<
  1. Livestock & Aqua

മത്സ്യക്കുളത്തിലെ വെള്ളം മാറ്റാതെ അമോണിയ കുറക്കുവാനുള്ള രണ്ടു മാർഗ്ഗങ്ങൾ

മലയാളമണ്ണിൽ മത്സ്യകൃഷി പൊടിപൊടിക്കുകയാണ്. വിനോദവും വരുമാനവും മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് ആകൃഷ്ടരായി ഒട്ടേറെ പേർ ഈ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നു. അലങ്കാരമത്സ്യങ്ങൾ, കരിമീൻ, തിലോപ്പിയ, വരാൽ അങ്ങനെ പോകുന്നു ഈ രംഗത്തെ മുൻനിര താരങ്ങൾ.

Priyanka Menon

മലയാളമണ്ണിൽ മത്സ്യകൃഷി പൊടിപൊടിക്കുകയാണ്. വിനോദവും വരുമാനവും മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന  വാർത്തകൾ കണ്ട് ആകൃഷ്ടരായി ഒട്ടേറെ പേർ ഈ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നു. അലങ്കാരമത്സ്യങ്ങൾ, കരിമീൻ, തിലോപ്പിയ, വരാൽ അങ്ങനെ പോകുന്നു ഈ രംഗത്തെ മുൻനിര താരങ്ങൾ. കൈ നനയാതെ മീൻ പിടിക്കാമെന്നൊന്നും ആരും കരുതണ്ട. അല്പം കാര്യമായ പരിചരണം തന്നെ മത്സ്യക്കൃഷിക്ക് ആവശ്യമാണ്. മത്സ്യകൃഷി ചെയ്യുമ്പോൾ കർഷകർക്ക് ഒട്ടനവധി പ്രശ്‌നങ്ങളെ തരണം ചെയ്യേണ്ടി വരുന്നുണ്ട്. മീനിന്റെ തൂക്കക്കുറവ്, വെള്ളത്തിൽ ഓക്‌സിജന്റെയും അമോണിയയുടേയും പി എചിന്റെയും അളവിൽ വരുന്ന വ്യതിയാനങ്ങൾ, മത്സ്യക്കുളത്തിൽ നിന്ന് വമിക്കുന്ന രൂക്ഷ ഗന്ധം, ഇടക്കിടെ വെള്ളം മാറ്റേണ്ടി വരുന്ന അവസ്ഥ ഇതെല്ലാം കർഷകർക്ക് തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആണ്. ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ് ഇ എം ലായിനി ( Effective Microorganisms). വെള്ളത്തിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായി വർധിപ്പിക്കുന്ന ജപ്പാന്റെ സാങ്കേതിക വിദ്യയാണിത്. ഈ ന്യുതന സാങ്കേതിക വിദ്യക്ക് അണുക്കളെ നശിപ്പിക്കുവാനും ജൈവവസ്തുക്കളെ വേഗത്തിൽ വിഘടിപ്പിക്കുവാനുള്ള കഴിവുണ്ട്. ഇതൊരു കീടനാശിനി അല്ല, 1982 ൽ 'ടെറോ ഹിഗാ' എന്ന ഇ എം റിസർച്ച് ഓർഗനൈസേഷൻ പ്രൊഫസർ ആണ് ലോകത്തിന് മുന്നിൽ ഈ ആശയം ആദ്യമായി മുന്നോട്ടു വച്ചത്. ഇന്ന് നൂറിൽ പരം രാജ്യങ്ങൾ ഇതിന്റെ ഉപയോക്താക്കൾ ആണ്. ഇതൊരു പ്രൊ ബയോട്ടിക് ആയതിനാൽ മണ്ണിനോ മനുഷ്യനോ ഇതിൽ നിന്ന് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. ഈ സാങ്കേതിക വിദ്യ മത്സ്യകൃഷി രംഗത്തു മാത്രമല്ല കാർഷിക രംഗത്തും മാലിന്യനിർമ്മാർജ്ജന രംഗത്തും ഉപയോഗിച്ചു വരുന്നുണ്ട്. യീസ്റ്റ്, ലാക്ടോബാസിലസ്, ഫോട്ടോസിന്തറ്റിക് തുടങ്ങിയ ബാക്റ്റീരിയകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. പല തരത്തിലുള്ള ഇ എം ലായിനികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇ എം റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മേപ്പിൾ ഓർഗോട്ടെക് ആണ് ഇന്ത്യയിലെ ഇതിന്റെ നിർമാണ ചുമതല വഹിക്കുന്നത്. ദക്ഷിണേന്ത്യയിൽ 'ഐ ഓർഗോ' എന്ന സ്ഥാപനമാണ് ഈ ഉത്പന്നം വിപണിയിലേക്ക് എത്തിക്കുന്നത്. 1 ലിറ്റർ ഇ എം ലായിനിക്ക് 500 രൂപയാണ് വിപണിയിലെ മൂല്യം. മേപ്പിൾ ഇ എം 1 എൻവോൺ മാലിന്യ സംസ്കരണ ആവശ്യങ്ങൾക്കും മേപ്പിൾ ഇ എം 1 ഹരിയാൽ  കാർഷിക  ആവശ്യങ്ങൾക്കും മേപ്പിൾ ഇ എം 1 അക്വമാജിക് മത്സ്യകൃഷി ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്.

