തണുപ്പുകാലത്തും മഴക്കാലത്തും കൂടൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു നോക്കാം. കോഴിയുടെ കൂടിനുള്ളിൽ മഴവെള്ളം ഉള്ളിലെത്താതിരിക്കുവാനും വായുസഞ്ചാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കണം . കൂടുകളുടെ അറ്റകുറ്റപണി പ്രത്യേകിച്ചു മേൽക്കൂരയും തറയുമായി ബന്ധപ്പെട്ട പണികൾ പൂർത്തിയാക്കണം.
കൂടിനുള്ളിലെ ചോർച്ച പരിഹരിക്കുകയും തറയിലെയും ഭിത്തിയിലെയും വിള്ളലുകൾ അടയ്ക്കുകയും വേണം; തണുത്ത വായു ഉള്ളിലെത്താതിരിക്കുവാൻ കൂടിന്റെ വശങ്ങൾ വല ഉപയോഗിച്ച് മറക്കാം. വായുസഞ്ചാരം ഉറപ്പു വരുത്തുവാൻ ഇവ ഇടയ്ക്ക് ഉയർത്തി കൊടുക്കാം. കൂടിനുള്ളിലെ ഫാനുകളുടെ ഉപയോഗം നിയന്ത്രിക്കാം.
ആവശ്യമെങ്കിൽ ഹീറ്ററുകൾ ഉപയോഗിക്കാം. വിരിപ്പ് നനയാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വിരിപ്പു നനഞ്ഞാൽ പക്ഷികൾക്കു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ഈച്ചശല്യം വർദ്ധിക്കുകയും ചെയ്യും. കൂടിനുള്ളിലെ പക്ഷികളുടെ എണ്ണം കൂടുകയോ ആവശ്യമായ സ്ഥലത്തിന്റെ 10% കുറയ്ക്കുകയോ ചെയ്യാം.
വളരെ വലിപ്പം കുറഞ്ഞ ജീവികൾ ആയതു കൊണ്ട് തന്നെ പരിസ്ഥിതിയിലെ ചെറിയ മാറ്റങ്ങളും കാലാവസ്ഥാവ്യതിയാനവും ഇവയുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയേയും വളരെ പ്രതികൂലമായിത്തന്നെ ബാധിക്കും. മേൽ വിവരിച്ച കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒരു പരിധിവരെ തടയാനാവും, ആരോഗ്യപ്രശ്നങ്ങൾ വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇതു വഴി ഉത്പാദനക്ഷമതയും ഉയർന്ന ലാഭവും ഉറപ്പുവരുത്തുവാൻ സാധിക്കും.
Share your comments