മൂന്നു നാല് മഴകൾക്കു ശേഷം മഴക്കാലത്തിന്റെ തണുപ്പും ഈർപ്പവും നല്ലതുപോലെ അനുഭവപ്പെടുമ്പോൾ കുത്തിവയ്പ് നടത്തുന്നു. അന്തരീക്ഷത്തിലെ താപനില 27 സെന്റിഗ്രേഡിനും 30 സെന്റിഗ്രേഡിനും ഇടയ്ക്കായിരിക്കുകയും ആകാശം കാർമേഘങ്ങൾ കൊണ്ട് മൂടി ചെറിയ ചാറ്റൽ മഴ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് കുത്തിവയ്പ് നടത്താൻ ഏറ്റവും പറ്റിയ അവസരം. അബ്സൊല്യൂട്ട് ആൽക്കഹോളിൽ സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥികൾ പുറത്തെടുത്ത് ഒപ്പുകടലാസ്സിന്റെ മടക്കുകളിൽ വച്ച് നല്ലതുപോലെ ഉണക്കുന്നു. ആൺമൽസ്യങ്ങൾക്കും പെൺ മൽസ്യങ്ങൾക്കും കുത്തിവയ്ക്കുന്ന ഗ്രന്ഥിക്ക് പ്രത്യേകതയുണ്ട്.
പെൺമൽസ്യങ്ങൾക്ക് 1 കി. ഗ്രാം മൽസ്യശരീരത്തിന് അഞ്ചു മുതൽ പത്തു മില്ലിഗ്രാം എന്ന തോതിലും ആൺമൽസ്യങ്ങൾക്ക് രണ്ടു - അഞ്ചു മില്ലിഗ്രാം എന്നതോതിലുമാണ് ഗ്രന്ഥികൾ എടുക്കേണ്ടത്. ഇതുപ്രകാരം 22 കി. ഗ്രാം തൂക്കമുള്ള ഒരു പെൺമൽസ്യത്തിന് 1 കി. ഗ്രാമിന് ആറു മില്ലിഗ്രാം തോതിൽ 15 മില്ലിഗ്രാം ഗ്രന്ഥി ഉപയോഗിക്കണം. തൂക്കം കണ്ട ശേഷം വേണ്ടത്ര ഗ്രന്ഥികൾ ഒരു ടിഷ്യു ഹോമോജനൈസറിൽ (tissue homogeniser) ഇട്ട് നല്ല പോലെ അരയ്ക്കണം. അരഞ്ഞ ഗ്രന്ഥിയിലേക്ക് വാറ്റുജലം (distilled water) ഒഴിച്ച് ഹോർമോണുകൾ അതിൽ ലയിപ്പിക്കുന്നു. ഈ മിശ്രിതം ഒരു സെൻട്രിഫ്യൂഗിൽ (centrifuge) സെൻട്രിഫ്യൂഗ് ചെയ്ത് തിരിച്ചെടുക്കുമ്പോൾ ഖരപദാർഥങ്ങൾ അടിയിൽ അടിഞ്ഞ് തെളി ദ്രാവകം മുകളിൽ കിട്ടുന്നു. ഈ ദ്രാവകമാണ് കുത്തിവയ്പിനു ഉപയോഗിക്കുന്നത്.
കുത്തിവയ്പിന് ലായനി തയാറാക്കുമ്പോൾ ഉപയോഗിക്കുന്ന വാറ്റു ജലത്തിനും കണക്കുണ്ട്. പൊരുന്നു മൽസ്യത്തിന്റെ കിലോ ഒന്നിൽ 0.2 മി. ലിറ്ററിൽ കൂടുതൽ ജലം ഉപയോഗിക്കരുത്. ഒരു മൽസ്യത്തിന് കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന ലായിനി 1.0 മി. ലി. കൂടുകയും അരുത്. ഒരു പെൺമൽസ്യത്തിന് രണ്ട് ആൺമൽസ്യങ്ങൾ എന്ന തോതിലാണ് കുത്തിവയ്പ് നടത്തുന്നത്. പെൺമൽസ്യങ്ങളെക്കാൾ തൂക്കവും വലിപ്പവും കുറഞ്ഞ ആൺമൽസ്യങ്ങളെ ഉപയോഗിക്കുകയാണ് നല്ല ഫലം കിട്ടുവാൻ സഹായകമായിരിക്കുക.
രണ്ട് ആൺ മൽസ്യങ്ങളുടെ തൂക്കം പെൺമൽസ്യത്തിന്റെ തൂക്കത്തിന് സമമായാൽ ഉത്തമമായിരിക്കും. വെള്ളത്തിൽ മുക്കിപ്പിടിച്ച കവലകളിൽ നിന്ന് മൽസ്യങ്ങളെ കരയ്ക്കെടുത്ത് റബർകുഷനിൽ വച്ചശേഷം വേഗത്തിൽ കുത്തിവയ്പ് നടത്തുന്നു. മുതചിറകിനും വാലിനുമിടയ്ക്ക് മാംസളമായ ഉപരിഭാഗത്തു വേണം കുത്തിവയ്ക്കാൻ തുണി കൊണ്ടുണ്ടാക്കിയതും വെള്ളത്തിൽ മുക്കിവയ്ക്കാൻ കഴിയുന്നതു മായ ബ്രീഡിങ് ഹാപ്പ” എന്നറിയപ്പെടുന്ന അറകളിലേക്കാണ് കുത്തിവച്ച് മൽസ്യങ്ങളെ നീക്കം ചെയ്യുന്നത്. നാലു മുളക്കമ്പുകളുടെ സഹായത്താൽ ഹാപ്പ കുളത്തിൽ ഉറപ്പിക്കുന്നു. മുകൾ ഭാഗത്തുള്ള മൂടി തുറക്കാനും അടയ്ക്കാനും കഴിയുന്ന തരത്തിലുളളതാണ്.
മൽസ്യങ്ങളെ ഹാപ്പയിലിട്ടശേഷം മൂടി അടച്ചുകഴിഞ്ഞാൽ അവയ്ക്ക് പുറത്തേക്കു പോകാൻ കഴിയുകയില്ല കുത്തിവയ്പിനു ശേഷം ആറുമണി ക്കൂറുകൾക്കുള്ളിൽ മൽസ്യങ്ങൾ ഇണചേർന്നു മുട്ടയിടുന്നു. ആറുമണിക്കൂറിനു ശേഷവും അവ ഇണചേരുന്നില്ലെങ്കിൽ രണ്ടാമതൊരു കുത്തിവയ്പ് നടത്തേണ്ടിവരും. ലൈംഗികകാര്യങ്ങളിൽ പെൺമൽസ്യങ്ങൾ അൽപ്പം തണുത്ത മട്ടിലാണ്. മറ്റു ജന്തുവർഗങ്ങളിലും ഏറെക്കുറെ സ്ഥിതി ഇതുതന്നെ. അതിനാൽ അവയ്ക്കു വേണ്ടത്ര ലൈംഗികാവേശമുണ്ടാക്കുവാൻ പ്രചോദനമായി ഒരു കുത്തിവയ്പ്. ശരിയായ കുത്തിവയ്പിന് നാലു മണിക്കൂറുകൾക്കു മുൻപ് കൊടുക്കാറുണ്ട്. ശരീരതൂക്കത്തിന്റെ 1 കി. ഗ്രാമിന് 2-3 ഗ്രാം തോതിലാണ് ഇതിന് ഗ്രന്ഥി ഉപയോഗിക്കുന്നത്.
Share your comments