ഫൈറ്റർ ഫിഷ്, ഗപ്പി എന്നിവയ്ക്ക് പ്രതിരോധശേഷി കൂടുതലായതിനാൽ, ഇവ അക്വേറിയത്തില്‍ വളർത്താൻ പറ്റിയ മത്സ്യങ്ങളാണ്. ഈ മൽസ്യങ്ങളുടെ പരിപാലനം എളുപ്പവുമാണ്.
അക്വേറിയത്തിലെ മത്സ്യങ്ങളെ ബാധിക്കുന്ന പല അസുഖങ്ങളുമുണ്ട്. നങ്കൂരപ്പുഴു ബാധയാണ് വളര്‍ത്തു മത്സ്യങ്ങളിൽ കൂടുതലായി കാണുന്നത്. ആര്‍ത്രോപോഡ വിഭാഗത്തില്‍പ്പെട്ട പരാദ ജീവികളാണിവ. ഇവയുടെ തലയുടെ ആകൃതി നങ്കൂരം പോലെയാണ്. ഇതിന് വളര്‍ത്തുമത്സ്യങ്ങളുടെ അവയവങ്ങളിലേക്ക് തുളച്ചുകയറാന്‍ കഴിയും. ഈ ജീവി മത്സ്യങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ പെരുകുകയും ചെയ്യും. അക്വേറിയത്തിലെ മറ്റ് മത്സ്യങ്ങളിലേക്കും വ്യാപിക്കും. മത്സ്യങ്ങളുടെ ശരീരത്തില്‍ മുറിവുകളുണ്ടാകുകയും അവ വ്രണങ്ങളായി മാറുകയും ചെയ്യും. കട്‌ല, രോഹു എന്നീ മത്സ്യങ്ങളിലും ഈ പരാദജീവി കടന്നുകയറും.
വെള്ളം മലിനമായാലാണ് നങ്കൂരപ്പുഴുബാധ ഉണ്ടാകുന്നത്. അതിനാൽ മത്സ്യങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ തീറ്റ നല്‍കരുത്, ഇത് വെള്ളം മലിനമാകാനിടയാക്കുന്നു. അക്വേറിയത്തില്‍ നങ്കൂരപ്പുഴു ബാധ കണ്ടാല്‍ മത്സ്യങ്ങളെ പിടിച്ചെടുത്ത് ചവണ ഉപയോഗിച്ച് ഈ പുഴുക്കളെ വലിച്ചെടുക്കാം. കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്നതാണ്. മത്സ്യത്തിന്റെ ശരീരത്തില്‍ രക്തം വാര്‍ന്നൊഴുകിയത് കാണാം. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് ഈ മുറിവുകള്‍ കഴുകാം.
നങ്കൂരപ്പുഴു ബാധ ഉണ്ടായ മത്സ്യങ്ങളെ ഉപ്പ് ചേര്‍ത്ത വെള്ളത്തിലിട്ട ശേഷം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ഇടാം. പിന്നീട് ശുദ്ധമായ വെള്ളത്തിലേക്ക് മാറ്റാം. അക്വേറിയത്തിലെ വെള്ളത്തില്‍ ഈ പുഴുക്കളുടെ ലാര്‍വകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ മുട്ടകളും കാണാം. അതുകൊണ്ട് വെള്ളം പൂര്‍ണമായി മാറ്റണം. മത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ തീറ്റയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗുണമേന്മയുള്ള തീറ്റ മാത്രമേ നല്‍കാവൂ.
Share your comments