പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും, കൊഴുപ്പിതര ഖരപദാർത്ഥങ്ങളുടേയും അളവിന്റെ അടിസ്ഥാനത്തിൽ പല ഗുണനിലവാരത്തിലുള്ള പാൽ വിപണിയിൽ ലഭ്യമാണ്. 3% കൊഴുപ്പും, 8.5% കൊഴുപ്പിതര ഘടകങ്ങളും അടങ്ങിയ പാൽ "ടോൺഡ് പാൽ' എന്നാണ് അറിയപ്പെടുന്നത്. പാൽ കൊണ്ടുള്ള എല്ലാ സാധാരണ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാം. 1.3% കൊഴുപ്പും 9% കൊഴുപ്പിതര ഘടകങ്ങളും അടങ്ങിയ പാലിനെ "ഡബിൾ ടോൺഡ് പാൽ' എന്നാണ് പറയുന്നത്. കൊഴുപ്പ് അധികമായി ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ഈ പാൽ ഉപയോഗിക്കാം.
ടെട്രാ പാക്കുകളിൽ ലഭിക്കുന്ന പാൽ തികച്ചും സുരക്ഷിതമാണ്. ഏതാണ്ട് 6 മാസം വരെ അന്തരീക്ഷ ഊഷ്മാവിൽ കേടുകൂടാതിരിക്കുന്നതിനു ഈ പാലിനു സാധിക്കും. ഇത്തരം പാൽ പാക്കറ്റുകൾ വാങ്ങുന്നതിന് മുമ്പായി ഉപയോഗ തീയതി കഴിഞ്ഞിട്ടില്ലെന്നും പായ്ക്കറ്റ് വായു നിറഞ്ഞ് വീർത്തിട്ടില്ല എന്നും ഉറപ്പാക്കേണ്ടതാണ്. ഇത്തരം പായ്ക്കറ്റുകളിൽ ലഭിക്കുന്ന പാൽ പാസ്രീകരണ പ്രക്രിയയ്ക്ക് പകരമായി കുറച്ചുകൂടി ഉയർന്ന താപനിലയിൽ ചൂടാക്കി അണുക്കളെ പൂർണ്ണമായും നശിപ്പിക്കുന്ന “സ്റ്റെറിലൈസേഷൻ' എന്ന പ്രക്രിയക്ക് വിധേയമാക്കുന്നുണ്ട്. ഉയർന്ന ഊഷ്മാവിൽ ചൂടാക്കുന്നതിനാൽ ഇത്തരം പാലിന് കാരമൽ സ്വാദ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
“പാലിൽ പിഴച്ചാൽ നീളെ പിഴയ്ക്കും" എന്നാണല്ലോ. നല്ല പാൽ ശരീരത്തിന് ഹിതകരമാകുന്നതു പോലെ മോശപ്പെട്ട പാൽ അപകടകാരിയുമാണ്. നല്ലൊരു പോഷകവസ്തുവായതു കൊണ്ടു തന്നെ പാലിൽ അണുജീവികൾ പെട്ടെന്ന് പെറ്റുപെരുകും. ഇതു രോഗകാരണമായേക്കാം. പാൽ ദീർഘനേരം കേടുകൂടാതിരിക്കുവാൻ അതിലേക്ക് രാസവസ്തുക്കൾ ചേർക്കുന്ന പ്രവണതയുമുണ്ട്. ഇത്തരം രാസവസ്തുക്കൾ മനുഷ്യർക്ക് വലിയ ആപത്ത് ഉണ്ടാക്കുന്നവയാണ്. എന്നാൽ നിയമപരമായി ഒരുതരത്തിലുള്ള രാസവസ്തുക്കളും പാലിൽ ചേർക്കാൻ അനുവാദമില്ല. താപസംസ്കരണം നടത്തി സൂക്ഷിപ്പ് മേന്മ വർദ്ധിപ്പിക്കുന്നതിനു മാത്രമാണ് സാധിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ കുത്തൊഴുക്കിൽ നിന്നും നല്ല പാൽ തിരഞ്ഞെടുക്കുക എന്നത് എറെ ശ്രമകരമായി മാറിയിരിക്കുകയാണ്. ഉദാത്തമായ ഈ ഭക്ഷണം ആരോഗ്യദായകമാകണമെങ്കിൽ വിവേകപൂർവ്വം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു എന്ന് സാരം.
Share your comments