മുട്ട വിരിയിക്കുന്ന തിന് ആവശ്യമായ സാഹചര്യങ്ങൾ കൃത്രിമമായി ഒരുക്കി നൽകുന്ന ഉപകരണമാണ് ഇൻക്യുബേറ്റർ. ഇക്കാലഘട്ടത്തിൽ ഇൻക്യുബേറ്റർ സഹായത്തോടെ മുട്ട വിരിയിച്ചു വിപണനം ചെയ്യുന്ന ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇൻക്യുബേറ്ററിൽ വെച്ച് മുട്ട വിരിയിക്കുന്നതിനുമുൻപ് നാം അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കാൻ പോകുന്നത്.
മുട്ട അടുക്കുന്ന രീതി
മുട്ട അടുക്കുന്ന രീതിയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്ക് ആയി വെക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ മുട്ട ഏതെങ്കിലും ഭാഗത്തോട് ഒട്ടി ചേരുകയും ഭ്രൂണം നശിക്കുകയും ചെയ്യുന്നു. ഇൻക്യുബേറ്ററിൽ വച്ചാൽ മൂന്നുദിവസം കഴിഞ്ഞ് മുതൽ 18 ദിവസം വരെ തട്ടുകൾ രണ്ടു വശത്തേക്കും മാറിമാറി ചരിച്ചു വയ്ക്കണം.
ഈർപ്പം
ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കലിൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഈർപ്പം നിലനിർത്തൽ. ആദ്യത്തെ 18 ദിവസം വരെ 60% ഈർപ്പം ആണ് ഉത്തമം. 18 ദിവസത്തിനുശേഷം ഈർപ്പത്തിന്റെ അളവ് കൂട്ടി കൂട്ടി വരാം.
വായു സഞ്ചാരം
മുട്ടയ്ക്ക് ഉള്ളിൽ വളരുന്ന ഭ്രൂണത്തിന് വായു ലഭിച്ചിരിക്കണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത്. അതുകൊണ്ട് സാധാരണ വായുവിൽ കാണുന്ന പ്രാണവായു 21 ശതമാനവും ഭ്രൂണത്തിന് ലഭ്യമാകുന്ന രീതിയിൽ വേണം ഇൻക്യുബേറ്റർ ഡിസൈൻ ചെയ്യുവാൻ. കാർബൺ ഡൈ ഓക്സൈഡ് 0.5 ശതമാനത്തിൽ കുറവാക്കുകയും വേണം.
താപനില
കാബിനറ്റ് തരത്തിൽപ്പെട്ട ഇൻക്യൂബേറ്ററുകളിൽ ആദ്യത്തെ 18 ദിവസം 37 സെന്റീഗ്രേഡ് മുതൽ 38 ഡിഗ്രി സെന്റീഗ്രേഡ് വരെയും അതിനുശേഷം 36 ഡിഗ്രി സെന്റീഗ്രേഡ് മുതൽ 30 ഡിഗ്രി സെന്റീഗ്രേഡ് വരെയുള്ള താപനിലയും വേണം.
ഒരേ സമയത്ത് ഒത്തിരി കുഞ്ഞുങ്ങളെ തിരിച്ചെടുക്കാം എന്നതാണ് കൃത്രിമ ഇൻക്യൂബേറ്റർ കൊണ്ടുള്ള പ്രയോജനം. 10000 മുട്ടകൾ വയ്ക്കാവുന്ന ക്യാബിനറ്റ് തരത്തിലുള്ള ഇൻക്യുബേറ്റർ വരെ ഇന്ന് ലഭ്യമാണ്. വാക്ക് -ഇൻ - ഇൻക്യുബേറ്റർ ഡ്രൈവ് -ഇൻ -ഇൻക്യൂബേറ്റർ തുടങ്ങി പുതിയ തരം ഇൻക്യുബേറ്ററുകളും ഇവിടെ ലഭ്യമാണ്. ഇന്ന് എല്ലാ ഹാച്ചറി കളിലും ഇൻക്യൂബേറ്റർ റൂം, ഹാച്ച് റൂം, ഫ്യൂമിഗേഷൻ റൂം തുടങ്ങി കൃത്രിമ മുട്ട വിരിയിക്കലിനു സഹായിക്കുന്ന തരത്തിലുള്ള എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകാറുണ്ട്. കൃത്രിമ ഇൻക്യൂബേറ്റർ വഴി ഏതുസമയത്തും മുട്ട വിരിയിക്കാനും രോഗ ശേഷിയുള്ള കുഞ്ഞുങ്ങളെ വിരിച്ചെടുക്കാനും കഴിയും.
Share your comments