മഞ്ഞവരയൻ കൂരി സാധാരണ കൂരിയുടേതു പോലെ തന്നെയാണ്. തലയോട്ടിയുടെ പിറകുവശത്തുള്ള അസ്ഥി, മുതുകു ചിറകിന്റെ അടിസ്ഥാന അസ്ഥിയുമായി സമ്മുഖമാണ്. തലയോട്ടിയുടെ മധ്യഭാഗത്തുള്ള വഞ്ചിയുടെ ആകൃതിയിലുള്ള അവതലം ചെറുതാണ്. മാത്രമല്ല, ഈ അവതലം അവസാന അസ്ഥി വരെ എത്തുന്നുമില്ല.
നാലു ജോടി മീശരോമങ്ങളുണ്ട്. കവിൾക്കോണിൽ നിന്നും ഉത്ഭവിക്കുന്ന മീശരോമങ്ങൾക്ക് കാൽച്ചിറകിന് പിൻവശം വരെ നീളമുണ്ട്. വാൽച്ചിറക് കത്രികയുടേതിന് സമാനമാണ്. തരുണാസ്ഥി സമാനമായ രണ്ടാം മുതുകു ചിറക് ആദ്യ മുതുകു ചിറകിന്റെ പിന്നിൽ നിന്നും കുറച്ചകലെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രായവ്യത്യാസം വരുന്നതനുസരിച്ച് നിറം മാറിക്കൊണ്ടിരിക്കും. ശരിരത്തിന്റെ അടിസ്ഥാന നിറം സ്വർണ്ണനിറമാണ്. ഇതിൽ മങ്ങിയ നീല നിറത്തിലുള്ള 4-5 വരകൾ കാണാം. ചെകിളക്ക് സമീപമായി അണ്ഡാകൃതിയിലുള്ള കറുത്ത ഒരു പൊട്ടുകാണാം. ചിറകുകൾ സുതാര്യവും പ്രത്യേക നിറമൊന്നുമില്ലാത്തവയുമാണ്.
1797-ൽ ബ്ലോച്ച് എന്ന ശാസ്ത്രജ്ഞൻ തമിഴ്നാട്ടിൽ നിന്നും ആദ്യമായി കണ്ടെത്തിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വൈറ്റാറ്റസ്' എന്ന ലാറ്റിൻ പദത്തിനർത്ഥം വരയുള്ളത് എന്നാണ്. ഈ വംശനാമം ഈ കൂരിയുടെ കാര്യത്തിൽ തികച്ചും അർത്ഥവത്താണ്. കേരളത്തിൽ വളരെ അപൂർവ്വമായി കണ്ടു വരുന്ന മത്സ്യങ്ങളിൽ ഒന്നാണ് മഞ്ഞവരയൻ കൂരി, ജൂൺ-ജൂലൈ മാസങ്ങളിലാണ് ഇവയെ കാണുന്നത്. ഭക്ഷണത്തിനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്നു.
Share your comments