മുടക്കമില്ലാതെ മുട്ടകിട്ടും എന്ന പ്രതീക്ഷയോടെയാണ് ഓരോ ഉപഭോക്താവും എഗ്ഗർ നഴ്‌സറികളിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വീട്ടിലെത്തിക്കുന്നത്. അവരുടെ പ്രതീക്ഷക്കൊത്തുയരണമെങ്കിൽ എഗ്ഗർ നഴ്സറി പരിപാലനത്തിലും ശ്രദ്ധിക്കാൻ ഏറെയുണ്ട്. എഗ്ഗർ നഴ്സറി സംരംഭമാരംഭിക്കുന്നതിന്റെ ആദ്യപടി ലൈസൻസ് ആണ്.
മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള നിരാക്ഷേപപത്രം പഞ്ചായത്ത് ലൈസൻസ് കിട്ടാൻ ആവശ്യമാണ്. സർക്കാർ പദ്ധതികളിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ താൽപര്യമുള്ളവർ വെറ്ററിനറി ഹോസ്‌പിറ്റലുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള അംഗീകാരം നേടണം. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള നഴ്‌സറിയാവുന്നതോടെ വിപണനം എളുപ്പമാവും.
ഷെഡ്ഡ് നിർമ്മാണത്തിന് ഒരുങ്ങുന്നതിന് മുമ്പെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നഴ്സറികൾ സന്ദർശിക്കുക എന്നത് മുഖ്യമാണ്. സൂര്യപ്രകാശം കയറിയിറങ്ങാൻ പാകത്തിന് കിഴക്ക് പടിഞ്ഞാറ് ദിശയിൽ എഗ്ഗർ നഴ്സറി കെട്ടിടം പണികഴിപ്പിക്കുന്നതാണ് ഉചിതം. ഒന്നിലധികം ഷെഡ്ഡുകൾ ഉണ്ടെങ്കിൽ അവ തമ്മിൽ ഒരു മീറ്റർ ചുരുങ്ങിയ അകലം നൽകണം. രണ്ട് മാസം പ്രായം വരെ വിരിപ്പ് രീതിയിൽ വളർത്തു മ്പോൾ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം വേണമെന്നാണ് കണക്ക്. അഞ്ഞൂറ് ചതുരശ്ര അടി സ്ഥലവിസ്‌തീർണ്ണമുള്ള ഒരു ഷെഡ് പണി കഴിപ്പിച്ചാൽ ആയിരം കോഴിക്കുഞ്ഞുങ്ങളെ രണ്ട് മാസം വരെ വളർത്താം.
ഒരു അടി ഉയരത്തിൽ കോൺക്രീറ്റ് ചെയ്‌ത് കൂടിൻ്റെ തറ പണികഴിപ്പിക്കണം. ഭിത്തിക്ക് പരമാവധി ഒരടി ഉയരം മതി. ബാക്കി വെളിച്ചവും കാറ്റും കയറിയിറങ്ങാൻ പാകത്തിന് നെറ്റ് അടിക്കണം. മേൽക്കൂരയ്ക്ക് ഒത്ത നടുക്ക് പന്ത്രണ്ട് അടിയും വശങ്ങളിൽ പത്ത് അടിയും വേണം. മേൽക്കൂര വശങ്ങളിൽ ഒരു മീറ്റർ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാവണം. ഷീറ്റുകൊണ്ടുള്ള മേൽക്കൂരക്ക് കീഴെ ഓലമേഞ്ഞ് അടിക്കൂര ഒരുക്കിയാൽ കൂട്ടിനുള്ളിലെ അധിക ചൂടും തണുപ്പും കുറയ്ക്കാം.
Share your comments