തീരസദസ്സ് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് 83,21,862 രൂപയുടെ ധനസഹായം കൈമാറി. തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയാണ് തീരസദസ്. തീരത്തെ കേൾക്കാൻ, ചേർത്തുപിടിക്കാൻ തീരസദസ്സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര, കോവളം, നേമം, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ്, വർക്കല തുടങ്ങി ഏഴ് തീരദേശ മണ്ഡലങ്ങളിലാണ് പരിപാടി നടന്നത്.
കൂടുതൽ വാർത്തകൾ: Kerala Chicken; കിട്ടാനുള്ള മൂന്നരക്കോടിയില്ല, നട്ടം തിരിഞ്ഞ് കോഴി കർഷകർ
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരും ജനപ്രതിനിധികളും തീരസദസിൽ പങ്കെടുത്തു. ജില്ലയിൽ നിന്നും ആകെ 7,602 അപേക്ഷകളാണ് ലഭിച്ചത്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്നും 2,430 അപേക്ഷകൾ ലഭിച്ചു. തീരസദസ്സിന്റെ ഭാഗമായി മണ്ഡലത്തിൽ 21,84,500 രൂപയുടെ ധനസഹായം നൽകി. വിവാഹ ധനസഹായമായി 60 ഗുണഭോക്താക്കൾക്ക് 6 ലക്ഷം രൂപ നൽകി. 7 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 4,19,500 രൂപയും അനുവദിച്ചു.
കോവളം മണ്ഡലത്തിൽ 2,206 അപേക്ഷകളാണ് ലഭിച്ചത്. വിവാഹ ധനസഹായമായി 48 ഗുണഭോക്താക്കൾക്ക് 4,80,000 രൂപയും, മരണാനന്തര ധനസഹായമായി 12 പേർക്ക് 1,80,000 രൂപയും, 6 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 4,32,500 രൂപയും ഉൾപ്പെടെ 10,92,500 രൂപയുടെ ധനസഹായം നൽകി.
നേമം മണ്ഡലത്തിൽ 4 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 4,14,887 രൂപ ഉൾപ്പെടെ 4,24,887 രൂപയുടെ ധനസഹായം തീരസദസ്സിൽ നൽകി. മണ്ഡലത്തിൽ നിന്നും അദാലത്തിൽ 30 അപേക്ഷകളാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തിൽ വിവാഹ ധനസഹായമായി 29 ഗുണഭോക്താക്കൾക്ക് 2,90,000 രൂപയും, മരണാനന്തര ധനസഹായമായി 21 പേർക്ക് 3,15,000 രൂപയും, 4 മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 3,84,625 രൂപയും ഉൾപ്പെടെ 9,89,625 രൂപയുടെ ധനസഹായം നൽകി.
കഴക്കൂട്ടം മണ്ഡലത്തിൽ വിവാഹ ധനസഹായമായി 4 ഗുണഭോക്താക്കൾക്ക് 40,000 രൂപയും, 5 സാഫ് വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 4,06,100 രൂപയും ഉൾപ്പെടെ 4,46,100 രൂപയുടെ ധനസഹായം അനുവദിച്ചു. ചിറയിൻകീഴ് മണ്ഡലത്തിൽ ഇൻഷുറൻസ് ധനസഹായമായി 3 പേർക്ക് 20,00,000 രൂപയും, വിവാഹ ധനസഹായമായി 30 ഗുണഭോക്താക്കൾക്ക് 3,00,000 രൂപയും, മരണാനന്തര ധനസഹായമായി 20 പേർക്ക് 3,00,000 രൂപയും, 7 സാഫ് വനിത മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 2,66,225 രൂപയും ഉൾപ്പെടെ 28,65,225 രൂപയുടെ ധനസഹായം നൽകി.
വർക്കല മണ്ഡലത്തിൽ വിവാഹ ധനസഹായമായി 14 ഗുണഭോക്താക്കൾക്ക് 1,40,000 രൂപയും, മരണാനന്തര ധനസഹായമായി അഞ്ച് പേർക്ക് 75,000 രൂപയും, 2 മത്സ്യതൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായമായി 1,04,025 രൂപയും ഉൾപ്പെടെ 3,19,025 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്. ഭവന സംബന്ധമായ പരാതികൾ, ലൈഫ് മിഷൻ, വീടിന്റെ ഉടമസ്ഥാവകാശം, പുനർഗേഹം, കെഎംഎഫ്ആർ ആക്ട് സംബന്ധമായ പരാതികൾ, വിഴിഞ്ഞം തുറമുഖ നഷ്ടപരിഹാരം, വിവിധ ധനസഹായ പദ്ധതികൾ, റേഷൻ കാർഡ്, പട്ടയം, റീസർവേ, ഇൻഷുറൻസ്, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണെണ്ണ പെർമിറ്റ്, മത്സ്യഫെഡ് സൊസൈറ്റി അഫിലിയേഷൻ, വൈദ്യുതി, കുടിവെള്ള കണക്ഷൻ, റോഡ് ടാറിംഗ് തുടങ്ങി 50ലധികം വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് തീരസദസിൽ മന്ത്രി പരിഗണിച്ചത്.
ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരസദസിൽ തന്നെ നടപടി എടുക്കുകയും മറ്റ് അപേക്ഷകൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഏപ്രിൽ 23ന് നെയ്യാറ്റിൻകരയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരസദസ്സ് ഉദ്ഘാടനം ചെയ്തത്.
Share your comments