മൂവായിരം വർഷങ്ങൾക്കു മുമ്പു തന്നെ മനുഷ്യൻ ഇണക്കി വളർത്തിയ പക്ഷിയാണ് ഗീസ് അഥവാ വൻവാത്തകൾ. എന്നിട്ടും താറാവിനെയും ടർക്കിയെയും വളർത്തുന്നതു പോലെ വ്യാവസായികാടിസ്ഥാനത്തിൽ ഇവയെ വളർത്തിത്തുടങ്ങിയിട്ടില്ല. ഏതു ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.
ലോകത്ത് മൊത്തം 96 ഇനങ്ങളുണ്ടെങ്കിലും ഇവയെല്ലാം രണ്ടു പ്രധാന ഇനങ്ങളിൽ നിന്നുണ്ടായതാണെന്ന് അനുമാനിക്കപ്പെടുന്നു. ഇവ ഏഷ്യൻ ഇനവും (Anser cygnoides) യൂറോപ്യൻ ഇനവുമാണ് (Anser anser). ഏഷ്യൻ ഇനങ്ങളിൽ പ്രധാനപ്പെട്ടത് ചൈനീസ് ഇനമാണ്.
കൂടു നിർമ്മാണം
വാത്തകളെ കൂട്ടിലും തുറന്നു വിട്ടും വളർത്തുന്ന രീതിയാണ് കൂടുതൽ അഭികാമ്യം. ചെറിയ ഷെഡ്ഡ് ഇതിനായി വേണം. വാത്ത ഒന്നിനു 1 മീറ്റർ സ്ക്വയർ സ്ഥലം വേണം. തറ സിമന്റിട്ടതായിരിക്കണം. മേൽക്കൂരയ്ക്ക് ഓട്, ആസ്ബസ്റ്റോസ്, ഓല എന്നിവ ഉപയോഗിക്കാം. തറയിൽ 8 സെ. മീറ്റർ കനത്തിൽ ലിറ്റർ വിരിക്കണം. കൂട്ടിനുള്ളിൽ മുട്ടപ്പെട്ടി വെക്കണം. ചുമർ 1 - 112 മീറ്റർ കഴിഞ്ഞ് ബാക്കി കമ്പിവലയാകാം. കാറ്റടിക്കുന്ന സ്ഥലമാണെങ്കിൽ ചുമർ 2 മീറ്റർ വരെയാക്കാം.
യാർഡിനു പുറത്തു നടക്കാനുള്ള സ്ഥലം ചുറ്റും കമ്പിവേലി വേണം. തീറ്റ കൊടുക്കാനും വെള്ളം കൊടുക്കാനുമുള്ള സൗകര്യവും വേണം. യാർഡിൽ വാത്തയൊന്നിനു 2 സ്ക്വയർ മീറ്റർ സ്ഥലം വേണം.
പ്രത്യുത്പാദനം
അപരിചിതരായ പൂവനും പിടയും തമ്മിൽ കണ്ടാൽ യാതൊരു ലൈംഗിക ചേഷ്ടയും കാണിക്കാറില്ല. പ്രത്യുത്പാദനക്ഷമതയുള്ള മുട്ടകൾ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 6 ആഴ്ചയെങ്കിലും പൂവനെ പിടയുടെ കൂടെ ഇടേണ്ടതാണ്. വളർത്തുപക്ഷികളിൽ വെച്ച് കൂടുതൽ കാലം ഉത്പാദനക്ഷമത നിലനിർത്തുവാനുളള കഴിവ് വാത്തകൾക്കാണ്. പൂവൻമാർക്ക് 5 വർഷവും പിടകൾക്കു 10 വർഷവും പ്രജനനപ്രദമായ ജീവിതദൈർഘ്യമുണ്ട്. 4 പിടയ്ക്ക് 1 പൂവൻ മതിയാകും.
മുട്ടയിട്ടു തുടങ്ങുന്നതിനു 1 മാസം മുൻപു തന്നെ ബ്രീഡർ തീറ്റ കൊടുത്തു തുടങ്ങണം. കൂടുതൽ മുട്ട ലഭിക്കുന്നതിനു പ്രജനനകാലത്ത് കൃത്രിമ വെളിച്ചം നൽകുന്നത് നല്ലതാണ്. ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ഇവ മുട്ടയിടാൻ തുടങ്ങുക. വാത്തകൾ രാവിലെയാണ് മുട്ടയിടുന്നത്. ഉച്ചയ്ക്കു മുമ്പു തന്നെ മുട്ട ശേഖരിക്കേണ്ടതാണ്. കൂട്ടിൽ ഇവയ്ക്കു മുട്ടയിടാനായി 50 സെ.മീ വലുപ്പമുളള പെട്ടികൾ വച്ചു കൊടുക്കണം. 3 വാത്തകൾക്ക് ഒരു മുട്ടക്കൂട് വേണം. രണ്ടു വർഷത്തിനും അഞ്ചു വർഷത്തിനും ഇടയ്ക്കാണ് വാത്തകൾ ഉത്പാദനത്തിന്റെ പാരമ്യത്തിലെത്തുന്നത്.
വൻവാത്തകൾ-പ്രത്യേകതകൾ
ആയുർദൈർഘ്യം- 20 വർഷം ദേശാടനം നടത്തുന്ന വൻവാത്തകൾ 3000 മൈലുകൾ പറക്കും.
ഇണചേരൽ മാസം - ഫെബ്രുവരി, മാർച്ച്. ജീവിതകാലം മുഴുവനും ഒരു ഇണയെ കൊണ്ടുനടക്കും.
മുട്ടവിരിയാൻ 28-30 ദിവസം വേണം. പിട മുട്ടയിടുമ്പോൾ പൂവൻ കാവലിരിക്കും.
ഓരോ ദിവസം ഇടവിട്ടാണ് മുട്ടയിടുന്നത്. വാത്തക്കുഞ്ഞുങ്ങളെ ഗൂസ്ലിങ് എന്നു വിളിക്കും.
വാത്തക്കുഞ്ഞുങ്ങൾ 2-3 മാസം പ്രായമായാൽ പറക്കും. പ്രായ പൂർത്തിയായ ജൂൺ-ജൂലൈ മാസത്തിൽ തൂവൽ പൊഴിക്കും.
Share your comments