പത്തനംതിട്ട: മലയോര മേഖലയിലെ കൈവശ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് കൈവശ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകര്‍ക്ക് അവര്‍ വൃക്ഷ വില അടച്ചു റിസര്‍വ് ചെയ്ത മരങ്ങള്‍ പോലും മുറിക്കുന്നതിന് അനുമതി വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാത്ത സ്ഥിതി എംഎല്‍എ സഭയില്‍ വിവരിച്ചു. ഇത് മൂലം കര്‍ഷകര്‍ വളരെ പ്രതിസന്ധിയില്‍ ആണെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇക്കാര്യത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത മായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കർഷകർക്ക് ആശ്വാസം! സഹകരണ വകുപ്പ് സംഭരിക്കും
1964 ന് ശേഷം എല്‍എ പട്ടയം ലഭിച്ച കര്‍ഷകര്‍ക്കാണ് പ്രധാനമായും പ്രതിസന്ധി ഉണ്ടായത്. അന്ന് പട്ടയത്തില്‍ ഒരു ചട്ടം വച്ചതാണ് തടസമായിരിക്കുന്നത്. ചട്ട പ്രകാരം പട്ടയം നല്‍കിയിരിക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ളതും ഇനി വളരുന്നതുമായ തേക്ക്, വീട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള പത്ത് ഇനം മരങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും.
ഒരു വര്‍ഷം മുമ്പ് മൂട്ടില്‍ മരം മുറി കേസ് വരുന്നത് വരെ പട്ടയത്തിലെ ഈ ചട്ടം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു വര്‍ഷം മുമ്പ് വരെ മരങ്ങള്‍ മുറിക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇവ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിന് വനം വകുപ്പ് പാസും നല്‍കിയിരുന്നു. മൂട്ടില്‍ മരം മുറി പ്രശ്‌നം വന്നതോടെയാണ് 1964 ന് ശേഷം നല്‍കിയ പട്ടയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചട്ടങ്ങള്‍ ഉയര്‍ന്നുവരുകയും കേരളത്തില്‍ ആകമാനം ഉള്ള എല്‍ എ പട്ടയം ഉടമകള്‍ക്ക് മരം മുറിക്കാന്‍ അനുമതി നിഷേധിക്കപ്പെടുകയും ചെയ്ത്. ഇത് മൂലം കര്‍ഷകര്‍ വലിയ ആശങ്കയില്‍ ആയിരുന്നു. ഈ വിവരങ്ങളാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സബ്മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
Share your comments