അമോണിയയുടെ അളവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മത്സ്യങ്ങൾ വളർത്തുന്നവർക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. അമോണിയ ഒരു വിഷവാതകമാണെന്ന് അറിയാമല്ലോ. അമോണിയയുടെ അളവ് ക്രമാതീതമായി കൂടുമ്പോൾ മനുഷ്യരെപ്പോലെ തന്നെ മത്സ്യങ്ങളും പതിയെ മയക്കത്തിലേക്ക് പോവുകയും പിന്നീടവ ചത്ത് പോവുകയും ചെയുന്നു. ഇതിന്റെ അളവ് വെള്ളത്തിൽ എത്രതന്നെ വർദ്ധിച്ചാലും ആ വെള്ളത്തിന് ഒരു തരത്തിലുള്ള വ്യത്യാസവും കാണാൻ സാധിക്കുകയില്ല. ഇതിന്റെ അളവ് കൂടുന്നത് മൂലം മത്സ്യങ്ങൾ വെള്ളത്തിന് മുകളിലൂടെ വായ തുറന്ന് നീന്തുന്നത് നമുക്ക് കാണാൻ സാധിക്കുമെന്ന് മാത്രമല്ല അവയുടെ ചെകിളയുടെ വശങ്ങളിലും താഴെ ഭാഗത്തും ചുവപ്പു നിറം പ്രത്യക്ഷപ്പെടും. അമോണിയയുള്ള വെള്ളം നാലു ദിവസം കൂടുമ്പോഴേക്കും വെള്ളത്തിന് ചെറുതായി ഒരു ദുർഗന്ധം വന്നു തുടങ്ങും. അമോണിയയുടെ വർദ്ധനവ് ഹൈഡ്രജൻ സൾഫൈഡ് രൂപാന്തരണത്തിനു കാരണം ആവുന്നു. ചില സമയങ്ങളിൽ പടുത കുളത്തിൽ നിന്ന് വമിക്കുന്ന ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് ഇതാണ് കാരണം. അമോണിയയുടെ അളവ് എപ്പോഴും ക്രമപ്പെടുത്തുന്നത് അതായത് സീറോ അളവിൽ നിലനിർത്തുന്നതാണ് മത്സ്യങ്ങളുടെ ആരോഗ്യത്തിന് നല്ലത്. അമോണിയ ടെസ്റ്റ് ചെയ്യുന്ന കിറ്റ് ഇന്നെല്ലാ വെറ്റിനറി ഷോപ്പിലും ലഭ്യമാണ്. പടുത കുളത്തിലെ വെള്ളം ഒരു ടെസ്റ്റ് ട്യൂബിൽ 25 എം ൽ എടുത്തതിനു ശേഷം അമോണിയ റീഏജന്റ് 5 തുള്ളി അതിലേക്ക് ഒഴിക്കുക. അമോണിയ ഉള്ള വെള്ളം ആണെങ്കിൽ അതിനു നിറ വ്യത്യാസം കൈവരും. അമോണിയ ചാർട്ട് അനുസരിച്ചു ഈ നിറം വെച്ച് നോക്കുമ്പോൾ അമോണിയ എത്രത്തോളം വെള്ളത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം. ഉദാഹരണത്തിന് 1 ആണെങ്കിൽ ഇളം മഞ്ഞ നിറവും 2 ആണെങ്കിൽ കടുത്ത മഞ്ഞ നിറവും ആയിരിക്കും. അമോണിയ 1.5 ൽ കൂടിയാൽ അവയ്ക്ക് അത് വാസയോഗ്യം അല്ലെന്നു മാത്രമല്ല മീനുകൾ ചത്തുപൊങ്ങുന്ന ഒരു കാഴ്ച കൂടെ നമുക്ക് കാണേണ്ടി വരും. 0.5  തൊട്ട് ഒന്ന് വരെ അമോണിയ അടങ്ങിയിരിക്കുന്ന വെള്ളത്തിൽ മീനിട്ടാൽ അവയുടെ തൂക്കം കുറയുമെന്ന് കൂടി ഓർക്കുക. അമോണിയ കൂടുമ്പോൾ നൈട്രേറ്റും നിട്രേറ്റും കൂടുന്ന അവസ്ഥ സംജാതമാകും. മലിനജലം ആണ് അമോണിയ ഉണ്ടാവാനുള്ള പ്രധാന കാരണം. മത്സ്യങ്ങളുടെ തീറ്റ ചീയുന്നതും വിസർജ്യങ്ങൾ കെട്ടികിടക്കുന്നതും അമോണിയ വർദ്ധനവിന് കാരണമാവും. പലയിടങ്ങളിലും മത്സ്യക്കുളങ്ങളിലെ വെള്ളം പൂർണമായും കളഞ്ഞു പുതിയ വെള്ളം ചേർക്കുകയും അതിലേക്ക് കന്നുകാലികളുടെ ചാണകമോ മൂത്രമോ ചേർക്കുന്നതും കാണാം. ഇതൊരു പ്രയോഗ്യകരമായ രീതിയല്ല.

