<
  1. News

1,000 റേഷൻ കടകൾ കെ-സ്റ്റോർ ആകും; മെയ് 14ന് തുറക്കും..കൂടുതൽ വാർത്തകൾ

റേഷൻ കടകളെ കെ സ്റ്റോറുകളാക്കി, ഇ പോസ് മെഷീനിനെയും ത്രാസിനെയും ബന്ധിപ്പിക്കുന്ന സംവിധാനത്തിന് ഇതോടെ തുടക്കമാകും.

Darsana J

1. കേരളത്തിൽ കെ- സ്റ്റോറുകൾ മെയ് 14ന് ഉദ്ഘാടനം ചെയ്യും. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി, ഇ പോസ് മെഷീനിനെയും ത്രാസിനെയും ബന്ധിപ്പിക്കുന്ന സംവിധാനത്തിന് ഇതോടെ തുടക്കമാകും. ഇതിനായുള്ള പ്രത്യേക ത്രാസുകൾ പൊതുവിതരണ വകുപ്പ് ലഭ്യമാക്കും. കെ സ്റ്റോറുകളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തെരഞ്ഞെടുത്ത കടകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ ശേഷം ആയിരം കടകളെ കെ സ്റ്റോറുകളാക്കി ഉയർത്തും. നിത്യോപയോഗ സാധനങ്ങൾ, പാചക വാതക സിലിണ്ടർ, ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയ സേവനങ്ങൾ റേഷൻ കടകളിലൂടെ സാധ്യമാക്കുന്ന പദ്ധതിയാണ് കെ-സ്റ്റോർ.

കൂടുതൽ വാർത്തകൾ: PM KISAN; പതിനാലാം ഗഡുവിനായി ഇപ്പോൾ അപേക്ഷിക്കാം..കൂടുതൽ വാർത്തകൾ

2. പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പാണ് ‘നാം മുന്നോട്ട്’ എന്ന പരിപാടി നിർമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

3. ആർദ്രം മിഷനിലൂടെ താലൂക്ക് തലം മുതൽ എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചേർത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂടുതൽ ശാക്തീകരിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക, സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നഗര ആരോഗ്യ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ ഏഴാം ഘട്ട പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി മായിത്തറ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് മന്ത്രിയുടെ വക കൈനീട്ടവും ചീരയും സമ്മാനിച്ചു.

5. കണ്ണൂരിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനിൽ ശ്രദ്ധ നേടുകയാണ് കയര്‍വകുപ്പിന്റെ സ്റ്റാളുകള്‍. കയര്‍ ഫെഡ്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകളാണ് എക്‌സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്. 13 രൂപയുടെ ചെടിച്ചട്ടി മുതല്‍ 10,000 രൂപയുടെ മെത്തകള്‍ വരെ സ്റ്റാളില്‍ ലഭ്യമാണ്. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിപണന സാധ്യതയുള്ളതും ഗുണമേന്മ കൂടിയതുമായ കയർ ഉൽപന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

6. സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ സാധ്യതകൾ തുറക്കുകയാണ് വ്യവസായ വകുപ്പ്. ഇതിനായി സെൽഫീ പോയിന്റ് എന്ന പേരിൽ പുതിയൊരു യുട്യൂബ് ചാനൽ ആരംഭിക്കാനൊരുങ്ങുകയാണ് സർക്കാർ. സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോസ് ചാനലിൽ അപ്ലോഡ് ചെയ്യാം. ചാനലിൻ്റെ പ്രമോഷൻ വ്യവസായവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തും. ഇതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം.

7. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഇടവിളകൃഷിയ്ക്കായി വിത്തുകൾ വിതരണം ചെയ്തു. പാനായിക്കുളം, മാളികം പീടിക എന്നിവിടങ്ങളിലെ കർഷകർക്കാണ് വിത്തുകൾ നൽകിയത്. ഇഞ്ചി, മഞ്ഞൾ, മധുരകിഴങ്ങ് എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്.

8. സപ്ലൈകോ വിഷു – റംസാന്‍ ഫെയറുകള്‍ക്ക് വയനാട്ടിൽ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ ഫെയറുകളില്‍ ലഭ്യമാകും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും. ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സ്പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 21 വരെ ഫെയറുകള്‍ പ്രവര്‍ത്തിക്കും.

9. മാമ്പഴ ഉൽപാദനത്തിൽ സൗദി അറേബ്യ സ്വയം പര്യാപ്തതയിലേക്ക്. രാജ്യത്തിനാവശ്യമായ മാമ്പഴത്തിന്റെ പകുതുയിലധികവും ഉൽപാദിപ്പിക്കുന്നത് സൗദിയിൽ തന്നെ. പരിസ്ഥിതി ജല കൃഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപതിലധികം ലോകോത്തര ഇനങ്ങളാണ് സൗദിയിൽ കൃഷി ചെയ്യുന്നത്. പ്രതിവർഷം 88,600 ടണ്ണിലധികം ഉൽപാദിപ്പിക്കുന്നു. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന വിവിധ കാർഷിക പദ്ധതികളാണ് ഉൽപാദനം ഉയർത്താൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ.

10. കേരളത്തിലെ 7 ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 2 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്നത്. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.

English Summary: 1,000 ration shops will be converted into K-stores in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds