പ്രത്യുൽപാദനക്ഷമതയാണ് മുയലുകളുടെ മുഖമുദ്ര. അതുമായി ബന്ധപ്പെട്ട മികച്ച സ്വഭാവങ്ങളുടെ പ്രകടനം പ്രസ്തുത സ്വഭാവത്തിലെ അവയുടെ കഴിവിനെ പ്രതിഫലിപ്പിക്കും. ഈ സ്വഭാവങ്ങൾ താഴെപറയുന്നവയാണ്.
1. ജനനസമയത്തെ മുയൽ കുഞ്ഞുങ്ങളുടെ എണ്ണം
ഒരു പ്രസവത്തിലെ എല്ലാ കുഞ്ഞുങ്ങളെയും കൂടി 'ലിറ്റർ' എന്നു പറയുന്നു. ജനനസമയത്ത് ലിറ്ററിലെ കുഞ്ഞുങ്ങളുടെ എണ്ണം വളരെ പ്രധാനമാണ്. ഒരു പ്രസവത്തിൽ ധാരാളം കുഞ്ഞുങ്ങളെ നൽകുന്ന മുയലുകൾ കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാക്കും. ഓരോ തവണയും 8 കുഞ്ഞുങ്ങളെയെങ്കിലും പ്രസവിക്കുന്ന മുയലുകളെയാണ് പ്രജനനത്തിന് ഉപയോഗിക്കേണ്ടത്. ജനനസമയത്ത് ലിറ്ററിലെ ജീവനുള്ള കുഞ്ഞുങ്ങളെയാണ് കണക്കിലെടുക്കേണ്ടത്.
2. ലിറ്ററിന്റെ ജനനസമയ ഭാരം
ജനനസമയത്ത് 40 ഗ്രാമിൽ കുറഞ്ഞ ഭാരമുള്ള മുയൽ കുഞ്ഞുങ്ങളുടെ സാധ്യത കുറവാണ്. ലിറ്ററിലെ എല്ലാ കുഞ്ഞുങ്ങൾക്കും കൂടി 350 - 400 ഗ്രാമിനിടയ്ക്ക് തൂക്കമുണ്ടാകണം. ഈ സ്വഭാവത്തിലെ മേന്മയും കർഷകന്റെ വരുമാനത്തിൽ പ്രതിഫലിക്കും.
3. ഓരോ വർഷത്തെയും പ്രസവങ്ങളുടെ എണ്ണം
വളരെ വേഗം പെറ്റുപെരുകാനുളള മുയലുകളുടെ കഴിവിന്റെ സൂചനയാണ് ഒരു മുയലിന്റെ ഓരോ വർഷത്തെയും പ്രസവങ്ങളുടെ എണ്ണം. ഓരോ മുയലിലും വർഷം തോറും 4നും 5നും ഇടയ്ക്ക് പ്രസവങ്ങൾ ഉണ്ടാകേണ്ടതാണ്. മുയൽ കുഞ്ഞുങ്ങളെ മാതാവിൽനിന്നു പിരിച്ചശേഷം മാതൃമുയലിനെ ഒരാഴ്ചയ്ക്കുള്ളിൽ ഇണചേർക്കുകയാണെങ്കിൽ വർഷം തോറും 4നും 5നും ഇടയ്ക്ക് പ്രസവങ്ങൾ ഉണ്ടാകണം.
4. തള്ളയിൽനിന്നു പിരിക്കുന്ന സമയത്തെ കുട്ടികളുടെ എണ്ണം
ജനനസമയത്ത് കണ്ണുപോലും തുറക്കാത്ത മുയൽ കുഞ്ഞുങ്ങൾ അവയുടെ ജീവിതത്തിലെ ആദ്യത്തെ രണ്ടാഴ്ചക്കാലം പൂർണമായും തള്ളമുയലിന്റെ പാലാണ് ആഹാരത്തിന് ആശ്രയിക്കുന്നത്. അതിനുശേഷം പതുക്കെ പതുക്കെ പുല്ലും തീറ്റകളും തിന്നുതുടങ്ങും. നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കുമിടയിൽ പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ മാതാവിൽനിന്നു വേർപ്പെടുത്താം. ഈ സമയം ഓരോ ലിറ്ററിലും 5നും 6നും ഇടയ്ക്ക് മുയൽ കുഞ്ഞുങ്ങളുണ്ടാകണം. ഈ സ്വഭാവ വൈശിഷ്ട്യം പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. മുയലിന്റെ മാതൃത്വ ഗുണവും അതിന്റെ ജനിതക മൂല്യവും ഇവിടെ പ്രാധാന്യമർഹിക്കുന്നു.
Share your comments