കോവിഡ് മഹാമാരി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നുമുണ്ട്. ഇത് തടയാ നായി മനുഷ്യർ ജാഗ്രത പുലർത്തുകയും പ്രതിവിധികൾ പാലിക്കുകയും വേണം.
ഇന്നുവരെയുള്ള ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് -19 ന് കാരണമാകുന്ന SARC- COV-2 എന്ന വൈറസ്, മൃഗങ്ങൾക്ക് പടരാനുള്ള സാധ്യത കുറവാണെന്ന് കണക്കാക്കപ്പെടുന്നു. കൊറോണ വൈറസ് ഒരു കുടുംബമാണ്. ചിലത് ആളുകളിൽ ജലദോഷം ഉണ്ടാക്കുന്നു. മറ്റുള്ളവ വവ്വാലുകൾ പോലുള്ള മൃഗങ്ങളിൽ അസുഖം ഉണ്ടാക്കുന്നു. ചിലത് മൃഗങ്ങളെ മാത്രം ബാധിക്കുന്നു കൊറോണ -19 രോഗം ഒരു മൃഗത്തിൽനിന്ന് തുടങ്ങി മനുഷ്യരിലേക്ക് പടരുന്നു എന്നാണ് വിശ്വസിച്ചുവരുന്നത്.
പക്ഷേ ചില സാഹചര്യങ്ങളിൽ പ്രത്യേകിച്ച് അടുത്ത സമ്പർക്കത്തിൽ ഇത് ആളുകളിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. വ്യത്യസ്ത മൃഗങ്ങളെ എങ്ങിനെയാണ് കോവിഡ്-19 ബാധിക്കുന്നതെന്ന് മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. കോവിഡ് -19 സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച ആളുകൾ, വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, വന്യ ജീവികൾ എന്നിവ ഉൾപ്പടെയുള്ള മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം.
തെരുവിൽ അലഞ്ഞുതിരിയുന്ന നായകൾ, പൂച്ചകൾ, പക്ഷികൾ, മറ്റു മൃഗങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. സമ്പർക്കം വേണ്ടിവന്നാൽ കൈയ്യുറ, മാസ്ക് എന്നിവ ധരിക്കണം. വളർത്തുമൃഗങ്ങളെ അലക്ഷ്യമായി വീടിന് പുറത്ത് വിടാതിരിക്കുക, വിട്ടാൽ അണുക്കൾ ശരീരത്തിലും പാദങ്ങളിലും പടരാൻ ഇടവരും.
രോഗം ബാധിച്ചവരും നിരീക്ഷണത്തിൽ ഉള്ളവരും അവരുടെ ഓമനമൃഗങ്ങളുമായി ഇടപഴകരുത്. അവയുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏൽപ്പിക്കണം. മൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം.
വളർത്തു മൃഗങ്ങളുമായും, അവയുടെ തീറ്റകൾ, മറ്റു ഉപകരണങ്ങൾ എന്നിവയുമായും ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടാകുന്നതിന് മുൻപും ശേഷവും കൈകൾ 20 സെക്കൻഡ് എങ്കിലും നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കണം. പാത്രങ്ങളും സോപ്പിട്ട് നന്നായി കഴുകണം.
നിരീക്ഷണത്തിലുള്ളവരുടെ മുറിയിലേക്ക് ഓമന മൃഗങ്ങളെ പോകാൻ അനുവദിക്കരുത്. പൂച്ചകളെ ഒരു മുറിയിൽ കളിപ്പാട്ടങ്ങൾ നൽകി പാർപ്പിക്കാം. അവരുമായി സല്ലപിക്കാൻ അൽപ്പസമയം കണ്ടെത്താം.
രോഗലക്ഷണമുണ്ടെന്ന് സംശയിക്കുന്ന ഒരു മൃഗത്തിന് ഒരു കാരണവശാലും “മാസ്ക്" ഇട്ടുകൊടുക്കരുത്. ഇത് ശ്വാസതടസം ഉണ്ടാക്കും. മൃഗങ്ങളെ സ്പർശിച്ചതിന് ശേഷം കൈകൾ വൃത്തിയാക്കുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കണം.
Share your comments