 
            "നായകൾ നമ്മുടെ മുഴുവൻ ജീവിതമല്ല, മറിച്ച് അവ നമ്മുടെ ജീവിതത്തെ സമ്പൂർണ്ണമാക്കുന്നു." - റോജർ കാരസ്. നമ്മുടെ പ്രിയപ്പെട്ട നായ്ക്കളുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നു; അതിനാൽ, അവരുടെ സന്തോഷവും മൊത്തത്തിലുള്ള ക്ഷേമവും പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
നായ്ക്കളെ വളർത്തുമ്പോൾ നൽകേണ്ട സൗകര്യങ്ങൾ
നായ്ക്കൂടുകൾ / പാർപ്പിട സൗകര്യം:
അനുയോജ്യമായ നായ്ക്കളെ കൂടുകളിലോ കെട്ടിടങ്ങളിലോ താമസിപ്പിക്കാൻ ഉദ്ദേശിക്കുമ്പോൾ നായക്കളുടെ വലിപ്പം, എണ്ണം, വ്യായാമ സൗകര്യങ്ങൾ, ശരിയായ താപനില, വെളിച്ചം, വെന്റിലേഷൻ വൃത്തി എന്നിവയ്ക്ക് മുൻഗണന നൽകി നിർമ്മിക്കണം.
കൂടുകൾ
ശുചീകരണ സൗകര്യമുള്ളതും തീവ്ര കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണവും ശരിയായ വായുസഞ്ചാരവും സ്ഥലസൗകര്യവും ഉറപ്പാക്കുന്ന കൂടുകൾ ആയിരിക്കണം. എല്ലാ കൂടുകളും അണുവിമുക്തമാക്കാനാകുന്നതും ഈർപ്പം കടക്കാത്ത തരം വസ്തുക്കളാൽ നിർമ്മിച്ചതുമാവണം. മരം ഉപയോഗിക്കരുത് .
ഇൻഡോർ ഗൃഹ സൗകര്യം:
ഒരു കെട്ടിടത്തിനുളളിലാണ് നായ്ക്കൂടുകൾ നിർമ്മിക്കുന്നതെങ്കിൽ അവ പാരിസ്ഥിതിക നിയന്ത്രണ സംവിധാനങ്ങളോടെയുള്ളതാവണം. നായ്ക്കളെ പാർപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള സൗകര്യങ്ങൾ താഴെ പറയുന്ന ആവശ്യകതകൾ നിറവേറ്റുന്നതാകണം. ഒരു കളപ്പുരയിലോ കെട്ടിടത്തിലോ പൂർണ്ണമായി അടച്ചിട്ടിരിക്കുന്ന, അതേ സമയം സൗകര്യപ്രദമായി അകത്തേക്കും പുറത്തേക്കും കയറിയിറങ്ങാൻ കഴിയുന്ന തരത്തിലുളള നിരവധി കൂടുകൾ ഉൾപ്പെടുന്നവയായിരിക്കണം. കെട്ടിടത്തിന്റെ ഘടന, മൃഗങ്ങളുടെ പ്രായത്തിനും, ഇനത്തിനും അനുസൃതമായി, ഉള്ളിലെ താപനില നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും കെട്ടിടത്തിനുള്ളിലെ ദുർഗന്ധം വേഗത്തിൽ ഇല്ലാതാക്കാനും പ്രാപ്തമായിരിക്കണം.
തറ ഈർപ്പം കയറാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതായിരിക്കണം.
മേൽക്കൂരയും തറയും മതിലുകളും തമ്മിൽ ബന്ധമുള്ള ഇടനാഴികളാൽ സൃഷ്ടിക്കപ്പെട്ട ഒരു നിർമ്മിതി ആകണം. അകത്തേക്കും പുറത്തേയ്ക്കും കയറിയിറങ്ങാൻ കുറഞ്ഞത് ഒരു വാതിലെങ്കിലും ഉണ്ടായിരിക്കണം, കൂടാതെ സ്വാഭാവിക വെളിച്ചം കടത്തിവിടുന്ന ജാലകങ്ങളോ, തുറസ്സുകളോ, നിർമ്മിച്ച് ഗ്ലാസ് അല്ലെങ്കിൽ കട്ടികൂടിയ സുതാര്യമായ വസ്തുക്കൾ കൊണ്ട് മൂടിയിരിക്കണം.
നായ്ക്കളുടെ പരിചരണവും പരിപാലനവും
നായ്ക്കൾക്ക് നൽകേണ്ടവ:
എട്ട് മണിക്കൂറിൽ കൂടാത്ത ഇടവേളകളിൽ മതിയായ അളവിലുള്ള ആരോഗ്യകരമായ പോക്ഷകസമൃദ്ധമായ ഭക്ഷണം വൃത്തിയുളള പാത്രത്തിൽ വിളമ്പണം.
ശുദ്ധമായ കുടിവെള്ളം എല്ലായ്പ്പോഴും ലഭ്യമാക്കണം. മതിയായ വ്യായാമത്തിനായി വേലി കെട്ടിയ പ്രദേശം അല്ലെങ്കിൽ ലീഷ് ഉപയോഗിച്ച് നടത്താനുള്ള സൗകര്യം ഉണ്ടാകണം.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments