<
  1. News

9 വർഷത്തിനിടെ 17 കോടി എൽപിജി കണക്ഷൻ..കൂടുതൽ വാർത്തകൾ

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരമാണ് ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചതെന്നാണ് വിലയിരുത്തൽ

Darsana J

1. രാജ്യത്ത് കഴിഞ്ഞ 9 വർഷത്തിനിടെ പുതിയ എൽപിജി കണക്ഷൻ എടുത്തത് 17 കോടി ജനങ്ങൾ. 2014 ഏപ്രിലിൽ 14.52 കോടിയായിരുന്ന ഉപഭോക്താക്കളുടെ എണ്ണം 2023 മാർച്ച് ആയപ്പോൾ 31.36 ആയി വർധിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരമാണ് ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങൾക്ക് സൗജന്യമായി എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് 2016 മെയിൽ പ്രധാനമന്ത്രി ഉജ്വല യോജന ആരംഭിച്ചത്. പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്ക് 200 രൂപ വീതമാണ് സബ്സിഡി ലഭിക്കുക.

കൂടുതൽ വാർത്തകൾ: PM KISAN: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്കും അപ്ഡേറ്റ് ചെയ്യാം

2. റബ്ബർ കർഷകരെ സഹായിക്കുന്നതിൽ കേരള സർക്കാർ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 18ന് കോട്ടയത്ത് സംഘടിപ്പിച്ച റബ്ബർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ ഉത്പാദനം വർധിപ്പിച്ച് ഇറക്കുമതി കുറയ്ക്കാൻ റബ്ബർ ബോർഡിന് സാധിക്കട്ടെയെന്നും, റബ്ബർ മേഖലയ്ക്ക് മാത്രമായി 600 കോടി രൂപ ബജറ്റിൽ നീക്കിവയ്ക്കാൻ സാധിച്ചത് സർക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌ക്കരണത്തിന് പുതിയ പ്ലാന്റ് ഒരു വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ്. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ അഞ്ചിന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്നും കാലവര്‍ഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്നും എറണാകുളത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

4. മികച്ച സേവനം ഉറപ്പാക്കാൻ ആര്യനാട് പഞ്ചായത്തിൽ ഗ്രാമഭവനുകൾ വരുന്നു. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിക്കുന്നത്. യാത്രാക്ലേശം ഏറെ നേരിടുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് പദ്ധതി കൂടുതൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

5. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലയിൽ ശില്പശാല സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു.

6. 2022-23 സാമ്പത്തിക വർഷത്തിൽ കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4.57 കോടിയുടെ വികസനപ്രവർത്തനങ്ങൾ. മത്സ്യസമ്പത്ത് പരിപാലനം, സംരക്ഷണം, വർധന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്. പദ്ധതികളുടെ ഭാഗമായി 161.53 ഹെക്ടറിൽ ശുദ്ധജല മത്സ്യകൃഷി, 255 യൂണിറ്റ് പടുതാക്കുളങ്ങളിലെ മത്സ്യ കൃഷി, 375 യൂണിറ്റ് ബയോഫ്ളോക്ക് മത്സ്യകൃഷി, 96 യൂണിറ്റ് കൂട് മത്സ്യകൃഷി, 2500 ഹെക്ടറിൽ ഒരു നെല്ലും ഒരു മീനും പദ്ധതി എന്നിവ നടപ്പിലാക്കിയിട്ടുണ്ട്.

7. നാടിന്റെ പുരോഗതിയിൽ സഹകരണ മേഖലകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ. എറണാകുളം ഒക്കൽ സർവീസ് സഹകരണ ബാങ്ക് അഗ്രോ ഫുഡ്സ് മില്ലിന്റെ ശിലാസ്ഥാപനവും സാങ്കേതിക വിദ്യാധിഷ്ഠിത നൂതന കാർഷിക പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സഹകരണ മേഖലയിൽ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന പദ്ധതികൾ വിജയകരമായി പുരോഗമിക്കുകയാണെന്നും കാർഷിക മേഖലയ്ക്ക് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

8. കേരളത്തിൽ പച്ചക്കറിവില താഴുന്നു. വിഷുവിനോടനുബന്ധിച്ച് വെള്ളരി, മുളക്, ബീൻസ്, മുരിങ്ങ എന്നിവയുടെ വില വർധിച്ചിരുന്നു. എന്നാൽ കോട്ടയം ജില്ലയിൽ 68 രൂപയായിരുന്ന മുളകിന് 60 രൂപയും, മുരിങ്ങക്കായയ്ക്ക് 40 രൂപയും, 44 രൂപയായിരുന്ന ബീറ്റ്റൂട്ടിന് 40 രൂപയായും കുറഞ്ഞു. തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്തിരുന്നുവെങ്കിലും പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത മൂലം വിപണി പ്രതിസന്ധിയിലായില്ല.

9. കേരളത്തിൽ കശുവണ്ടിയുടെ വില ഇടിയുന്നു. 107 രൂപയായിരുന്ന 1 കിലോ കശുവണ്ടിയ്ക്ക് 97 രൂപയാണ് ഇപ്പോൾ വില. സർക്കാർ തറവില പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കശുവണ്ടി ഫാക്ടറി ഉടമകൾ പറയുന്ന വില നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചു. എന്നാൽ കശുവണ്ടി പരിപ്പിന് അന്താരാഷ്ട്ര വിപണിയിൽ നല്ല വില ലഭിക്കുന്ന സാഹചര്യത്തിലാണ് കർഷകർ ദുരിതം അനുഭവിക്കുന്നത്.

10. കേരളത്തിൽ കനത്തചൂട് തുടരുന്നു. വടക്കൻ കേരളത്തിൽ ഉടൻ മഴ ലഭിക്കില്ലെന്നാണ് സൂചന. എന്നാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് 1 മുതൽ മേയ് 30 വരെയാണ് വേനൽമഴ ലഭിക്കാൻ സാധ്യതയുള്ളത്. എന്നാൽ കണ്ണൂർ ജില്ലയിൽ ഇതുവരെ മഴ ലഭിച്ചിട്ടില്ല. ചൂട് ഉയരുന്ന സാഹചര്യത്തിൽ വടക്കൻ ജില്ലകളിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

English Summary: 17 crore LPG connections in 9 years in India

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds