എറണാകുളം: ഏഴര വർഷം കൊണ്ട് ലൈഫ് മിഷന് കീഴിൽ സംസ്ഥാനത്തൊട്ടാകെ 3,75,631 വീടുകൾ പൂർത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി വഴി നിർമ്മാണം പൂർത്തിയായ 50 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കരാർ ചെയ്തതും കൂടി ചേർക്കുമ്പോൾ 4,94,857 വീടുകളാണ് ലൈഫ് മിഷൻ വഴി യാഥാർത്ഥ്യമാകുന്നത്. മാർച്ച് മാസം കഴിയുന്നതോടെ ഇത് അഞ്ച് ലക്ഷത്തിൽ കൂടുതലാകും. ഇതുവരെ ലൈഫ് മിഷൻ പദ്ധതിക്കായി 17180 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 5000 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, 10000 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയും, ഹഡ്കോ വായ്പ വഴിയും സംസ്ഥാന സർക്കാരും നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 72000 രൂപ മാത്രമാണ് ഒരു വീട് നിർമ്മിക്കുന്നതിന് നൽകുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ നാലുലക്ഷം രൂപയാണ് ഒരു വീട് നിർമ്മാണത്തിന് നൽകി വരുന്നത്. ആദിവാസി വന മേഖലകളിൽ ഇത് ആറ് ലക്ഷം രൂപയാണ്. ഭവന നിർമ്മാണത്തിന് ഏറ്റവും ഉയർന്ന തുക നൽകുന്ന സംസ്ഥാനമാണ് കേരളം.
കെ.ചിറ്റപ്പിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ്മിഷനുമായി സഹകരിച്ച് ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ആയിരം പേർക്ക് ഭൂമി വാങ്ങുന്നതിന് 25 കോടി രൂപയാണ് ഇവർ വകയിരുത്തിയത്. ഇത്തരത്തിൽ സന്മനസ്സുള്ള പലരും മുന്നോട്ടു വരുന്നുണ്ട്. നമുക്ക് കിട്ടാനുള്ള അവകാശമായ 24000 കോടി രൂപയാണ് കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുന്നത്. അർഹമായ വിഹിതം കിട്ടുന്നതിനാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തടഞ്ഞു വച്ചിരിക്കുന്ന തുക കോടതിവിധിയിലൂടെ നമുക്ക് കിട്ടുന്ന സാഹചര്യത്തിൽ രണ്ടര വർഷം കൊണ്ട് അവശേഷിക്കുന്ന എല്ലാ ഭവന രഹിതർക്കും വീട് ഒരുക്കാൻ സാധ്യമാകും. സമ്പൂർണ്ണമായ ഭവനരഹിതർ ഇല്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
കുന്നുകര ഗ്രാമപഞ്ചായത്തിലെ 2017 ലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 50 കുടുംബങ്ങൾക്കാണ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചിരിക്കുന്നത്. കുന്നുകര ഗ്രാമപഞ്ചായത്ത്, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ശ്രീനാരായണ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായാണ് ഭൂമി വാങ്ങിയത്. സംസ്ഥാന സർക്കാർ, ത്രിതല പഞ്ചായത്തുകള്‍, ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍, അര്‍ജ്ജുന നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ്. എന്നിവരുടെ സഹായവും, ഹഡ്കോ വായ്പ തുകയും ഉപയോഗിച്ചാണ് ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
കല്ലോടി വീട്ടിൽ പീറ്റർ ദേവസിക്ക് താക്കോൽ കൈമാറിയാണ് ആദ്യ വീടിന്റെ താക്കോൽദാനം മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചത്. തുടർന്ന് കരിപ്പാകണ്ടത്ത് നൗഷാദിന്റെ വീട്ടിൽ പാല് കാച്ചി.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി എബ്രഹാം, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനാ ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്,കെ.ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്ലീഹ, അർജുന നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി പി.ജെ കുഞ്ഞച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
Share your comments