിറച്ചു പാലു കുടിച്ചു കിടന്നുറങ്ങും. ആവശ്യാനുസരണം പാലു ലഭിക്കുന്നില്ലെങ്കിൽ കുഞ്ഞുങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും അവയുടെ തൊലി ചുളിഞ്ഞിരിക്കുകയും ചെയ്യുന്നു.
അത്തരം സന്ദർഭങ്ങളിൽ തള്ളമുയലുകളെ മലർത്തികിടത്തി മുലക്കണ്ണുകൾക്കരികെ മുയൽ കുഞ്ഞുങ്ങളുടെ വായി വച്ച് പാലകുടിപ്പിക്കാൻ ശ്രമിക്കാം. ഒന്നോ രണ്ടോ പ്രാവശ്യത്തിനു ശേഷം ഇതു സാധ്യമാകുന്നില്ലെങ്കിൽ ആ കുഞ്ഞുങ്ങളെ ദത്തുവളർത്തുന്നതാണ് അഭികാമ്യം. കൃത്രിമ പാൽ നൽകി മുയൽ കുഞ്ഞുങ്ങളെ വളർത്തുന്നത് പലപ്പോഴും പ്രായോഗികമല്ല. തള്ളമുയലുകൾ സാധാരണയായി അവയുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാറില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ അങ്ങനെ സംഭവിക്കാം:
1. തള്ളമുയലിന്റെ ഭക്ഷണത്തിൽ മാംസ്യത്തിന്റെ കുറവുണ്ടെങ്കിൽ
2. തള്ളമുയൽ ചുറ്റുപാടുകളുടെ സമ്മർദ്ദംമൂലം പേടിച്ചു പോയാൽ (അതായത് സന്ദർശകൻ, ശബ്ദം എന്നിവമൂലം)
3. തള്ളമുയലിന്റെ ഒരു സ്വഭാവമാകുമ്പോൾ, ഇതിൽ ആദ്യത്തെ രണ്ടു കാരണങ്ങൾക്കും പരിഹാരമുണ്ട്. എന്നാൽ സ്വന്തം കുഞ്ഞുങ്ങളെ തിന്നുക തള്ളമുയലിന്റെ സ്വഭാവമായി മാറിയാൽ അത്തരം മുയലുകളെ ഒഴിവാക്കുന്നതാണു നല്ലത്.
ഏകദേശം 21 ദിവസം പ്രായമാകുമ്പോൾ, ആൺകുഞ്ഞിനെയും പെൺ കുഞ്ഞിനെയും തിരിച്ചറിയാം. കുഞ്ഞിന്റെ ഗുദദ്വാരത്തിനു താഴെ പതുക്കെ വിരൽ കൊണ്ടമർത്തിയാൽ പെൺമുയൽ കുഞ്ഞുങ്ങൾക്ക് ചെറിയ കീറൽ പോലെയുള്ള ഒരു ദ്വാരവും ആൺമുയൽ കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് വരുന്ന സിലിണ്ടർ ആകൃതിയിലുള്ള ലിംഗാഗ്രവും ദൃശ്യമാകും.
Share your comments