 

ഇ എം ലായിനി ഇതിനൊരു പരിഹാരമാർഗ്ഗമാണ്. ഇത് അമോണിയയുടെ അളവ് കുറക്കുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിട്ടുള്ളതാണ്. ഇതിലെ ഫോട്ടോസിന്തറ്റിക് ബാക്ടീരിയ വെള്ളത്തിന്റെ കണികകൾ വിഘടിപ്പിച് ഓക്‌സിജന്റെ അളവ് കൂട്ടുന്നു. അതു പോലെ തന്നെ ലാക്ടോബാസിലസ് എന്ന ബാക്ടീരിയ പി എച് മൂല്യം 6 -7 എന്ന രീതിയിൽ ക്രമപ്പെടുത്തുകയും ചെയുന്നു. ഹൈഡ്രജൻ സൾഫേറ്റ്, അമോണിയ  തുടങ്ങിയ വാതകങ്ങളെ വേറെ രൂപത്തിൽആക്കാനുള്ള സവിശേഷ കഴിവുണ്ട് ഈ ലായിനിക്ക്  മത്സ്യക്കുളത്തിലെ മാലിന്യങ്ങൾ പൂർണമായി മാറ്റാനും ചീഞ്ഞ മണം ഇല്ലാതാക്കുവാനും. ഈ ലായിനി ഉപയോഗപ്രദമാണ്. ഈ ലായിനി ഉപയോഗിച്ചാൽ മത്സ്യങ്ങളുടെ ദഹനം നല്ല രീതിയിൽ നടക്കുകയും തൂക്കവർദ്ധനവുമാണ് ഫലം. ഓക്‌സിജന്റെ അളവ് കൂടുന്നതിനാൽ കൂടുതൽ മത്സ്യങ്ങളെ നിക്ഷേപിക്കാൻ നമുക്ക് സാധിക്കും. ഇ എം ലായിനിയുടെ പ്രയോഗം 20  ലിറ്റർ വെള്ളത്തിലാണ്. 11 ലിറ്റർ ശുദ്ധജലത്തിൽ 1 കിലോ ശർക്കര 8 ലിറ്റർ വെള്ളത്തിൽ കലക്കി ശർക്കര ലായിനിയാക്കി ഇതിലേക്ക്  1 ലിറ്റർ ഇ എം ലായിനി ചേർത്ത് നന്നായി ഇളക്കുക. വായയുടെ മൂടി  ഭദ്രമായി അടച്ചു സൂക്ഷിക്കണം. ഇടക്കിടക്ക്  പാത്രം തുറന്ന് ഗ്യാസ് കളയേണ്ടത് അത്യന്താപേക്ഷിതമാണ്. ശർക്കര ഉപയോഗിക്കുന്നത് ബാക്റ്റീരിയയുടെ വർദ്ധനവിനാണ്. ഈ മിശ്രിതം സൂര്യപ്രകാശം ഏൽക്കാത്ത അതായത് 30 ഡിഗ്രി കൂടുതൽ ചൂട് അടിക്കാത്ത സ്ഥലത്തു വെക്കുക. ചൂട് അല്പം പോലും തട്ടാത്ത പാത്രം വേണം തിരഞ്ഞെടുക്കുവാൻ.  ഏകദേശം  10 -12 ദിവസം ആകുമ്പോൾ  തന്നെ പഴങ്ങൾ പഴുക്കുമ്പോൾ ഉണ്ടാവുന്ന മണം റൂമിൽ പരക്കുകയും,മിശ്രിതത്തിനു മുകളിൽ നേർത്ത പാട പോലെ  ആവരണം ഉണ്ടാവുകയും ചെയ്യുന്നു. ഈ ആവരണം  വരൂമ്പോൾ  നമുക്ക് തിരിച്ചറിയാം ഈ മിശ്രിതം ഉപയോഗിക്കാൻ പാകമായി എന്ന് . മൂന്ന് മാസം വരെ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.1000 ലിറ്ററിന് 100 ml എന്ന രീതിയിൽ ആഴ്ച്ചയിൽ ഉള്ള ഉപയോഗമാണ് നല്ലത്. ഇ എം ലായനി വീടുകളിലും നിർമിക്കാം. മൂന്ന് കിലോ വീതം നന്നായി പഴുത്ത പപ്പായ,മത്തങ്ങ,പാളയംകോടൻ പഴം എന്നിവ തൊലിയടക്കം മിക്സിയിൽ അരച്ച്എടുക്കുക. ഈ മിശ്രിതത്തിലേക്ക്  10 ലിറ്റർ വെള്ളവും  ഒരു  കോഴിമുട്ടയും  ഒരു കിലോ ശർക്കര കൂടി  ചേർത്ത് നന്നായി ഇളക്കുക. പത്രത്തിന്റെ  അടപ്പ് നന്നായി ചേർത്ത് അടച്ചു ചൂട് കൊള്ളാത്ത സ്ഥലത്തു വെക്കണം. ഇടയ്ക്കു ഗ്യാസ് തുറന്നു വിടാൻ മറക്കരുത്. 22 ദിവസം കഴിയുമ്പോൾ ഇതു ഉപയോഗിക്കാൻ സജ്ജമാകും.അമോണിയയുടെ അളവ് കുറക്കാൻ ഫലവത്തായ ഒരു രീതിയാണ് ഇത്.

