സ്‌ഫടികപാത്രങ്ങളിലെ ജലദേശങ്ങളിൽ പാറി നടക്കുന്ന വർണ്ണ വിസ്‌മയങ്ങൾ... എണ്ണിയാൽ ഒടുങ്ങാത്ത നിറങ്ങളിൽ.. പല വലിപ്പങ്ങളിൽ.. ഒരിക്കലും മടുക്കാത്ത കാഴ്‌ചകളായി മനസ്സുകളെ ശാന്തരാക്കുന്നു അലങ്കാര മത്സ്യങ്ങൾ
ഗോൾഡ് ഫിഷ്
അലങ്കാര മത്സ്യങ്ങളെ ഓർമിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ചിത്രം ഗോൾഡ് ഫിഷിന്റെതാകും. വളരെ സൂക്ഷ്‌മമായ പരിചരണം ഇവർക്ക് ആവശ്യമാണ്. വെള്ളത്തിൻ്റെ പിഎച്ച് 6.5-7.5 ആയിരിക്കണം. ആമാശയം ഇല്ലാത്ത മീൻ ആയതിനാൽ ഇവർക്ക് തുടർച്ചയായി തീറ്റ കൊടുക്കുന്നത് ഒഴിവാക്കണം. നന്നായി തീറ്റ കഴിക്കുന്ന മത്സ്യം ആയതിനാൽ വെള്ളത്തിൽ വിസർജ്യം ധാരാളമായി ഉണ്ടാകും. അമോണിയയുടെ അളവ് വെള്ളത്തിൽ കൂടും. അതു കൊണ്ട് മൂന്നുദിവസം കൂടുമ്പോൾ വെള്ളം ഒഴുക്കി കളയണം. ടാങ്കിൻ്റെ വലിപ്പം അനുസരിച്ച് വേണം മീനുകളുടെ എണ്ണം.
ദിവസം രണ്ടു നേരം മീനുകൾക്ക് - തീറ്റ നൽകുക. കോമൺ ഗോൾഡ് ഫിഷ്, ഫാൻടയിൽ ഗോൾഡ് ഫിഷ്, ബ്ലാക്ക് മോർ ഗോൾഡ് ഫിഷ്, സെലസ്റ്റിയൽ ഐ ഗോൾഡ് ഫിഷ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന ഗോൾഡ് ഫിഷ് ഇനങ്ങൾ,
ഗപ്പികൾ
അലങ്കാര മത്സ്യങ്ങളിൽ തലമുറകളായി വർണ്ണത്തിലും തരത്തിലും ലോകമെമ്പാടും മുൻപിട്ടു നിൽക്കുന്നവരാണ് ഗപ്പികൾ. ഏത് പ്രതികൂല കാലാവസ്ഥയിൽ വളരും എന്നതിനാൽ തുടക്കക്കാർക്ക് അനുയോജ്യമായ അലങ്കാര മത്സ്യമാണ് ഗപ്പി. മിശ്രഭുക്കുകളായ ഇവർ മൈക്രോ പെല്ലറ്റുകളും ജീവനുള്ള തീറ്റയും കഴിക്കും. സാന്താക്ലോസ്, വൈറ്റ് മൊസൈക്. ആൽബിനോ കോയി, ടോക്സ്‌സിടോ കോയി, ബ്ലാക്ക് ലെയ്‌സ്, പ്ലാറ്റിനം വൈറ്റ് എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഇനങ്ങൾ. ജീവനുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയാണ് ഗപ്പികളുടെ പ്രജനനരീതി.
ബീറ്റ ഫിഷ് അഥവാ ഫൈറ്റർ മത്സ്യങ്ങൾ
ഗൗരാമി കുടുംബത്തിൽപ്പെട്ട അലങ്കാര മത്സ്യങ്ങളാണ് ബീറ്റാ മീനുകൾ. സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ എന്നും അറിയപ്പെടുന്ന ഇവ സ്വന്തം ഇടങ്ങൾ മറ്റൊരു മത്സ്യത്തിനായി വിട്ടുകൊടുക്കാത്ത യുദ്ധോത്സുകരാണ്. വിയറ്റ്നാം തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് സ്വദേശം. അടിസ്ഥാനപരമായി മാംസഭുക്കുകളാണ് ഇവ. അതു കൊണ്ടു തന്നെ മൃഗ മാംസ്യങ്ങൾ അടങ്ങിയ തീറ്റകളാണ് അനുയോജ്യം. അമിതാഹാരം ഈ മീനുകൾക്ക് പ്രശ്നമാകാറുണ്ട് അതു കൊണ്ട് തീറ്റ നൽകി മൂന്നു മുതൽ അഞ്ചു മിനിറ്റുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ മാറ്റി കളയണം.
ഒന്നോ രണ്ടോ ദിവസങ്ങൾ ആഹാരം കഴിക്കാതിരിക്കുന്നത് ഇവയുടെ ഭക്ഷണ രീതിയിൽ സ്വാഭാവികമാണ്. വൈറ്റ് ടൈൽ, ക്രൗൺ ടൈൽ,കോംപ് ടൈൽ, ഡബിൾ ടൈൽ, ഹാഫ് മുൺ, റോസ് ടൈൽ, ഫെതർ ടെയിൽ എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഇനങ്ങൾ.
എയ്ഞ്ചൽ മീനുകൾ
കേരളത്തിലെ അലങ്കാര മത്സ്യ ശേഖരത്തിലെ സ്വർഗീയ സുന്ദരികളാണ് തെക്കേ അമേരിക്കൻ സ്വദേശികളായ ഏഞ്ചൽ മത്സ്യങ്ങൾ. മിശ്രഭുക്കുകൾ ആണെങ്കിലും മാംസ അധിഷ്‌ഠിത ആഹാരമാണ് ഇവയ്ക്ക് പ്രിയം. ജീവനുള്ള മീൻ തീറ്റകളും ഇഷ്ടമാണ്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ടാങ്കിലെ വെള്ളം മാറ്റിനൽകണം. ഗോൾഡൻ സ്കെയിൽ ഏഞ്ചൽ,കോയി എയ്‌ഞ്ചൽ,ജെറ്റ് ബ്ലാക്ക് ഏഞ്ചൽ, കോമൺ മാർബിൾ ഏഞ്ചൽ ഗോസ്റ്റ് എയ്ഞ്ചൽ, പ്ലാറ്റിനം വൈറ്റ് ഏഞ്ചൽ,ബ്ലൂ എയ്ഞ്ചൽ എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഇനങ്ങൾ
Share your comments