ഇത് കണ്ടാൽ ഉണങ്ങിയ മരക്കഷണം പോലെ തോന്നുമോ? എന്നാൽ ഇത് നമുക്ക് പരിചിതമായ ഒരു മത്സ്യമാണ് . നോമ്പുകാലത്ത് ലക്ഷദ്വീപില്‍ നിന്നും മാസ് എന്‍ട്രിയായി എത്തുന്ന ഒരു മീനാണിത്. റമദാനിലെ സ്‌പെഷല്‍ വിഭവമായ മാസ് എന്ന ഉണക്കചൂര മീൻ.
ഉണങ്ങിയ മരക്കഷ്ണം പോലെ തോന്നിക്കുന്നഈ ഉണക്കചൂര മീൻ ചെറിയ കഷ്ണങ്ങളായിട്ടാണ് ലഭിക്കുക. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷമാണ് പാചകത്തിന് ഉപയോഗിക്കാറുള്ളത്.
മാസ് മുളകിട്ടത്, ഫ്രൈ, റോസ്റ്റ്, അച്ചാര്‍, ചമ്മന്തിപ്പൊടി. എല്ലാം നാവില്‍ രുചിമേളത്തിന്റെ പെരുമ്പറ തീര്‍ക്കുന്ന ഇനങ്ങളാണ്. ഉണക്കിയെടുത്ത ചൂര മീനാണ് മാസ്. ചൂര, കേതള്‍, സൂത എന്നൊക്കെ നമ്മളും ഇഗ്ലീഷില്‍ ടൂണ എന്നും പറയുന്ന മീനാണ് ഇത്.
ലക്ഷദ്വീപില്‍ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റി അയക്കുന്ന മാസ് തയ്യാറാക്കുന്നത് പല പ്രക്രിയകളിലൂടെയാണ്.
മറ്റ് ഉണക്ക മത്സ്യങ്ങളെപ്പോലെ വെറുതെ വെയിലത്തിട്ട് ഉണക്കിയെടുത്തല്ല മാസ് തയ്യാറാക്കുന്നത്. ചൂര മത്സ്യം ശേഖരിച്ച് കഴുകി വൃത്തിയാക്കും. പിന്നെ നാലു മണിക്കൂര്‍ ഉപ്പുവെളളത്തിലിട്ട് വേവിക്കും. പിന്നീട് പൊടി കടക്കാതെ പോളിഹൗസില്‍ വെച്ച് പുകയിട്ട് ഉണക്കും. നന്നായി ഉണങ്ങിയ ശേഷം മാത്രമേ വിപണിയിലേക്ക് എത്തിക്കുകയുള്ളൂ.
നന്നായി ഉണങ്ങിയെങ്കില്‍ മാത്രമാണ് ചമ്മന്തിപ്പൊടി പോലെയുള്ളവക്ക് മാസ് പൊടിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. മിക്ക തീരങ്ങളിലും ചൂര മത്സ്യം പിടിച്ചെടുക്കുന്നുണ്ടെങ്കിലും ലക്ഷദ്വീപിലാണ് അവ മാസ് ആയി മാറ്റുന്നത്.
എല്ലാ കാലങ്ങളിലും മാസ് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ റമദാനിലാണ് കൂടുതലായി ഇതിന്റെ വില്‍പ്പന നടക്കുന്നത്. സാധാരണ ഉണക്കമീന്‍ കടകളില്‍ മാസ് ലഭിക്കാറില്ല. പലചരക്കു കടകളിലും ചില ബേക്കറികളിലുമാണ് മാസ് വില്‍പ്പനക്ക് കാണാറുള്ളത്.
സീസണ്‍ അനുസരിച്ച് കിലോഗ്രാമിന് 600 രൂപ വരെയാണ് മാസിന്റെ വില.
Share your comments