ജലസസസ്യങ്ങൾ ഉപയോഗിച്ചും അമോണിയ കുറയ്ക്കാം. വാട്ടർ ക്യാബേജ്, ആമ്പൽ,താമര,പ്രത്യേകതരം കുളവാഴ എന്നിവ എല്ലാം നല്ലതാണ്. ജല സസ്യങ്ങൾക്ക് ഓർഗാനിക് നൈട്രേറ്റ് വലിച്ചെടുക്കാനുള്ള അതിസവിശേഷ  കഴിവുണ്ട്.  ആഴ്ത്തിൽ വേര് പോവുന്ന ആമ്പൽ,താമര പോലുള്ള സസ്യങ്ങൾ ആണ് ഏറ്റവും നല്ലത്. വാട്ടർ  ക്യാബേജ് ഉപയോഗിക്കുന്നത് മൂലം വെള്ളത്തിന്റെ പച്ച നിറം മാറിക്കിട്ടും എന്ന് മാത്രം അല്ല വെള്ളം ശുദ്ധമാവുകയും ചെയ്യും. പക്ഷെ ജലത്തിന് പച്ച നിറം നൽകുന്ന സൂക്ഷ്മ ജീവികൾ ഇല്ലാതാവുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയുന്നു. വാട്ടർ  ക്യാബേജ് ഇട്ടാൽ പകൽ സമയത്തു പോലും എയറേഷൻ നൽകേണ്ടി വരും. ഇതാണ്   വാട്ടർ  ക്യാബേജിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. ഇ എം ലയിനിയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയും ജലസസ്യങ്ങൾ നട്ടു പിടിപ്പിക്കുന്നതിലൂടെയും അമോണിയയുടെ അളവ് കുറക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷിക്ക് രണ്ട് ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും

English Summary: Two ways to reduce ammonia without changing the pond water

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds