ടർക്കികളെ പുരയിടത്തിൽ വിട്ടു വളർത്താവുന്നതാണ്. ചെറുപ്രാണികൾ, പച്ചപ്പുല്ല്, കളകൾ എന്നിവ ടർക്കികൾ ആഹരിക്കുന്നതു വഴി തീറ്റച്ചെലവ് കുറയ്ക്കുവാൻ കഴിയുന്നു. ഇവ മേയുന്ന പുരയിടങ്ങൾ ടർക്കിയുടെ കാഷ്ഠം വീണ് ഫലഭൂയിഷ്ഠമാവുകയും ചെയ്യും. കഴിക്കുന്ന ആഹാരത്തെ ഇറച്ചിയാക്കി മാറ്റാനുള്ള കഴിവ് ടർക്കികൾക്കു കോഴികളെക്കാളും കൂടുതലാണ്. ചെറിയ മുതൽമുടക്ക് മതിയാകും ടർക്കിയെ വളർത്താൻ. ടർക്കി ഇറച്ചിക്ക് മറ്റേത് പൗൾട്രി ഇറച്ചിയെക്കാളും വില ലഭിക്കും.
മറ്റ് പൗൾട്രികളെ അപേക്ഷിച്ച് ടർക്കിക്ക് രോഗപ്രതിരോധ ശേഷി വളരെ കൂടുതലാണ്. വീട്ടുവളപ്പിൽ അഴിച്ചു വിട്ടും വേലി കെട്ടി തിരിച്ച സ്ഥലത്തും കൂടുകളിൽ ഡീപ്പ് ലിറ്റർ സമ്പ്രദായത്തിലും വരെ ടർക്കിയെ വളർത്താം. വീട്ടുകാരുമായി നന്നായി മെരുങ്ങുന്നതോടൊപ്പം വീടിനു നല്ല കാവൽക്കാരൻ കൂടിയായിരിക്കും ടർക്കി.
വളർത്തുന്ന രീതി
ടർക്കികളെ തീവ്ര സമ്പ്രദായത്തിലും അഴിച്ചു വിട്ടും വളർത്താം. വീട്ടു പറമ്പിലും കൃഷിസ്ഥത്തും വേലി കെട്ടി അഴിച്ചുവിട്ടു വളർത്തുന്നതാണ് ലാഭകരം. ഇങ്ങനെ വളർത്തുമ്പോൾ തീറ്റച്ചെലവും 20-25% വരെ കുറയ്ക്കുവാൻ കഴിയും. തീവ്ര സമ്പ്രദായത്തിൽ വളർത്തുമ്പോൾ തീറ്റച്ചെലവ് മൊത്തം ചെലവിന്റെ 60 ശതമാനത്തിലധികമാകും.
തീവ്ര സമ്പ്രദായത്തിൽ വളർത്തുമ്പോൾ ഉയർന്ന തീറ്റ പരിവർത്തന ശേഷിയും വളർച്ചാ നിരക്കും ലഭിക്കും. പ്രതികൂല കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണം മൂലം രോഗങ്ങളും കുറവായിരിക്കും. കേരളത്തിലെ ഭൗതിക സാഹചര്യത്തിൽ തീവ്ര സമ്പ്രദായമാണ് കരണീയം. എന്നാൽ ചില കർഷകർ കശുമാവിൻ തോപ്പിലും കവുങ്ങിൻ തോട്ടത്തിലും തെങ്ങിൻതോട്ടത്തിലും അഴിച്ചു വിട്ടു വളർത്താറുണ്ട്. രാത്രി സമയം ഇവയെ കൂട്ടിലേക്കു മാറ്റണം. രാത്രിയിൽ അടയ്ക്കുന്നതിനു ചെലവു കുറഞ്ഞ ഒരു കൂട് റേഞ്ചിൽ തന്നെ ഉണ്ടാക്കുക. ഒരു ടർക്കിക്ക് 21/2 സ്ക്വയർ അടി സ്ഥലം ലഭ്യമാക്കണം. തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങൾ കൂട്ടിൽ മാത്രം വെക്കുക. പകൽ സമയം അവയെ റേഞ്ചിലേക്കു തുറന്നുവിടാം. നല്ല വൃത്തിയുള്ള മണൽ പ്രദേശത്തോ, നീർവാർച്ചയുള്ള സ്ഥലത്തോ മാത്രമേ ഈ രീതി നടപ്പിലാക്കാൻ കഴിയൂ.
ഏറ്റവും ആധുനികവും വളരെ ആദായകരവുമാണ് ഡീപ്പ് ലിറ്റർ രീതി. പ്രതികൂല കാലാവസ്ഥ, മണ്ണിലൂടെ പകരുന്ന രോഗങ്ങൾ, ഹിംസ ജന്തുക്കൾ, പരാദങ്ങൾ എന്നിവയിൽ നിന്നും സുരക്ഷിതമായിരിക്കും. ഫ്രീ റേഞ്ച് രീതിയെക്കാളും സ്ഥലം കുറച്ചു മതി. സംരക്ഷണത്തിന് ആളുകൾ കുറച്ച് മതിയാകും. കൂടാതെ പരിപാലന ക്രമങ്ങൾ നിയന്ത്രിക്കുകയും ചെയ്യാം. ശ്വാസകോശ രോഗങ്ങൾ ഈ രീതിയിൽ വളർത്തുമ്പോൾ കൂടുതലായി കണ്ടു വരുന്നു. ഡീപ്പ് ലിറ്ററിൽ വളർത്തുമ്പോൾ സമീകൃതാഹാരം നൽകണം. ടർക്കി പൂവന്മാരെ പ്രത്യേകം വളർത്തുമ്പോൾ ഒന്നിന് 52 ചതുരശ്ര അടിയും പിടയ്ക്ക് 31/2 ചതുരശ്ര അടിയും ഒരുമിച്ചു വളർത്തുമ്പോൾ 412 ച. അടിയും സ്ഥലം വേണം.
കെട്ടിട നിർമ്മാണം
40 അടി വീതിയും 300 അടി നീളവുമുള്ള കെട്ടിടത്തിൽ 5 അടി ഉയരത്തിൽ കമ്പി വല തട്ടികൾ വച്ച് ഓരോ ഗ്രൂപ്പുകളായി ടർക്കികളെ തിരിക്കാവുന്നതാണ്. കൂട്ടിൽ അടച്ച് വളർത്തുമ്പോൾ ഒരു ചെറിയ മുറ്റം തയ്യാറാക്കിയാൽ കൂടുതൽ ടർക്കികളെ ഉൾക്കൊള്ളിക്കാം. ഈ മുറ്റത്ത് 2 മുതൽ 4 ഇഞ്ചുവരെ വ്യാസാർദ്ധമുള്ള മിനുസമുള്ള ഉരുളൻ കല്ലുകൾ നിരത്തണം. സ്ഥലം നല്ല നീർവാർച്ചയുള്ളതായിരിക്കണം. ചുറ്റും 6 അടി ഉയരത്തിൽ കമ്പിവേലി കെട്ടണം. 512 ച. അടി മുറ്റവും 3 ച. അടി കൂട്ടിനുള്ളിലും വലിയ ടർക്കികൾക്കു ലഭ്യമാക്കണം. ഉരുളൻ കല്ലു പാകിയ ഭാഗത്ത് നിർബാധം നടക്കാൻ അനുവദിക്കണം. തീറ്റയും വെള്ളവും കൂട്ടിൽ മാത്രമേ വെക്കാവൂ. കൂട്ടിനകത്ത് ചിന്തേരുപൊടി, ചെറുതായി മുറിച്ച വൈക്കോൽ, ഉമി, കരിമ്പിൻ ചണ്ടി എന്നിവ വിരിക്കാം.
പരിപാലനം
ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങിയാണ് കർഷകർ വളർത്തുന്നത്. ടർക്കി വളർത്തലിന്റെ പ്രധാന വിജയം കുഞ്ഞുങ്ങൾക്ക് ആദ്യ ദിവസം മുതൽ ക്രമമായി വളരുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ്.
ബ്രൂഡർ കൂടുകൾക്ക് ആവശ്യത്തിനു വെളിച്ചവും നല്ല വായുസഞ്ചാരവും ഉണ്ടായിരിക്കണം. കുഞ്ഞുങ്ങളെ കൂട്ടിനുള്ളിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് കൂട്ടിനകം അണുനാശിനി കൊണ്ടു കഴുകി വൃത്തിയാക്കണം.
Share your comments