1. കടൽത്തീരങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിക്കാനൊരുങ്ങി സൗദി അറേബ്യ. ചെങ്കടലിന്റെയും അറബിക്കടലിന്റെയും തീരങ്ങളിൽ 10 കോടി തൈകൾ നട്ടുപിടിപ്പിക്കാനാണ് സൗദിയുടെ ലക്ഷ്യം. ഇതിനകം 6 കോടി കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചു. 33 ലക്ഷത്തിലധികം തൈകളാണ് ജിസാനിലെ ചെങ്കടൽ തീരത്ത് നട്ടത്. പരിസ്ഥിതി സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്ന കണ്ടൽക്കാടുകൾ സാമ്പത്തികം, വിനോദ സഞ്ചാരം എന്നീ മേഖലകളിലും സൗദിയ്ക്ക് മുതൽക്കൂട്ടായി മാറും.
കൂടുതൽ വാർത്തകൾ: പച്ചരി കയറ്റുമതിയ്ക്ക് കേന്ദ്ര സർക്കാർ വിലക്ക്!!
2. കേരളത്തിൽ കാലവർഷം കനക്കുന്നു. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ നാളെ യെല്ലോ അലർട്ടിലായിരിക്കും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
3. ജനങ്ങൾക്ക് ആശ്വാസമായി വിപണിയിൽ തക്കാളി വില കുറയുമെന്ന് കേന്ദ്രം. കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൌബെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ തക്കാളി ഇറക്കുമതി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ സബ്സിഡി നിരക്കിൽ തക്കാളി വിൽക്കുന്നുണ്ടെന്നും ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Share your comments