തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാനത്തെ തീരദേശ മേഖലയിൽ വികസന പ്രവർത്തനങ്ങളുടെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും വേലിയേറ്റമാണ് ദൃശ്യമായതെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി.
തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഒൻപത് ജില്ലകളിലെ 31 മണ്ഡലങ്ങളിലായി പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഭൂതപൂർവ്വമായ വികസനപ്രവർത്തനങ്ങൾക്കാണ് മത്സ്യബന്ധന മേഖല സാക്ഷ്യം വഹിച്ചത്. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഒന്നാം പിണറായി വിജയൻ സർക്കാർ 783 കോടി രൂപ അടങ്കലിൽ 1792 റോഡുകൾ നിർമിക്കാൻ ഭരണാനുമതി നൽകി. ഇതിൽ 1551 റോഡുകൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. ഈ സർക്കാരിന്റെ കാലയളവിൽ 162.75 കോടി രൂപ ചെലവിൽ 307 റോഡുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 100 എണ്ണം പൂർത്തിയാവുകയും 104 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. ഇതിലുൾപ്പെട്ട 62 റോഡുകളാണ് ഏപ്രിൽ 20 ന് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തീരദേശ മേഖലയിൽ ഒട്ടേറെ മറ്റു വികസന പ്രവർത്തനങ്ങളും നടക്കുകയാണ്. കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട, 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിനായി 2450 കോടി രൂപ ചെലവിലുള്ള പുനർഗേഹം പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്.
ഭവനനിർമാണ പദ്ധതിയിൽ 15558 പേർക്ക് ആനുകൂല്യം അനുവദിച്ച് നൽകി. ഭൂമിയുള്ള, എന്നാൽ വീടില്ലാത്ത 5985 പേർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്തും 3650 പേർക്ക് ഈ സർക്കാരിന്റെ കാലയളവിലും ലൈഫ് പദ്ധതിയിൽ വീട് നിർമിച്ചു നൽകി. ഈ വർഷത്തെ ബജറ്റിൽ മത്സ്യത്തൊഴിലാളി മേഖലക്കായി 394.33 കോടി രൂപ നീക്കിവെച്ചത് ഗണ്യമായ വർധനയാണെന്ന് മന്ത്രി പറഞ്ഞു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിന് 10 പേർ വീതമുള്ള ഗ്രൂപ്പിന് 1.56 കോടി രൂപ വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മെയ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ബലവത്തായ എഫ്.ആർ.പി യാനത്തിലേക്ക് മാറ്റാൻ 320 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. നടപ്പു വർഷം 100 യൂണിറ്റുകൾ കൂടി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ്, കോവിഡ് എന്നിവ മൂലം തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 180 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഞ്ചിൻ വാങ്ങാൻ 30,000 രൂപ വീതവും വല വാങ്ങാൻ 10000 രൂപ വീതവും നൽകി.
മണ്ണെണ്ണയുടെ ലഭ്യതക്കുറവും വില വർധനയും കണക്കിലെടുത്ത് കൂടുതൽ സുലഭവും ആദായകരമായ പെട്രോൾ/ഡീസൽ/എൽ.പി.ജി എന്നിവയിലേക്ക് എഞ്ചിൻ മാറ്റാൻ 10 കോടി രൂപയുടെ സഹായം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
2758 മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കി. പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ ധനസഹായമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് തുക 10 ലക്ഷമായി വർധിപ്പിച്ചു.
മത്സ്യ തൊഴിലാളികളുടെ മക്കൾക്കായുള്ള സൗജന്യ മെഡിക്കൽ, സിവിൽ സർവീസ്, ബാങ്ക് പരീക്ഷാ പരിശീലന പദ്ധതിയായ 'വിദ്യാദീപം' പ്രയോജനപ്പെടുത്തി കേരളത്തിലെ തീരദേശത്ത് നിന്ന് 75 ഡോക്ടർമാർ ഉണ്ടായ കാര്യം അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. തീരദേശത്തെ പ്രശ്‌നങ്ങൾ കേൾക്കാനും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാനുമായി ഏപ്രിൽ 23 മുതൽ മെയ് 25 വരെ സംസ്ഥാനത്തെ 47 നിയമസഭാ മണ്ഡലങ്ങളിൽ തീരദേശ സദസ്സ് സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം ഏപ്രിൽ 23 ന് നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയിൽ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് സംസാരിച്ചു.
Share your comments